ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകി, ഡലിവറി ബോയിയുടെ മുഖത്തേയ്ക്ക് യുവതി ചൂടുള്ള ഭക്ഷണം വലിച്ചെറിഞ്ഞത് കൊല്ലത്ത് കേസായി
കൊല്ലം:വിശന്നാല്‍ ഭ്രാന്താവുന്നവരുണ്ടോ, ഇല്ലെങ്കില്‍ എത്രമാത്രം അഹങ്കാരം ഉണ്ടായിട്ടാവും ഈ പ്രവര്‍ത്തി ചെയ്തത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയെന്ന് ആരോപിച്ച് സ്വിഗ്ഗി ഡലിവറി ബോയിയുടെ മുഖത്തേയ്ക്ക് ചൂടുള്ള ഭക്ഷണം യുവതി വലിച്ചെറിഞ്ഞത് കൊല്ലത്ത് കേസായി.
ലാബ് ടെക്നീഷ്യനായ യുവതിയാണ് സ്വിഗ്ഗി ഡെലിവറി ബോയിയുടെ മുഖത്തേയ്ക്ക് ഭക്ഷണം വലിച്ചെറിഞ്ഞത്. സംഭവത്തില്‍ കിഴക്കേക്കല്ലട സ്വദേശി സുമോദ് എസ് ആനന്ദ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറിയില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക ലാബ് ടെക്നീഷ്യനായ അഞ്ജുവിനെതിരെയാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്. ഭക്ഷണം എത്തിക്കാന്‍ മിനിറ്റുകള്‍ മാത്രമാണ് വൈകിയതെന്ന് സുമോദ് പറയുന്നു. ചില്ലി ചിക്കനും പൊറോട്ടയുമാണ് ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണമെത്തിച്ച വിവരം പറഞ്ഞ് വിളിച്ചപ്പോള്‍ ‘കൊണ്ടുപോയി കാട്ടില്‍ കളയാന്‍’ പറഞ്ഞ് ദേഷ്യപ്പെട്ടു.
തുടര്‍ന്ന് യുവതി ജോലി ചെയ്യുന്ന സ്ഥലത്തെത്തി ഭക്ഷണം എത്തിച്ച് പുറത്തേയ്ക്കിറങ്ങുമ്‌ബോള്‍ ഭക്ഷണം ദേഹത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തില്‍ പബ്ലിക്ക് ലബോറട്ടറി ഓഫീസര്‍ക്കും സുമോദ് പരാതി നല്‍കിയിട്ടുണ്ട്.
വിരമിക്കുന്ന പോലീസുദ്ദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി
കൊല്ലം.മികച്ച സേവനത്തിന് ശേഷം ഈ മാസം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പോലീസ് സേനാംഗങ്ങള്‍ക്ക് സഹപ്രവര്‍ത്തകര്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെയും കേരള പോലീസ് അസോസിയേഷന്‍റെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
കൊല്ലം സിറ്റിയിലെ വിവിധ പോലീസ് യൂണിറ്റുകളില്‍ നിന്നും വിരമിക്കുന്ന സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ഡനിയല്‍.ജി, നാസര്‍.എ, സുഗതന്‍ ആര്‍, ഹര്‍ഷന്‍.സി എന്നിവര്‍ക്കാണ് പോലീസ് സംഘടനകളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത്. കെ.പി.ഒ.എ കൊല്ലം സിറ്റി ജില്ലാ പ്രസിഡന്‍റ് ആര്‍. ജയകുമാറിന്‍റെ അധ്യക്ഷതയില്‍ കൊല്ലം പോലീസ് ക്ലബ്ബിലെ ഹാളില്‍ ചേര്‍ന്ന യാത്രയപ്പ് സമ്മേളനം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍.റ്റി. ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വച്ച് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മൊമെന്‍റോയും അനുമോദന പത്രവും സിറ്റി പോലീസ് കമ്മീഷണര്‍ നല്‍കി. കെ.പി.ഒ.എ സിറ്റി ജില്ലാ സെക്രട്ടറി എം. ബദറുദ്ദീന്‍ സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ അഡീ.എസ്.പി. ജോസി ചെറിയാന്‍, അസിസ്റ്റന്‍റ് കമ്മീഷണര്‍ സോണി ഉമ്മന്‍ കോശി., കെ.പി.ഒ.എ സംസ്ഥാന നിര്‍വ്വഹക സമിതിയംഗം കെ.സുനി, കെ.പി.എ ജില്ലാ പ്രസിഡന്‍റ് വിജയന്‍.എല്‍, കെ.പി.ഒ.എ ഭാരവാഹികളായ ജെ.തമ്പാന്‍, ലാലൂ. പി, ജിജൂ സി നായര്‍. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിരമിക്കുന്ന സേനാംഗങ്ങളുടെ മറുപടിക്ക് ശേഷം കെ.പി.എ ജില്ലാ സെക്രട്ടറി എസ്. ഷഹീര്‍ കൃതഞ്ജത രേഖപ്പെടുത്തി.
കരുനാഗപ്പള്ളി നഗരസഭക്ക് ആര്‍ദ്രകേരളം പുരസ്‌കാരം
കരുനാഗപ്പള്ളി.ആരോഗ്യമേഖലയിലെ വേറിട്ട പ്രവര്‍ത്തനത്തിന് കരുനാഗപ്പള്ളി നഗരസഭക്ക് ആര്‍ദ്രകേരളം പുരസ്‌കാരം. സംസ്ഥാന തലത്തില്‍ മൂന്നാംസ്ഥാനമാണ് നഗരസഭക്ക്.മൂന്നുലക്ഷം രൂപയാണ് അവാര്‍ഡ് തുക. നഗരസഭയിലെ ഗ്രാമീണ നഗരമേഖലകളെ മുന്നില്‍കണ്ട് നടപ്പാക്കിയ പദ്ധതികളാണ് അംഗീകാരം നേടിയതെന്ന് അധികൃതര്‍ പറഞ്ഞു.
കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ നടപ്പാക്കുന്ന വികസന പദ്ധതികളും അര്‍ബന്‍പിഎച്ച്‌സിയുടെ പ്രവര്‍ത്തന വിപുലീകരണ പആയൂര്‍വേദ ഹോമിയോ ചികില്‍സാ രംഗത്തെ ഇടപെടലുകളും അംഗീകാരകത്തിന് കാരണമായി.കോവിഡ് പ്രതിരോധത്തിന് നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
രോഗവ്യാപനം രൂക്ഷമായഘട്ടത്തില്‍ സാമൂഹികഅടുക്കളയുടെപ്രവര്‍ത്തനം വ്യാപിപ്പിച്ചു.രോഗബാധിതരായമുഴുവന്‍ആളുകളുടെയും വീടുകളില്‍ഭക്ഷണം അടക്കം എല്ലാ സഹായവും എത്തിച്ചു. കോഴിക്കോട് ഫിഷറീസ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും കരുനാഗപ്പള്‌ളി ഗവ ഹയര്‍സെക്കന്‍ഡറിസ്‌കൂളില്‍ നിരീക്ഷണ കേന്ദ്രവും തുടങ്ങി ആര്‍ദ്രഅവാര്‍ഡിന് സഹായിച്ച ആശാ അങ്കണവാടി പ്രവര്‍ത്തകര്‍,ആശുപത്രി ജീവനക്കാര്‍,നഗരസഭാജീവനക്കാര്‍,കൗണ്‍സിലര്‍മാര്‍ എന്നിവരോട് നന്ദി പറയുന്നതായി ചെയര്‍മാന്‍കോട്ടയില്‍ രാജു ആരോഗ്യസ്ഥിരം സമിതിഅധ്യക്ഷ -ാേ.പി.മീന എന്നിവര്‍ അറിയിച്ചു.
പ്രതിഭാ സംഗമം
പന്മന.ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിലെ എൻ.എസ്.എസ്. യൂണിറ്റ് പ്രതിഭാ സംഗമം സംഘടിപ്പിച്ചു. യൂണിയൻ ഭാരവാഹികളെയും കലാപ്രതിഭകളെയും ആദരിച്ചു. ഡോ.എ.ഷീലാകുമാരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഡോ.സുജിത് വിജയൻ പിള്ള എം എൽ എ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ.ബി.മുരളികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പോഗ്രാം ഓഫീസർ ഡോ.കെ.ബി.ശെൽവ മണി, അശ്വതി ചന്ദ്രൻ ,അലൻ പി മോഹൻദാസ് എന്നിവർ സംസാരിച്ചു.
പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് പോക്സോ പ്രകാരം അറസ്റ്റില്‍
തൃക്കടവൂര്‍.വിദ്യാലയത്തില്‍ നിന്നും മടങ്ങിയ പതിനാല്കാരിയെ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. കുരീപ്പുഴ ഉപ്പേരി കോളനിയില്‍ വിളയില്‍ കിഴക്കതില്‍ വീട്ടില്‍ സജു മകന്‍ സിജു (ജിത്തു,19) ആണ് പോലീസ് പിടിയിലായത്. വിദ്യാലയത്തിലേക്ക് പോകുന്ന പെണ്‍കുട്ടിയെ ഇയാളും സുഹൃത്തും ചേര്‍ന്ന് നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു.
വിദ്യാലയത്തില്‍ നിന്നും മടങ്ങിയ വിദ്യാര്‍ത്ഥിനിയെ ഡ്യൂക്ക് ബൈക്കില്‍ പിന്തുടര്‍ന്ന് ഇയാളും സുഹൃത്തും ചേര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒരു ദിവസം ബൈക്ക് മുന്നില്‍ കുറുകേ നിര്‍ത്തി പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഘത്തിലുള്‍പ്പെട്ട ആദര്‍ശ് എന്നയാളെ മുന്‍പ് പോലീസ് പിടികൂടിയിട്ടുണ്ട്
. അഞ്ചാലുമ്മൂട് ഇന്‍സ്പെക്ടര്‍ ദേവരാജന്‍. സി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്, ഷബ്നാ.എം, ലഗേഷ്കുമാര്‍, എ.എസ്.ഐ ഓമനക്കുട്ടന്‍, സി.പി.ഒ രാജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.
ശൂരനാട് വടക്ക് പഞ്ചായത്തിൽ ഗാന്ധി പ്രതിമ അനാവരണം ചെയ്തു
ശാസ്താംകോട്ട : ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ഗാന്ധി പ്രതിമ അനാവരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ പ്രതിമ അനാവരണം ചെയ്ത് നാടിന് സമർപ്പിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ സുനിത ലത്തീഫ്,ഗംഗാദേവി,മിനി സുദർശൻ,ദിലീപ് അഞ്ജലി നാഥ് , ശ്രീലക്ഷ്മി,സൗമ്യ,ജെറീന മൻസൂർ, സമദ്,പഞ്ചായത്ത് സെക്രട്ടറി സംഗീത സി.ആർ എന്നിവർ പങ്കെടുത്തു.