ചവറ. പൊതുവിപണിയില്‍ ലഭ്യമല്ലാത്ത 3370 കിലോഗ്രാം ഗോതമ്പ് കടത്തുന്നതിനിടെ ചവറ പോലീസ് പിടികൂടി. ചവറ കരുനാഗപ്പളളി മേഖലകളിലെ റേഷന്‍ വ്യാപാരത്തിന് എത്തിച്ച ഗോതമ്പിലെ ഒരു ഭാഗമാണ് പോലീസ് പിടികൂടിയത്.
റേഷന്‍ ഗോതമ്പ് കടത്താന്‍ ശ്രമിച്ച ചവറ വട്ടത്തറ കൊച്ചുമുക്കടയില്‍ വീട്ടില്‍ മുബാറക്ക് (27) എന്നയാളെ പോലീസ് പിടികൂടി. ചവറ കുറ്റവട്ടത്തിന് കിഴക്ക് പാമോയില്‍ ജംഗ്ഷന് സമീപം ഇട റോഡിലൂടെ അസമയത്ത് വന്ന ലോറിയാണ് പോലീസ് പിടികൂടിയത്.
ഇതില്‍ നിന്നും 66 ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന ഗോതമ്പും വിവിധ ബ്രാന്‍റ് പേരുകളുളള നൂറോളം കാലിചാക്കുകളും പോലീസ് പിടികൂടി. റേഷന്‍ ഗോതമ്പ് കടത്താനുപയോഗിച്ച കെ.എല്‍. 23 സി 3274 നമ്പര്‍ ലോറിയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. സിവില്‍ സപ്ലേസ് ഉദ്ദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഗോതമ്പിനെ സംബന്ധിച്ച് പരിശോധന നടത്തി വരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
ചവറ ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്. ഐമാരായ നൗഫല്‍, മദനന്‍, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ തമ്പി, ബിജൂ എന്നവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.