കരുനാഗപ്പള്ളിയില്‍ മൂന്നു കോടി വിലവരുന്ന സ്വർണ്ണം പിടിച്ചു

Advertisement

കരുനാഗപ്പള്ളി . ജിഎസ്ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുവന്ന മൂന്നുകോടിയോളം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളി ജിഎസ്ടി മൊബൈൽ സ്‌ക്വാഡ് പിടികൂടി.
മൊത്തം 6.410 കിലോ സ്വർണാഭരണങ്ങളാണ് പിടിച്ചത്. തൃശൂരിൽ നിന്നും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വിൽപ്പനയ്ക്കായാണ് സ്വർണം കൊണ്ടുവന്നത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് 18.75 ലക്ഷം രൂപാ പിഴ ഈടാക്കി സ്വർണം ഉടമയ്ക്ക് വിട്ടുനൽകി. ഉടമ ഹൈക്കോടതിയെയും ജിഎസ്ടി അപ്പലേറ്റ് അതോറിറ്റിയെയും സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ഇതെതുടർന്നാണ് പിഴ നൽകി സ്വർണാഭരണങ്ങൾ തിരികെ വാങ്ങിയത്.
2021-22 സാമ്പത്തിക വർഷം കരുനാഗപ്പള്ളി ജിഎസ്ടി. സ്‌ക്വാഡ് 24 കേസുകളിലായി 11 കോടി രൂപാ വിലവരുന്ന 22 കിലോ സ്വർണാഭരണങ്ങളാണ് പിടികൂടിയത്. നികുതി, പിഴ, ഫൈൻ എന്നീ ഇനങ്ങളിലായി 1.05 കോടി രൂപാ ഈടാക്കി. 2020-21 സാമ്പത്തിക വർഷം 41 കേസുകളിലായി 15.33 കോടി രൂപ വിലവരുന്ന 32 കിലോ സ്വർണാഭരണങ്ങളാണ് പിടിച്ചത്.

നികുതിയും പിഴയും മറ്റുമായി 1.25 കോടി രൂപയും ഈടാക്കിയിരുന്നു. പിഴ അടയ്ക്കാത്തതിനാൽ ജിഎസ്ടി നിയമ പ്രകാരം നാലുകിലോ സ്വർണാഭരണങ്ങളും അവ കടത്താൻ രണ്ടുകാറുകളും കണ്ടുകെട്ടിയിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ (ഇന്റലിജൻസ്) എസ് രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർമാരായ ബി രാജേഷ്, എസ് രാജേഷ് കുമാർ, ബി രാജീവ്, ടി രതീഷ്, ഇ ആർ സോനാജി, ഷൈല, പി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.


കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, കൊല്ലം, ഭരണിക്കാവ്, കുണ്ടറ, അടൂർ എന്നിവിടങ്ങളിൽ നടത്തിയ വാഹനപരിശോധനയ്ക്കിടയിലും കൊല്ലം, കരുനാഗപ്പള്ളി, കായംകുളം റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ നിരീക്ഷണത്തിലുമാണ് ഇത്രയും സ്വർണാഭരണങ്ങള്‍ പിടികൂടിയത്. ജിഎസ്ടി എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് കമ്മീഷണർ കെ സുരേഷ്, ഇന്റലിജന്റ് ജോയിന്റ് കമ്മീഷണർ കിരൺ ലാൽ, കൊല്ലം ഡെപ്യൂട്ടി കമ്മീഷണർ (ഇന്റലിജന്റ്‌സ്) എച്ച് ഇർഷാദ് എന്നിവരുടെ നിർദേശപ്രകാരമായിരുന്നു പരിശോധനകൾ.