മയക്ക്മരുന്ന് വില്‍പ്പനക്കാരനായ കൊടുംകുറ്റവാളിയെ കാപ്പാ ചുമത്തി ജയിലിലടച്ചു
കൊല്ലം .മദ്യം, മയക്ക്മരുന്ന് അടിപിടി കേസുകളില്‍ ഉള്‍പ്പെട്ട കൊടും കുറ്റവാളിയെ കാപ്പാ ചുമത്തി ജയിലിലടച്ചു. പരവൂര്‍ വില്ലേജില്‍ കുറുമണ്ടല്‍ പൂക്കുളം സുനാമി കോളനി ഫ്ളാറ്റ് നമ്പര്‍ ഏഴ്, വീട് നമ്പര്‍ 60 ല്‍ കലേഷ് (30) എന്നയാളാണ് കാപ്പാ പ്രകാരം പിടിയിലായത്.
പരവൂര്‍, കൊട്ടിയം, പളളിത്തോട്ടം, ശക്തികുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മയക്ക്മരുന്ന് കേസുകളിലും അടിപിടി കേസുകളിലും ഉള്‍പ്പെട്ടയാളാണ് ഇയാള്‍. പരവൂര്‍ കുറുമണ്ടല്‍ സുനാമി കോളനിക്ക് സമീപം നിന്നും 1.100 കിലോ ഗ്രാം ഗഞ്ചാവുമായി പിടിയിലായതിന് കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷച്ചതില്‍ അപ്പീല്‍ കാലയളവില്‍ നില്‍ക്കുന്ന സമയമാണ് ഇയാളില്‍ നിന്നും 4.860 കിലോഗ്രാം ഗഞ്ചാവ് പിടികൂടിയത്.
ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കാപ്പാ ചുമത്തിയത്. കൊല്ലത്തെ വിവിധ പോലീസ്, എക്സൈസ്സ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ മയക്ക് മരുന്ന് വ്യാപാരത്തിനും, കവര്‍ച്ചയ്ക്കും, അനഃധികൃത ചാരയ നിര്‍മ്മാണത്തിനും, സ്ത്രീകള്‍ക്കെതിരെയുളള അതിക്രമത്തിനും അടിപിടിക്കുമായി 16 ഓളം കേസുകള്‍ നിലവിലുണ്ട്. വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ കോടതി ഇയാളെ ശിക്ഷിച്ചിട്ടുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഗഞ്ചാവ് വില്‍പ്പന നടത്തിയതിന് ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരവും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
നിരന്തരം കൂടിയ അളവില്‍ ഗഞ്ചാവ് കടത്തി വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമടക്കം വിതരണം ചെയ്യുന്ന ഇയാളെ മുമ്പ് ഒരു തവണ കാപ്പ ചുമത്തി ജയിലിലാക്കിയിട്ടുണ്ട്. വീണ്ടും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നതിനെ ഏര്‍പ്പെട്ടതിനാലാണ് ഇയാള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിതുടര്‍ന്ന് കാപ്പാ ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ. അശോക കുമാര്‍, ചാത്തന്നൂര്‍ എ.സി.പി ബി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരവൂര്‍ ഇന്‍സ്പെക്ടര്‍ എ.നിസാര്‍ എസ്.ഐമാരായ നിതിന്‍ നളന്‍, പ്രദീപ്.പി എ.എസ്.ഐ രമേഷ് എസ്.സി.പി.ഒ മുഹമ്മദ് ഷാഫി, സി.പി.ഒമാരായ സായിറാം, ലിജൂ എന്നിവരടങ്ങിയ സംഘമാണ് കലേഷിനെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എയ്ഡഡ് സ്കൂൾ മിനിസ്റ്റിരിയൽ സ്റ്റാഫ് അസോസിയേഷന്‍
കായംകുളം.പങ്കാളിത്തപെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് എയ്ഡഡ് സ്കൂൾ മിനിസ്റ്റിരിയൽ സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഈ സമ്മേളനത്തിൽ വെച്ച് എ.രാജേഷ് കുമാർ സംസ്ഥാന പ്രസിഡന്റ് ആയും ജി. പി പ്രശോഭ് കൃഷ്ണൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ജില്ലയിൽ നിന്നുള്ള സെക്രട്ടറിമാരായി കണ്ണൻ സി എസ്സിനേയും തേവലക്കര ഹരിയേയും തിരഞ്ഞെടുക്കുകയും ചെയ്തു.
മൂന്നു കോടിയോളം വിലവരുന്ന സ്വർണ്ണം പിടിച്ചു
കരുനാഗപ്പള്ളി . ജിഎസ്ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുവന്ന മൂന്നുകോടിയോളം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളി ജിഎസ്ടി മൊബൈൽ സ്‌ക്വാഡ് പിടികൂടി.
മൊത്തം 6.410 കിലോ സ്വർണാഭരണങ്ങളാണ് പിടിച്ചത്. തൃശൂരിൽ നിന്നും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വിൽപ്പനയ്ക്കായാണ് സ്വർണം കൊണ്ടുവന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് 18.75 ലക്ഷം രൂപാ പിഴ ഈടാക്കി സ്വർണം ഉടമയ്ക്ക് വിട്ടുനൽകി. ഉടമ ഹൈക്കോടതിയെയും ജിഎസ്ടി അപ്പലേറ്റ് അതോറിറ്റിയെയും സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ഇതെതുടർന്നാണ് പിഴ നൽകി സ്വർണാഭരണങ്ങൾ തിരികെ വാങ്ങിയത്.
2021-22 സാമ്പത്തിക വർഷം കരുനാഗപ്പള്ളി ജിഎസ്ടി. സ്‌ക്വാഡ് 24 കേസുകളിലായി 11 കോടി രൂപാ വിലവരുന്ന 22 കിലോ സ്വർണാഭരണങ്ങളാണ് പിടികൂടിയത്. നികുതി, പിഴ, ഫൈൻ എന്നീ ഇനങ്ങളിലായി 1.05 കോടി രൂപാ ഈടാക്കി. 2020-21 സാമ്പത്തിക വർഷം 41 കേസുകളിലായി 15.33 കോടി രൂപ വിലവരുന്ന 32 കിലോ സ്വർണാഭരണങ്ങളാണ് പിടിച്ചത്. നികുതിയും പിഴയും മറ്റുമായി 1.25 കോടി രൂപയും ഈടാക്കിയിരുന്നു. പിഴ അടയ്ക്കാത്തതിനാൽ ജിഎസ്ടി നിയമ പ്രകാരം നാലുകിലോ സ്വർണാഭരണങ്ങളും അവ കടത്താൻ രണ്ടുകാറുകളും കണ്ടുകെട്ടിയിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ (ഇന്റലിജൻസ്) എസ് രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർമാരായ ബി രാജേഷ്, എസ് രാജേഷ് കുമാർ, ബി രാജീവ്, ടി രതീഷ്, ഇ ആർ സോനാജി, ഷൈല, പി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
സ്വകാര്യ ബസ്സില്‍ മോഷണം അന്യസംസ്ഥാനക്കാരായ രണ്ട് യുവതികളെ പോലീസ് പിടികൂടി
കൊല്ലം.നഗരത്തിലെ സ്വകാര്യ ബസില്‍ മോഷണം നടത്തിയ അന്യസംസ്ഥാനക്കാരികളായ യുവതികളെ പോലീസ് പിടികൂടി. ഇളമ്പളളൂര്‍ അമ്മച്ചിവീട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. കോയമ്പത്തൂര്‍ റെയില്‍വേ കോളനിയില്‍ 24/എ യില്‍ ദേവി മകള്‍ കൗസല്യ (22), റെയിന്‍ബോ കോളനിയില്‍ കറുപ്പന്‍ ഭാര്യ ഭവാനി (28, ശാന്തി) എന്നിവരാണ് പിടിയിലായത്.
ഇളംമ്പള്ളൂരില്‍ നിന്നും കൊല്ലത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്ത സരസ്വതി, റഷീദ എന്നീ സ്ത്രീകളുടെ സ്വര്‍ണ്ണമാലകള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് ഇവര്‍ പിടിയിലായത്. കടപ്പാക്കട വച്ച് സ്വര്‍ണ്ണമാല നഷ്ടപ്പെട്ട സരസ്വതി ബസില്‍ കരഞ്ഞ് നിലവിളിച്ചതിനെ തുടര്‍ന്ന് അടുത്തിരുന്ന റഷീദയുടെ മാലയും നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടു.
ഈ സമയം ശങ്കേഴ്സ് ആശുപത്രി ജംഗ്ഷനില്‍ എത്തിയ ബസില്‍ നിന്നും പ്രതികളായ സ്ത്രീകള്‍ തിടുക്കപ്പെട്ട് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. സംശയം തോന്നിയ യാത്രക്കാരായ സ്ത്രീകളും ബസ് ജീവനക്കാരും ചേര്‍ന്ന് ഇവരെ തടഞ്ഞ് വച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്ത് എത്തിയ പിങ്ക് പോലീസും കൊല്ലം ഈസ്റ്റ് പോലീസും ചേര്‍ന്ന് ഇവരെ സ്റ്റേഷനിലേക്ക് മാറ്റി പൊട്ടിയ സ്വര്‍ണ്ണമാലകള്‍ പോലീസ് കണ്ടെടുത്തു. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്.ആറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ബാലചന്ദ്രന്‍, അഷറഫ്, എ.എസ്.ഐ മിനുരാജ്, എസ്.സി.പി.ഒ ജലജ, സി.പി.ഓ സജീവ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.
ബാറില്‍ അക്രമം – യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ പോലീസ് പിടിയിലായി
കൊല്ലം.കടപ്പാക്കടയിലെ ബാറില്‍ അക്രമം നടത്തി യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28ന് രാത്രി ബാറില്‍ നിന്നും മദ്യപിച്ചതിന് ശേഷം ബില്‍ അടയ്ക്കാന്‍ താമസിക്കുന്നത് കണ്ട് ക്ഷൂഭിതരായ സംഘമാണ് യുവാക്കളെ അക്രമിച്ചത്. വടക്കേവിള അയത്തില്‍ സൂര്യ നഗര്‍ 35 അമ്മ വീട് വീട്ടില്‍ രാഹുല്‍ കൃഷ്ണന്‍ (30) ആണ് പോലീസ് പിടിയിലായത്. യുവാക്കളുമായി കയര്‍ത്ത് സംസാരിച്ച ഇയാള്‍ മദ്യക്കുപ്പി സമീപത്ത് നിന്ന ബിബിന്‍ എന്ന യുവാവിന്‍റെ തലയ്ക്ക് അടിച്ച് പൊട്ടിച്ചു. ഇത് ചോദ്യം ചെയ്ത വിഷ്ണു എന്ന യുവാവിന്‍റെ ഇടത് നെഞ്ചില്‍ കുത്തി ആഴത്തില്‍ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ തിരികെ വീട്ടിലെത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ഇയാളെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു.
കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്.ആറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ബാലചന്ദ്രന്‍, അഷറഫ്, എ.എസ്.ഐ മിനുരാജ്, സി.പി.ഓ സജീവ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.
പങ്കാളിത്ത പെൻഷൻ, കരിദിനം ആചരിച്ചു.
ശാസ്താംകോട്ട: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്ന മുദ്രവാക്യം ഉയർത്തി യുഡി എഫ് സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയ ഏപ്രിൽ 1 ന് കരിദിനം ആചരിച്ചു.അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടന്ന കരിദിനാചരണത്തിൻ്റെ ഭാഗമായി കുന്നത്തൂരിൽ അധ്യാപകരും ജീവനക്കാരും കരിദിനം ആചരിച്ചു.
തുടർന്ന് ശാസ്താംകോട്ടയിൽ പ്രകടനവും യോഗവും നടത്തി. ശാസ്താംകോട്ട താലൂക്ക് ഓഫീസിനു മുന്നിൽ ചേർന്ന യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി ശശിധരൻ പിള്ള ഉത്ഘാടനം ചെയ്തു.ശ്രീജിത് അദ്ധ്യക്ഷനായിരുന്നു. സമരസമിതി കൺവീനർ മനു വി കുറുപ്പ് സ്വാഗതം ആശംസിച്ചു. ഷാജി കടമ്പനാട്, ബിനിഷ, മനോജ്കുമാർ, റോയി മോഹൻ, എന്നിവർ സംസാരിച്ചു. സുജ ശീതൾ നന്ദി രേഖപ്പെടുത്തി. വിശ്വവൽസലൻ, സെയ്ഫിദീൻ, രഞ്ജു, അനിൽകുമാർ, രാകേഷ് , എനിവർ നേതൃത്വം നൽകി.
ആശ്രയ സിൽവർ ജൂബിലി സ്മാരക മന്ദിരത്തിന്
ഡോ. മജീദ് ഫൗണ്ടേഷനും സമി സബിൻസ ഗ്രൂപ്പും ചേർന്ന്
25 ലക്ഷം രൂപ സംഭാവന നൽകി
കൊട്ടാരക്കര : ആശ്രയ സങ്കേതം സിൽവർ ജൂബിലി സ്മാരക മന്ദിരത്തിന് ബാംഗ്ലൂർ കേന്ദ്രമായുള്ള ഡോ.മജീദ് ഫൗണ്ടേഷനും സമി സബിൻസ ഗ്രൂപ്പും ചേർന്ന് സി.എസ്. ആർ. ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ സംഭാവന നൽകി. ഫൗണ്ടേഷന്റെ പ്രതിനിധി എം. സിറാജുദീൻ കലയപുരം ആശ്രയ സങ്കേതത്തിലെത്തി ആശ്രയ പ്രസിഡന്റ് കെ. ശാന്തശിവൻ , ജനറൽ സെക്രട്ടറി കലയപുരം ജോസ് എന്നിവർക്ക് ചെക്ക് കൈമാറി.
3 നിലകളിലായി 24 ,000 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള കെട്ടിടമാണ് സിൽവർ ജൂബിലി സ്മാരകമായി നിർമ്മിക്കുന്നത്. കലയപുരം സങ്കേതത്തോടു ചേർന്നുള്ള രണ്ടേകാൽ ഏക്കർ ഭൂമിയിലാണ് പുതിയ കെട്ടിടം . 200 സ്‌ക്വയർ ഫീറ്റ് വീതം വലിപ്പമുള്ള ശുചിമുറിയോടുകൂടിയ 60 മുറികളും 600 സ്‌ക്വയർ ഫീറ്റ് വലിപ്പം വരുന്ന 20 ഡോർമെട്രികളും കെട്ടിടത്തിൽ ഉണ്ടാകും. പ്രാർത്ഥനയ്ക്കും വിനോദത്തിനുമുള്ള സൗകര്യത്തിനു പുറമെ വിപുലമായ ഗ്രന്ഥശാലക്കും കെട്ടിടത്തിൽ സൗകര്യമുണ്ട്. കോവിഡ് കാലമായതിനാൽ കെട്ടിടത്തിന്റെ ഒരു നില ക്വാറന്റീൻ ആവശ്യത്തിനും ബാക്കി അസുഖം ഭേദപ്പെട്ട അന്തേവാസികളുടെ പുനരധിവാസത്തിനുമായി വിനിയോഗിക്കും. ഒരു സ്‌ക്വയർ ഫീറ്റിനുള്ള 1500 രൂപ മുതൽ ഒരു മുറിക്കുള്ള 3 ലക്ഷം രൂപവരെ സ്പോൺസർഷിപ്പ് തേടുകയാണ് ആശ്രയ.
തെരുവിൽ അലഞ്ഞു തിരിഞ്ഞ മനോരോഗികളും ഉറ്റവർ ഉപേക്ഷിച്ച വൃദ്ധജനങ്ങളും അനാഥരായ കുഞ്ഞുങ്ങളും അടക്കം ആയിരത്തിൽപ്പരം പേരാണ് ഇപ്പോൾ ആശ്രയയുടെ തണലിൽ കഴിഞ്ഞുവരുന്നത്.
ബി എം എസ് ശാസ്താംകോട്ട മേഖല സമിതിയുടെ നേതൃത്വത്തിൽ ജോയിൻ്റ് ആർ ടി ഓഫീസിലേക്ക് മാർച്ച് നടത്തി
ശാസ്താംകോട്ട: മോട്ടോർ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് നിരക്കുകൾ കൃമാതീതമായി ഉയർത്തിയ സർക്കാർ നയത്തിനെതിരെ ബി എം എസ് ശാസ്താംകോട്ട മേഖല സമിതിയുടെ നേതൃത്വത്തിൽ ജോയിൻ്റ് ആർ ടി ഓഫീസിലേക്ക് മാർച്ച് നടത്തി.ജില്ലാ വൈസ് പ്രസിഡൻ്റ് ആർ.പ്രസന്നൻ ഉൽഘാടനം ചെയ്തു.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡൻ്റ് എം.എസ് ജയചന്ദ്രൻ ,ചവറ രാജീവ്, സതീഷ്, രംജിത്ത് റാം,ചന്ദ്രാ ജി തുടങ്ങിയവർ സംസാരിച്ചു.
മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അനുമോദനം നല്കി
ചക്കുവള്ളി. അണ്ടർ 18 സ്റ്റേറ്റ് ചെസ് ചാമ്പ്യൻ ഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദേശിയ മത്സരത്തിന് തിരഞ്ഞെടുത്ത നാടിൻ്റെ അഭിമാനവും മിഴി കുട്ടി കൂട്ടം ബാലവേദി കൂട്ടുകാരിയുമായ നഫീന സമീന് മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അനുമോദനം നല്കി.
കോവൂർ കുഞ്ഞുമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
ലൈബ്രറി കൗൺസിൽ കുന്നത്തൂർ താലൂക്ക് വൈസ് പ്രസിഡൻ്റ് .ബി.ബിനീഷ്, താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ, ലത്തീഫ് പെരുംകുളം നൗഷാദ് റ്റി എസ്.അർത്തിയിൽ അൻസാരി, നാസർ മൂലത്തറ, സബീന ബൈജു, വൈ. ഗ്രിഗറി,നഫീന സമീർ,തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞിക്കൽ താഴെ ഏലായെ കയർ ഭൂവസ്ത്രം അണിയിക്കുന്നു
മൈനാഗപ്പള്ളി:ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ച് ഏലാ തീരം സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി.തിട്ട പിടിച്ച് കയർ ഭൂവസ്ത്രം ഉപയോഗിച്ചാണ് പ്രവർത്തി നടത്തുന്നത്.കാഞ്ഞിക്കൽ താഴെ ഏലായിൽ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ലാലി ബാബു,പഞ്ചായത്ത് അംഗങ്ങളായ ഷാജി ചിറയ്ക്ക്മേൽ,ജലജാ രാജേന്ദ്രൻ,ബിജുകുമാർ,അജി ശ്രീക്കുട്ടൻ,മനാഫ്,ഷഹുബാനത്ത്, സിഡിഎസ് അംഗം ലത,വാർഡ്തല മോണിറ്ററിംഗ് സമിതി അംഗങ്ങളായ, മധുസൂദനൻ പിള്ള, കെ.മുസ്തഫ, സനൽ,പഞ്ചായത്ത് സെക്രട്ടറി ഡമാസ്റ്റൺ എന്നിവർ പങ്കെടുത്തു.
സെൻ്റ് ജോർജ് സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
തേവലക്കര: അരിനല്ലൂർ സെൻ്റ് ജോർജ് യു പി സ്കൂളിൻ്റെ 103-ാം മത് വാർഷികാഘോഷം നടത്തി.
ബിഷപ്പ് ജെറോം സാംസ്കാരിക സമിതി ജില്ലാ പ്രസിഡൻ്റ് സുധീർ തോട്ടുവാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു .
സ്കൂൾ ലോക്കൽ മാനേജർ ഫാ.റ്റി. ജെ.ആൻ്റണി അധ്യക്ഷതവഹിച്ചു.
.സ്തുത്യർഹമായ സേവനം പൂർത്തിയാക്കി വിരമിച്ച പ്രഥമാധ്യാപിക അനിതാ മെറാൾഡിനെയും 2021 ലെ ഗുരുശ്രേഷ്ഠപുരസ്കാരം നേടിയ അധ്യാപകൻ ടൈറ്റസ് കടമ്പാട്ടിനെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
തേവലക്കര ഗ്രാമപഞ്ചായത്ത് മെമ്പർ പി.ഫിലിപ്പ്, എ. കെ. ഫ്രാങ്ക് ളീൻ, തങ്കമണി, പി.പോൾ, ടൈറ്റസ് കടമ്പാട്ട്,സ്റ്റാഫ് സെക്രട്ടറി വൈ. ടെൽമ, ബ്രിജിറ്റ് മോഹൻ ദാസ് ,എ. ഹെലൻ, പി ടി എ പ്രസിഡൻ്റ് ആൻസി, വിദ്യാർത്ഥി പ്രതിനിധി സോജൻ ജോസ്, എന്നിവർ പ്രസംഗിച്ചു. മികവ് തെളീയിച്ച പ്രതിഭകൾ സർട്ടിഫിക്കറ്റുകളും സമ്മാനവും ഏറ്റുവാങ്ങി, തുടർന്ന് വിവിധ കലാമത്സരങ്ങളും അരങ്ങേറി.
പെണ്‍കുട്ടിയോട് അതിക്രമം നടത്തിയ സംഘത്തിലെ പ്രധാന പ്രതി പോലീസ് പിടിയിലായി
ഇരവിപുരം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം നടത്തിയ സംഘത്തിലെ പ്രധാന പ്രതിയെ ഇരവിപുരം പോലീസ് പിടികൂടി. താന്നി സാഗരതീരം സുനാമി ഫ്ളാറ്റില്‍ സിജിന്‍ പോള്‍ (36) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ആഗസ്റ്റ് 6ന് പ്രതിയടങ്ങിയ സംഘം പെണ്‍കുട്ടിയുടെ വീടിന് സമീപം വന്ന് അസഭ്യം വിളിച്ചു. പെണ്‍കുട്ടി ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയുടെ വീടിന്‍റെ ജന്നല്‍ ചില്ല് അടിച്ച് തകര്‍ക്കുകയും പെണ്‍കുട്ടിയുടെ കൈയ്യില്‍ കടന്ന് പിടിച്ച് ലൈംഗീക അതിക്രമത്തിന് മുതിരുകയും ചെയ്തു.
പരസ്യ ആക്രമണത്തില്‍ മനം നൊന്ത പെണ്‍കുട്ടിയെ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിലുള്‍പ്പെട്ട രണ്ട് പേരെ കഴിഞ്ഞ ഫെബ്രുവരി ആറിന് അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിരുന്നു.
ഇരവിപുരം ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ വിവി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അരുണ്‍ഷാ, ജയേഷ്, ദിനേഷ് എ,എസ്.ഐ സുരേഷ് എസ്.സി.പി.ഒ മാരായ മനോജ്, ശോഭകുമാരി സി.പി.ഒ വിനു വിജയന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.
ചവറയില്‍ കരിഞ്ചന്തയില്‍ കടത്തിയ റേഷന്‍ ഗോതമ്പ് പിടികൂടി
പൊതുവിപണിയില്‍ ലഭ്യമല്ലാത്ത 3370 കിലോഗ്രാം ഗോതമ്പ് ചവറ പോലീസ് പിടികൂടി. ചവറ കരുനാഗപ്പളളി മേഖലകളിലെ റേഷന്‍ വ്യാപാരത്തിന് എത്തിച്ച ഗോതമ്പിലെ ഒരു ഭാഗമാണ് പോലീസ് പിടികൂടിയത്. റേഷന്‍ ഗോതമ്പ് കടത്താന്‍ ശ്രമിച്ച ചവറ വട്ടത്തറ സ്വദേശിയായ കൊച്ചുമുക്കടയില്‍ വീട്ടില്‍ മുബാറക്ക് (27) എന്നയാളെ പോലീസ് പിടികൂടി.
ചവറ കുറ്റവട്ടത്തിന് കിഴക്ക് പാമോയില്‍ ജംഗ്ഷന് സമീപം ഇട റോഡിലൂടെ അസമയത്ത് വന്ന ലോറിയാണ് പോലീസ് പിടികൂടിയത്. ഇതില്‍ നിന്നും 66 ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന ഗോതമ്പും വിവിധ ബ്രാന്‍റ് പേരുകളുളള നൂറോളം കാലിചാക്കുകളും പോലീസ് പിടികൂടി. റേഷന്‍ ഗോതമ്പ് കടത്താനുപയോഗിച്ച കെ.എല്‍. 23 സി 3274 നമ്പര്‍ ലോറിയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. സിവില്‍ സപ്ലേസ് ഉദ്ദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഗോതമ്പിനെ സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
ചവറ ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്. ഐമാരായ നൗഫല്‍, മദനന്‍, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ തമ്പി, ബിജൂ എന്നവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.
ആറ് കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭൂമികൈമാറി നല്‍കി കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ്.
കരുനാഗപ്പള്ളി . ആറ് കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഇടം നൽകി കനിവ് ചാരിറ്റബിൾ ട്രസ്റ്റ്. എസ് മദനന്‍പിള്ള ചെയര്‍മാനായുള്ള ഭവാനി ഗ്രൂപ്പിന്റെ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റാണ് ഭൂരഹിതരായ താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട ആറ് കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി വസ്തു സൗജന്യമായി നല്‍കിയത്. ശ്രീധരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിൽ വസ്തുവിന്റെ ആധാരവിതരണം ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വ്വഹിച്ചു. സി ആര്‍ മഹേഷ് എംഎല്‍എ അധ്യക്ഷനായി.
അഡ്വ എ എം ആരീഫ് എം പി മുഖ്യപ്രഭാഷണം നടത്തി. ഡോ സുജിത്ത് വിജയന്‍പിള്ള എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു, കരകൗശല കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി രാമഭദ്രന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍, കെ ജി രവി, മുൻ എംഎൽഎ ആർ രാമചന്ദ്രൻ, ആർ ചന്ദ്രശേഖരൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഫാദർ രാജു ഫിലിപ്പ്, വലിയത്ത് ഇബ്രാഹിം കുട്ടി, ആർ രവീന്ദ്രൻ പിള്ള, മുനമ്പത്ത് ഷിഹാബ്, എ സുനിമോൾ തുടങ്ങിയവർ പങ്കെടുത്തു.ജിജേഷ് വി പിള്ള സ്വാഗതവും അഭിജിത്ത് മോഹൻ നന്ദിയും പറഞ്ഞു.