ചാത്തന്നൂരില്‍ കാറിന് സൈഡ് നല്‍കിയില്ലെന്ന പേരില്‍ സിഐക്ക് മര്‍ദ്ദനം

Advertisement

ചാത്തന്നൂര്‍. കാറിന് സൈഡ് കൊടുത്തില്ലെന്ന പേരില്‍ പൊലീസ് ഉദ്യോഗസ്ഥന് ക്രൂര മര്‍ദനം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സി.ഐ പരവൂര്‍ സ്വദേശി ബിജുവിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മൂന്ന് പേരെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

പുത്തന്‍കുളം കാര്‍ത്തികയില്‍ രാജേഷ് (34), പുത്തന്‍കുളം രാമമംഗലത്തില്‍ പ്രതീഷ് (30), പുത്തന്‍കുളം എ.എം നിവാസില്‍ ബിനു(33) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞദിവസം വൈകുന്നേരം മൂന്നോടെ ചാത്തന്നൂര്‍ ശീമാട്ടിയില്‍ നിന്ന് ചിറക്കര ഭാഗത്തേക്ക് സ്വന്തം കാറില്‍ പോകുകയായിരുന്ന സി.ഐ പിറകേ വന്ന കാറിന് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച് മൂന്നംഗ സംഘം ഓവര്‍ടേക്ക് ചെയ്തുകയറി കുറുകെയിട്ടു. മദ്യപിച്ചിരുന്ന ഇവര്‍ കാറില്‍ നിന്ന് സി.ഐയെ പിടിച്ചിറക്കി ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ കൂടിയത് കണ്ട സംഘം വാഹനവുമായി രക്ഷപ്പെട്ടു. പൊലീസ് നടത്തിയ തിരച്ചിലില്‍ കാറും പ്രതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാരിപ്പള്ളി പൊലീസ് കേസെടുത്തു.