ശാസ്താംകോട്ട : വർഷങ്ങളായി സിഗ്നൽ ലൈറ്റ് നോക്കു കുത്തിയായി നിൽക്കുന്നതിനാൽ ഭരണിക്കാവ് പട്ടണം ഗതാഗത കുരുക്കിൽ വലയുന്നു.വാഹനയാത്രികരെക്കാളും കൂടുതലായി വലയുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാതികരാണ്.അപകടം മുന്നിൽ കണ്ടുകൊണ്ടാണ് യാത്രക്കാർ റോഡ് മുറിച്ച് കടക്കുന്നത്.തിരക്കേറിയ ടൗൺ എങ്കിലും അമിത വേഗതയിലാണ് മിക്ക വാഹനങ്ങളും ചീറിപ്പായുന്നത്.കുന്നത്തൂർ താലൂക്കിന്റെ സിരാകേന്ദ്രമായ ഭരണിക്കാവിൽ രാപകൽ വ്യത്യാസമില്ലാതെയാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്.
ശാസ്താംകോട്ട,കടപുഴ,അടൂർ,ചക്കുവള്ളി, കൊട്ടാരക്കര ഭാഗങ്ങളിൽ നിന്നുളള റോഡുകൾ സംഗമിക്കുന്നത് ഭരണിക്കാവ് ജംഗ്ഷനിലാണ്.ഇതിനൊപ്പം കൊല്ലം – തേനി ദേശീയപാത കടന്നുപോകുന്ന പ്രധാന ടൗണും വണ്ടിപ്പെരിയാർ – ഭരണിക്കാവ് ദേശീയപാത അവസാനിക്കുന്നതും ഭരണിക്കാവ് ടൗണിലാണ്.മണിക്കൂറുകളിൽ നൂറ് കണക്കിന് വാഹനങ്ങളാണ് പല ദിക്കുകളിൽ നിന്ന് ഇവിടെ എത്തി ചേരുന്നത്.വിവിധ പ്രദേശങ്ങളിലേക്ക് പോകേണ്ട വാഹന യാത്രികർ റൂട്ട് അറിയാതെ ടൗണിൽ തന്നെ വാഹനങ്ങൾ നിർത്തി തിരിക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
വാഹനങ്ങൾ തിരിഞ്ഞ് പോകുന്നതിന് വ്യവസ്ഥാപിതമായ സംവിധാനമില്ലാത്തതിനാൽ ഇവിടെ എപ്പോഴും ഗതാഗതകുരുക്കാണ്.പ്രത്യേകിച്ചും രാവിലെയും വൈകിട്ടും .ചിലപ്പോൾ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീളാറുണ്ട്.ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിൽ നിന്ന് പരിചയം കുറഞ്ഞ
ഹോംഗാർഡുകൾ ഗതാഗതം നിയന്ത്രിക്കുന്നതിനാൽ കുരുക്ക് പലപ്പോഴും അഴിയാകുരുക്കായി മാറുന്നു.
ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന നിരന്തര ആവശ്യത്തെ തുടർന്ന് 2014 ൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 4.75 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. ഉദ്ഘാടന ദിവസം തന്നെ പതാരം സ്വദേശിയായ ഇരുചക്രവാഹനയാത്രികന്റെ ജീവൻ പൊലിഞ്ഞു.ലൈറ്റ് സ്ഥാപിച്ചതിലെ അശാസ്ത്രീയതയാണ് ഇതിന് പിന്നിലെന്ന് ആക്ഷേപം ഉയർന്നതോടെ പിന്നീട് ലൈറ്റിന്റെ പ്രവർത്തനം നിർത്തിവച്ചു.ജംഗ്ഷന്റെയും ഇവിടേക്ക് എത്തുന്ന റോഡുകളുടെയും ഘടനയും മറ്റും ശാസ്ത്രീയമായി പഠിക്കാതെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതാണ് വിനയായത്.
ബസ് സ്റ്റാന്റിന്റെ പ്രവർത്തനം നിലച്ചതും അനധീകൃത പാർക്കിങും ജംഗ്ഷനിൽ പല റോഡുകളിലായി തലങ്ങും വിലങ്ങും സ്വകാര്യ- കെഎസ്ആർടിസി ബസുകൾ മിനിട്ടുകളോളം നിർത്തിയിടുന്നതും ഗതാഗത കുരുക്കിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.ഓരോ ദിവസവും ഭരണിക്കാവിലെ ഗതാഗത കുരുക്ക് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സിഗ്നൽ ലൈറ്റ് തകരാർ പരിഹരിച്ച് പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
(Photo:ഭരണിക്കാവ് പട്ടണത്തിൽ നോക്കുകുത്തിയായി മാറിയ സിഗ്നൽ ലൈറ്റ്