ഓച്ചിറ: വ്യാജ അബ്കാരി കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിടച്ച കൊല്ലം സ്വദേശികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിനുപിന്നാലെ കെട്ടിച്ചമച്ച കള്ളക്കേസിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വന്നു. ഓച്ചിറ സ്വദേശി ആര്‍ പ്രകാശന്‍, പത്തനാപുരം സ്വദേശി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കള്ളക്കേസ് എടുത്തത്.
ഇരുവരെയും കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
എക്സൈസ് ഉദ്യോഗസ്ഥന് മുന്തിയ ഇനം പട്ടിക്കുഞ്ഞുങ്ങളെ നല്‍കാത്തതിന്റെ പ്രതികാരമായാണ് കള്ളക്കേസില്‍ ജയിലില്‍ പോകേണ്ടിവന്ന പ്രകാശന്‍ വെളിപ്പെടുത്തി.
2006 ലാണ് സംഭവം. പട്ടിക്കുഞ്ഞുങ്ങളെ വില്‍പനനടത്തുന്ന ബിസിനസായിരുന്നു ഇരുവര്‍ക്കും. തന്റെ അടുത്തുള്ള 3500 രൂപ വിലവരുന്ന പട്ടിക്കുഞ്ഞുങ്ങളെ 1500 രൂപക്ക് തരണമെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥനായ വിക്രമന്‍ നായര്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അത് നല്‍കാന്‍ തയ്യാറായില്ല. ഇതിന് പ്രതികാരമായി തന്റെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ തന്നെ കോട കുഴിച്ചിടുകയും പിറ്റേന്ന് തന്നെ വന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് പ്രകാശന്‍ പറയുന്നു.
അറസ്റ്റ് ചെയ്ത് 76 ദിവസമാണ് ജയിലിടച്ചത്. ഒരുദിവസം മുഴുവന്‍ കാലില്‍ വിലങ്ങിട്ടായിരുന്നു ജയിലിലിട്ടത്. ജയിലില്‍ കിടന്നുകൊണ്ടുതന്നെ ജില്ലാകലക്ടര്‍ക്കും,മനുഷ്യാവകാശ കമ്മീഷന്‍, ഹൈക്കോടതിക്കും താന്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയതായും പ്രകാശന്‍ പറയുന്നു. ‘ഈ സമയത്ത് നാല് ലക്ഷം രൂപ തരാമെന്ന് പറഞ്ഞ് സ്വാധീനിക്കാനും ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. എന്നാല്‍ താന്‍ അന്നത്തെ കരുനാഗപള്ളി എ.സി.പിക്കും ചീഫ്സെക്രട്ടറിക്കുമെല്ലാം കത്തയച്ചു. തുടര്‍ന്ന് എ.സിപി എക്സൈസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് മുന്നറിയിപ്പ് നല്‍കി വിട്ടിരുന്നു’. അതിന് ശേഷം തന്നെ കാണുമ്‌ബോഴൊക്കെ മുറുമുറുപ്പോടെയാണ് അവര്‍ പെരുമാറിയതെന്നും പ്രകാശന്‍ പറയുന്നു.
‘നല്ല രീതിയില്‍ പോയിക്കൊണ്ടിരുന്ന കച്ചവടമെല്ലാം ആ കേസോടെ ഇല്ലാതായി. ‘വെറും 30 രൂപയും കൊണ്ടാണ് ഞാന്‍ ജയിലിന്ന് ഇറങ്ങിയത്, കൂട്ടുകാരും നാട്ടുകാരുമെല്ലാം സഹായിച്ചാണ് പിന്നീട് പിടിച്ചുനിന്നത് ‘ ഇതു പറയുമ്‌ബോള്‍ പ്രകാശന്റെ വാക്കുകള്‍ മുറിഞ്ഞിരുന്നു. നാട്ടുകാരുടെ മുന്നില്‍ വ്യാജമദ്യക്കച്ചവടക്കാരനാക്കിയപ്പോഴും തന്നെ വിശ്വസിച്ച ഒരുപാട് പേരുണ്ടായിരുന്നെന്ന് പ്രകാശന്‍ പറയുന്നു.
‘അതിലൊരാള്‍ തന്നെ ഒരു സ്ഥാപനത്തിന്റെ അധികാര സ്ഥാപനത്ത് എന്നെ നിയമിച്ചു. 15 വര്‍ഷം ഞാനവിടെ ജോലി ചെയ്തു. ലോക്ഡൗണോടെ ആ കട പൂട്ടി. അതിന് ശേഷം പശുവളര്‍ത്തലും ഓട്ടോ ഓടിക്കലുമായി ജീവിക്കുകയാണ്. വര്‍ഷം ഏറെയെടുത്തെങ്കിലും കോടതി നിരപരാധിത്വം തെളിയിക്കാനായതിലും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതിലും ഒരുപാട് സന്തോഷമുണ്ടെന്നും പ്രകാശന്‍ പറയുന്നു.