ഓച്ചിറ. പിഞ്ച്കുഞ്ഞിനേയും പിതാവിനേയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ കൂടി അറസ്റ്റിൽ. പായിക്കുഴി സ്വദേശികളായ അഭിജിത്ത്, വിനീത്, അനുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി നേരത്തെതന്നെ പിടിയിലായിരുന്നു.
വലിയകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രണ്ടു വയസുകാരനും പിതാവിനും നേരെ കൊലപാതക ശ്രമം ഉണ്ടായത്. ഓച്ചിറ പായിക്കുഴി സ്വദേശി രഞ്ചുവും സംഘമാണ് അക്രമം നടത്തിയത്. ചങ്ങൻകുളങ്ങര സ്വദേശി അഖിൽ മോഹനനും മകൻ ആര്യനുമാണ് ആക്രമണത്തിൽ പരുക്കേറ്റത്.
കേസിലെ ഒന്നാംപ്രതി രഞ്ജു നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. അഞ്ചു പ്രതികളുള്ള കേസിൽ മൂന്ന് പ്രതികൾ കൂടി പൊലീസ് പിടിയിലായി. പായിക്കുഴി സ്വദേശികളായ അഭിജിത്ത്, വിനീത്, അനുജിത്ത് എന്നിവരാണ് ഇപ്പോൾ പിടിയിലായത്. ഒന്നാം പ്രതിയുടെ സഹോദരനും കേസിലെ രണ്ടാം പ്രതിയുമായ രഞ്ജിത്തിനെ കൂടി ഇനി പിടികൂടാനുണ്ട്. ഇയാൾ ഒളിവിലാണ്.
അഖിലില്‍ നിന്നും രണ്ട് വര്‍ഷം മുമ്പ് ഒന്നാം പ്രതി രഞ്ജു സ്വര്‍ണ്ണ കമ്മല്‍ വാങ്ങി പണയം വച്ചിരുന്നു. കമ്മല്‍ തിരികെ കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് കമ്മലിന്‍റെ വില അഖിലിന്‍റെ ഭാര്യ ആവശ്യപ്പെട്ടതിന്‍റെ പേരില്‍ നേരത്തേ ഇവര്‍ വഴക്കിട്ടിരുന്നു.
വിരോധം ഉള്ളില്‍വച്ചാണ് ഉത്സവം കാണാനെത്തിയ അഖിലിനെയും കുഞ്ഞിനെയും രഞ്ജുവും സംഘവും അതിക്രൂരമായ ആക്രമണം നടത്തിയത്. ചുടുകട്ട കൊണ്ട് തലയ്ക്ക് ഇടിയേറ്റ കുഞ്ഞിന്‍റെ നിലവഷളായി. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞും പിതാവ് അഖിലും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.