കരുനാഗപ്പള്ളി . പ്രിയപ്പെട്ടവർക്ക് വിഷുകൈനീട്ടം ഇനി തപാൽവഴി എത്തും. തപാൽ വകുപ്പിൻ്റെ വിഷുക്കൈനീട്ടങ്ങൾ കരുനാഗപ്പള്ളിയിലെ വീടുകളിൽ ഇതിനകം തന്നെ എത്തിത്തുടങ്ങി.
വിഷുക്കൈനീട്ടം തപാലിലൂടെ നൽകുന്ന പോസ്റ്റൽ വകുപ്പിൻ്റെ പദ്ധതിയ്ക്ക് ഇത്തവണയാണ് തുടക്കം കുറിച്ചത്. 100, 200, 500, 1000 രൂപകളാണ് വിഷുക്കൈനീട്ടമായി അയക്കാൻ തപാൽ വകുപ്പ് സൗകര്യം ഒരുക്കിയിരുന്നത്. രാജ്യത്തെ ഏതു സംസ്ഥാനത്തുനിന്നും കേരളത്തിലെ എവിടേയ്ക്കും ഇത്തരത്തിൽ കൈനീട്ടം അയക്കാം.ഏപ്രിൽ ഒന്നുമുതൽ പത്തുവരെയായിരുന്നു തുക അയക്കാൻ സമയം അനുവദിച്ചിരുന്നത്.
കരുനാഗപ്പള്ളി ഹെഡ് പോസ്‌റ്റോഫീസ് പരിധിയിലുള്ള ഇരുനൂറോളം വീടുകളിലേക്കാണ് ഇവിടെ നിന്നും വിഷുക്കൈനീട്ടം എത്തിയിരുന്നത്. കണിക്കൊന്നയുടെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക കവറിൽ പോസ്റ്റുമാൻമാർ കൈനീട്ടം ബന്ധപ്പെട്ടവരുടെ വീടുകളിൽ എത്തിച്ചു നൽകി തുടങ്ങിയിട്ടുണ്ട്.കരുനാഗപ്പള്ളി ഹെഡ് പോസ്‌റ്റോഫീസിൽ നടന്ന ചടങ്ങിൽ കൈനീട്ട വിതരണത്തിൻ്റെ ഉദ്ഘാടനം നടന്നു. പോസ്റ്റ് മാസ്റ്റർ സോച മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.