കൊല്ലം. ജനമനസില്‍ ആനന്ദം പെയ്തുനിറച്ച് ആനച്ചന്തവും മേളപ്പെരുക്കവുമായി കൊല്ലം പൂരം
മതിവരാത്ത കാഴ്‌ചയൊരുക്കി . താമരക്കുളം മഹാഗണപതിയും പുതിയകാവ് ദേവിയും ആശ്രാമം മൈതാനത്ത് മുഖാമുഖം നിന്നു. ഇരുഭാഗത്തും 11 കരിവീരന്മാർ നിരന്ന കുടമാറ്റം കണ്ട മനസുകളിൽ ആവേശം പെയ്‌തു.
ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായിരുന്നു ക്ഷേത്ര സന്നിധിയിലും ആശ്രാമം മൈതാനത്തും കുടമാറ്റം. ഗജരാജൻ പുത്തൻകുളം അർജുൻ പുതിയകാവ് ദേവിയുടെയും കരിവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ താമരക്കുളം മഹാഗണപതിയുടേയും തിടമ്പേറ്റി. ആശ്രാമം ക്ഷേത്ര തിടമ്പ് ഏറ്റിയത് തൃക്കടവൂർ ശിവരാജു ആണ്. ശനിയാഴ്‌ച രാവിലെ 9നു 10 ക്ഷേത്രങ്ങളിൽ നിന്നു ചെറുപൂരങ്ങളുടെ എഴുന്നള്ളത്ത് തുടങ്ങിയതോടെ നഗരം പൂരലഹരിയിലായി .
തിളയ്ക്കുന്ന പകലിനെ വിഗണിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെറുപൂരങ്ങൾ എത്തിച്ചേർന്നതോടെ ആനനീരാട്ട് തുടങ്ങി. ക്ഷേത്രാങ്കണത്തിലായിരുന്നു ആനനീരാട്ട്. നീരാട്ട് കഴിഞ്ഞെത്തിയ ശേഷം ആന ഊട്ട് നടന്നു. 12.30ന് ആൽത്തറമേളം കൊട്ടിക്കയറി. ഉച്ചയ്ക്ക് 2നു താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും എഴുന്നള്ളത്ത് ആരംഭിച്ചു. ക്ഷേത്രത്തിനു മുന്നിൽ ചൊവ്വല്ലൂർ മോഹനവാര്യരുടെയും വൈക്കം ക്ഷേത്ര കലാപീഠം തൃക്കടവൂർ അഖിലിന്റെയും നേതൃത്വത്തിൽ മേളപ്പെരുക്കം നടന്നു . തുടർന്ന് കൊടിയിറക്കി തിടമ്പേറ്റിയ ഗജവീരൻ എഴുന്നള്ളി നിന്നതോടെ തിരുമുന്നിൽ കുടമാറ്റം ആരംഭിച്ചു. ഇതിനു മുൻപേ പുതിയകാവ് ദേവിയുടെയും താമരക്കുളം മഹാഗണപതിയുടെയും എഴുന്നള്ളത്ത് എത്തിച്ചേർന്നിരുന്നു. തുടർന്ന് ആറാട്ടെഴുള്ളത്ത് നടന്നു.
ആശ്രാമം മൈതാനത്ത് പുതിയകാവ് ഭഗവതിയും താമരക്കുളം മഹാഗണപതിയും മുഖാമുഖം നിന്നു കുടമാറ്റം നടത്തി. ഉല്‍സവസമ്മേളനം മന്ത്രി കെഎൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു. മന്ത്രി ജെ ചിഞ്ചുറാണി ദീപം തെളിച്ചു. പൂരം ചെയർമാൻ രവി പിള്ള അധ്യക്ഷനായി.
പുതിയകാവ്കുടമാറ്റത്തിലെ ഗജവീരന്മാർ :
പുത്തൻകുളം മോഹനൻ, 2. തടത്താവിള മണികണ്ഠൻ, 3. ഓമല്ലൂർ ഗോവിന്ദൻകുട്ടി, 4. പുത്തൻകുളം കേശവൻ, 5. പുത്തൻകുളം മോദി, 6. പുത്തൻകുളം അർജുൻ (തിടമ്പ്), 7. ഈരാറ്റുപേട്ട അയ്യപ്പൻ, 8. പുത്തൻകുളം അനന്തപത്മനാഭൻ, 9. പുത്തൻകുളം നന്ദൻ, 10. ചെറുശ്ശേരി രാജ, 11. പനയ്ക്കൽ നീലകണ്ഠൻ.
താമരക്കുളം വിഭാഗത്തില്‍ നിരന്നത്
- നെടുമൺകാവ് മണികണ്ഠൻ, 2.പഞ്ചമത്തിൽ ദ്രോണ, 3. ആനയടി അപ്പു, 4. വട്ടമൺകാവ് മണികണ്ഠൻ, 5. വള്ളംകുളം നാരായണൻകുട്ടി, 6. പല്ലാട്ട് ബ്രഹ്മദത്തൻ (തിടമ്പ്), 7. കാണവിള ശിവനാരായണൻ, 8. കീഴൂട്ട് മണികണ്ഠൻ, 9. ആക്കാവിള വിഷ്ണുനാരായണൻ, 10. പ്ലാക്കാട് കണ്ണൻ, 11. താമരക്കുടി വിജയൻഎന്നിവരാണ്