വിളക്കുപാറയിലെ വീട്ടമ്മ പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തല്‍

Advertisement

കൊല്ലം. ഏരൂർ വിളക്കുപാറയിൽ വീട്ടമ്മയെ വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കഴുത്തുഞെരിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പീഡന ശ്രമത്തിനിടെ 55 കാരിയായ വത്സല കൊല്ലപ്പെട്ടതാകാം എന്നാണ് പൊലീസ് നിഗമനം. വത്സല മരിച്ച ദിവസം രാത്രിയിൽ വലിയ അലർച്ച കേട്ടു വെന്ന വിവരം കൈമാറിയ അയൽവാസിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായും പരാതി.

ഇക്കഴിഞ്ഞ ഫെബ്രുവരി 26 നാണ് ഏരൂർ വിളക്കുപാറയിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 55 കാരിയായ വത്സലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരണം കഴുത്തുഞെരിച്ചഉള്ള കൊലപാതകമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിന് ചുറ്റുമുള്ള എല്ലുകൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും നെഞ്ചിലും ചുണ്ടിലും മുറിവേറ്റ പാടുകൾ ഉള്ളതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പീഡന ശ്രമത്തിനിടെ വത്സല കൊല്ലപ്പെട്ടതാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തൻ്റെ മാതാവിൻ്റെ മരണത്തിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന ആരോപണവുമായി മകൻ ഷിബു രംഗത്തെത്തി.

അതേസമയം കേസുമായി ബന്ധപ്പെട്ട് വത്സല മരിച്ച ദിവസം രാത്രിയിൽ വലിയ അലർച്ച കേട്ടുവെന്ന വിവരം പൊലീസിനു കൈമാറിയ അയൽവാസിയായ രാജേഷിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതിയുണ്ട്.

എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു. രാജേഷിൻ്റേത് ഉൾപ്പെടെയുള്ള സംശയം ഉള്ള 3 പേരുടെ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.