കരുനാഗപ്പള്ളിയിൽ നിയമവാഴ്ച ആറാടുകയാണ്

Advertisement

പള്ളിക്കപ്പുത്രൻ

പുലർകാലം ;ഹൈവേയിൽ തിരക്കു ആയി വരുന്നേയുള്ളു. നഗരത്തിലൊരു ഭാഗത്ത് രണ്ടു മൂന്നു നിലകളിലായി പ്രവർത്തിക്കുന്ന ഹോം അപ്ലയൻസസ് സ്ഥാപനത്തിന്റെ മുൻവശം. ഒരു സി ബി എസ് ഇ സ്കൂളിന്റെ മൂന്നു ബസുകൾ നിറയെ ആൾക്കാർ ചിലർക്ക്പേരിൽ കുട്ടിയുണ്ടെങ്കിലും ആരും കുട്ടികളല്ല തടിമാടന്മാർ, ജെസിബി , ബുൾഡോസർ തുടങ്ങിയയന്ത്രങ്ങൾ കൈകളിൽ ആയുധങ്ങൾ, ഷട്ടർ പൊളിച്ച് അകത്തു കടന്ന സംഘം വ്യാപാരസ്ഥാപനം തല്ലിത്തകർക്കുന്നു. നഗരമായതിനാൽ ആളു കൂടി കൂടുന്നവരെ സ്കൂൾവാഹനത്തിലെത്തിയ കുട്ടികളും സംഘവും വിരട്ടി ഓടിക്കുന്നു. ആരോ വിളിച്ച് നിർബന്ധിച്ചതനുസരിച്ച് ചീറാതെ പാഞ്ഞെത്തിയ പൊലിസ് പൊളിപ്പൻ മാർക്ക് സലാം വയ്ക്കുന്നു. വേണ്ട സംരക്ഷണം കൊടുക്കുന്നു. മൊബൈലുമായി രംഗം ഷൂട്ടു ചെയ്യുന്നവരെ വിരട്ടി ഓടിക്കുന്നു. ഒരു മണിക്കൂർ, ഒന്നരമണിക്കൂർ കോടിക്കണക്കിന് രൂപയുടെ സാധനസാമഗ്രികൾ തകർക്കുകയും വേണ്ടത് കൈക്കലാക്കുകയും ചെയ്ത് സംഘം മടങ്ങുന്നു. വ്യാപാരസ്ഥാപനം നടത്തുന്ന ആൾ ഓടിപ്പാഞ്ഞ് എത്തുന്നു പൊലീസിനോട് ചോദിക്കുന്നു എന്താണീ നടക്കുന്നത്. അപ്പോൾ പൊലീസ് , ഇത്രയുമായ സ്ഥിതിക്ക് രണ്ടു ദിവസത്തിനകം ഇറങ്ങിക്കൊടുത്തു കൂടേ —, അപ്പോൾ സ്ഥാപനമുടമ , ഞാനിവിടെ നിയമപരമായി വ്യാപാരം നടത്തുന്ന ആളാണ് നികുതി കൃത്യമായി അടക്കുന്നുണ്ട് , എനിക്കൊരു നോട്ടീസ് പോലും കെട്ടിട ഉടമ തന്നിട്ടില്ല …. അപ്പോൾ പൊലിസ് , വലിയ ആൾക്കാരുടെ കേസുകൾ ഇവിടെ എടുക്കില്ല : നിയമം ഒക്കെ അവരു പറയുന്നതാണ്. സ്റ്റേഷനിലോട്ടുവന്നാൽ ഏമാൻ ഒത്തുതീർപ്പിന് മധ്യസ്ഥം വഹിക്കും, ഒന്നും തരേണ്ട, തികച്ചും ഫ്രീ :::

സ്ഥാപനമുടമയെന്ന മുതലാളിയും നാൽപതോളം ജീവനക്കാരും . ഷട്ടറിടാനില്ലാത്ത കടക്കുമുന്നിൽ പകച്ച് നിൽക്കുന്നു,മുകളിൽ കൂടം കൊണ്ട് തകർത്ത റൂഫ് ഷീറ്റു വഴി മഴ വെള്ളം കടയിൽ നിറയുന്നു.

സംഭവം നടന്നത് യുപിയിലെ കരുനാഗപ്പള്ളി എന്ന സ്ഥലത്താണ് , അവിടെ മാടമ്പി ജമീന്ദാർ സംവിധാനം കൊടിക്കുത്തി വാഴുന്നു. രാഷ്ട്രീയ കക്ഷികളും പൊലീസും മുതലാളിമാർക്കുവേണ്ടി എന്തു ചെയ്യും: കേസെടുക്കണമെങ്കിൽ ഇനി എടുത്തോളൂ എന്ന് ഗുണ്ടാസംഘങ്ങൾ പറയണം അപ്പോഴേ കേസടുക്കൂ…

നിയമവാഴ്ച ആറാടുകയാണ്. ലജ്ജിക്കണം – നിയമവാഴ്ചയുണ്ടെന്ന് വിശ്വസിക്കുകയും നാട്ടുകാരെ അതു പറഞ്ഞ് ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന എല്ലാ സംവിധാനങ്ങളും കരുനാഗപ്പള്ളിയിലെ ഒരു വ്യാപാരസ്ഥാപനത്തിന് മേൽ നടന്ന നീച പ്രവൃത്തിയിൽ നാണം അഭിനയിക്കുകയെങ്കിലും വേണം. നൂറ്റമ്പതോളം അക്രമികൾ കൂടം കൊണ്ട് തകർത്ത ഒരു സ്ഥാപനം എത്ര നാളുകൊണ്ട് നേരേയാകും. എത്ര ലക്ഷം ചിലവിട്ടാൽ ഈ തകർത്തെറിഞ്ഞത് പുനസൃഷ്ടിക്കാനാവും ഈ തകർപ്പ് നടത്തിയ മുതലാളിയുടെ ചില സ്ഥാപനങ്ങൾ ഇതേ താലൂക്കിലുണ്ട്. അവിടേക്ക് മറുഭാഗത്തുള്ളവർ കൂടങ്ങളുമായി ഇരച്ചുകയറിയാൽ എന്താവും സ്ഥിതി. അല്ലെങ്കിൽ വേറേ ഏതെങ്കിലും സംഭവത്തിന്റെ പേരിൽ ചികിൽസാ പിഴവിന്റെ പേരിൽ വലിയൊരാക്രമണം വന്നാൽ എങ്ങനെ നേരിടും . സ്വന്തം ആർമിയും പീരങ്കികളും പട്ടാളവുമുണ്ടോ,

ഇത്തരം പ്രവൃത്തികൾ നിയമവാഴ്ചയുള്ള നാടുകളിൽ നടക്കാൻ പാടില്ല. അതിനുള്ള ചിന്ത പോലും മനസിൽ വരുന്നത് ഹുങ്കും അഹങ്കാരവും മനസിൽ ഉറച്ചു പോയതിനാലാണ് . രാജവാഴ്ചക്കാലത്തു പോലുമില്ലാത്ത തരത്തിൽ ഇത്തരമൊരു നീച പ്രവൃത്തി നടത്താൻ കൈ പൊങ്ങുന്നത് വ്യവസ്ഥിതിയുടെ ദോഷം കൊണ്ടാണ്. ജനത്തെ വെല്ലുവിളിച്ചും ചൂഷണം ചെയ്തും കാലങ്ങൾ കൊണ്ട് നേടിയ ശക്തിയാണ് ഇത്തരം വെല്ലുവിളികൾക്ക് ധൈര്യം പകരുന്നത്. പട്ടാപ്പകൽ ആളെ വെട്ടിക്കൊല്ലുന്നവർക്കും വ്യവസ്ഥിതി ശരിയല്ലെന്ന ധൈര്യമാണുള്ളത്. കോടതിയോട് ചോദ്യം ചെയ്യാൻ സൗകര്യമില്ലെന്നു പറയുന്നതും ഇത്തരം ശക്തി വർധിക്കുന്നതിനാലാണ്. ഇത് ഒരു ദിവസം കൊണ്ട് ഉണ്ടായി വരുന്നതല്ല. നിയമവാഴ്ചയെ വെല്ലുവിളിക്കുന്നവർ യുപിയിലും ബിഹാറിലും മാത്രമല്ല എല്ലായിടവും കയറിപ്പെരുകുകയാണ്. അവർക്ക് പറ്റിയ ഇടം കാണിച്ചു കൊടുത്തു വേണം നാട്ടിൽ നിയമവാഴ്ചയുണ്ടെന്ന ബോധ്യം ഉണ്ടാക്കാൻ.

Advertisement