കൊട്ടാരക്കര.മുന്‍ മന്ത്രിയും കേരളാകോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തിന്മേല്‍ മക്കള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം തീര്‍ക്കാന്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടു. ഇനി കേസ് കോടതി തീര്‍പ്പാക്കുന്നവരെ കാക്കണം.2017- ല്‍ ആര്‍ ബാലകൃഷ്ണപിള്ള തന്റെ സ്വത്തുക്കള്‍ വീതം വച്ച് വില്‍പ്പത്രം തയ്യാറാക്കിയിരുന്നു. പിന്നീട് മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഈ വില്‍പത്രം റദ്ദ് ചെയ്ത് പുതിയ വില്‍പത്രം തയ്യാറാക്കിരുന്നു. ഈ വില്‍പ്പത്രം ആണ് ഇപ്പോള്‍ തര്‍ക്കത്തിലെത്തിയത്.
കൊട്ടാരക്കര ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ഓഫീസില്‍ വച്ച് അഡ്വ സതീഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. മക്കളായ കെ.ബി.ഗണേഷ്‌കുമാര്‍, ഉഷാമോഹന്‍ദാസ്, ബിന്ദു ബാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചക്കെത്തിയിരുന്നു. ആദ്യ വില്പത്ര പ്രകാരം ഉള്ള സ്വത്തുവകകള്‍ തനിക്ക് കിട്ടണമെന്ന് മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടാമെത്തെ വില്‍പത്ര പ്രകാരമുള്ള സ്വത്തുക്കള്‍ അല്ലാതെ കൂടുതല്‍ നല്കാന്‍ കഴിയില്ലായെന്ന് ഗണേശ് കുമാര്‍ നിലപാടെടുത്തോടെയാണ് മധ്യസ്ഥ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
ആർ.ബാലകൃഷ്ണപിള്ളയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളെന്നു കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. 33 വസ്തു വകകളുടെ പൂർണ വിവരങ്ങൾ മകൾ ഉഷ മോഹൻദാസ് കൊട്ടാരക്കര സബ് കോടതിയിൽ ഹാജരാക്കിയ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വാളകം, കൊട്ടാരക്കര, അറയ്ക്കൽ, ചക്കുവരക്കൽ, ഇടമുളക്കൽ വില്ലേജുകളിലെ 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലം ഉണ്ട്. മിക്ക സ്ഥലങ്ങളും ഉയർന്ന വില ലഭിക്കുന്ന പ്രദേശങ്ങളാണ്.
കൂടാതെ കൊടൈക്കനാലിൽ ഇരുനില കെട്ടിടം, വാളകത്ത് രാമവിലാസം ഹയർ സെക്കൻഡറി സ്കൂളും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാർത്താണ്ഡൻകര തിങ്കൾകരിക്കത്ത് സ്കൂൾ, അറക്കൽ വില്ലേജിൽ രാമവിലാസം ബിഎഡ് കോളജ് എന്നിവയും പട്ടികയിൽ ഉണ്ട്. 270 പവൻ സ്വർണാഭരണങ്ങളും ആർ.ബാലകൃഷ്ണപിള്ളയുടെ പേരിൽ ഉണ്ടെന്നാണ് ഉഷ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉള്ളത്
മുന്‍ വില്‍ പത്ര പ്രകാരം വാളകത്തെയും കൊട്ടാരക്കരയിലെയും സ്വത്തുക്കളില്‍ കൂടുതല്‍ ഭാഗം തനിക്ക് വേണമെന്നാണ് ഉഷയുടെ ആവശ്യം. ഇനി കേസ് വീണ്ടും കോടതി പരിഗണിക്കും.