കരുനാഗപ്പള്ളി . അറിവിലൂടെ സമാഹരിച്ച സംസ്കാരം ആണ് ക്ളാപ്പന ഇഎംഎസ് സാംസ്കാരികവേദി ഗ്രന്ഥശാല പ്രവര്‍ത്തകര്‍ നാടിന് പകര്‍ന്നു നല്‍കിയത് ഒരു നാട്ടിലെ ജനങ്ങളൊന്നാകെ ഒഴുകിയെത്തിയ ഗ്രന്ഥശാലാ അങ്കണം. ചടങ്ങിനെത്തിയ വിശിഷ്ട വ്യക്തികൾ എല്ലാം ചേർന്ന് ഗ്രന്ഥശാലയുടെ മുന്നിലെ കൽവിളക്കിൽ ദീപം തെളിയിച്ചു.
പിന്നീട് വരൻ്റെയും വധുവിൻ്റെയും കൈകൾ കേരളത്തിലെ മുതിർന്ന ഗ്രന്ഥശാല പ്രവർത്തകനും മുൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ അഡ്വ പി അപ്പുക്കുട്ടൻ പരസ്പരം ചേർത്തുവച്ചു. അനുഗ്രഹങ്ങൾ ചൊരിഞ്ഞ് സംസ്ഥാന മന്ത്രിയും മറ്റ് ജനപ്രതിനിധികളും ചടങ്ങിന് സാക്ഷികളായി. വ്യത്യസ്തമായ ആ വിവാഹ ചടങ്ങിലൂടെ സൂര്യകല എന്ന പെൺകുട്ടി മംഗല്യവതിയായി. അജിത് ആയിരുന്നു വരന്‍.
തുടർന്ന് വധൂവരന്മാർക്ക് ആശംസകൾ നേർന്നു അനുമോദനയോഗവും ചടങ്ങിൽ എത്തിയ നാട്ടുകാർക്കും വധൂവരന്മാരുടെ ബന്ധുക്കൾക്കു മെല്ലാം വിവാഹ സദ്യയും ഗ്രന്ഥശാല ഗണത്തിൽ ഒരുക്കിയിരുന്നു. വേറിട്ട വഴികളിലൂടെ ജീവിതഗന്ധിയായ അനവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കുക വഴി നാടിൻ്റെ സാംസ്കാരിക മുഖമായി കുറഞ്ഞ നാളുകൾ കൊണ്ടുതന്നെ മാറാൻ കഴിഞ്ഞ ക്ലാപ്പന, ഇഎംഎസ് സാംസ്കാരികവേദി ലൈബ്രറിയുടെ നേതൃത്വത്തിലാണ് മാതാപിതാക്കൾ മരണപ്പെട്ട പെൺകുട്ടിയുടെ വിവാഹം ഏറ്റെടുത്ത് നടത്തുന്ന അക്ഷര പൂത്താലി എന്ന ചടങ്ങ് സംഘടിപ്പിച്ചത്.
ക്ലാപ്പന വടക്ക്, ഒറ്റത്തെങ്ങിൽ വീട്ടിൽ സൂര്യകലയുടെ വിവാഹമാണ് ഇഎംഎസ് സാംസ്കാരികവേദി ലൈബ്രറിയുടെ അക്ഷരതണലിൽ നടത്തപ്പെട്ടത്. ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി മുഖ്യാതിഥിയായി. മുൻ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ പി അപ്പുക്കുട്ടൻ വിവാഹത്തിൽ വിശിഷ്ട സാന്നിധ്യമായി. സി ആർ മഹേഷ് എംഎൽഎ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ ബി മുരളീകൃഷ്ണൻ, സെക്രട്ടറി ഡി സുകേശൻ, അഡ്വ പി ബി ശിവൻ, വി പി ജയപ്രകാശ് മേനോൻ, വസന്താരമേശ്, മിനിമോൾ, സജീവ് ഓണമ്പള്ളിൽ, എസ് എം ഇക്ബാൽ, പി ജെ കുഞ്ഞിചന്തു, ടി ആർ ശ്രീനാഥ്, ജി അനിത, ആർ മോഹനൻ, എ മജീദ് മറ്റു ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു.