കൊല്ലം പ്രാദേശിക ജാലകം

Advertisement

കൊല്ലത്ത് വില്‍പ്പനയ്ക്ക് എത്തിച്ച ഒരു കിലോയിലധികം ഗഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി

വില്‍പ്പനയ്ക്ക് എത്തിച്ച ഒരു കിലോ ഒരുനൂറ്റി ഇരുപത് ഗ്രാം ഗഞ്ചാവ് പോലീസ് പിടികൂടി. ഇരവിപുരം കൂട്ടിക്കട റെയില്‍വേ ഗേറ്റിന് സമീപം നിന്നുമാണ് യുവാക്കളുടെ കൈവശം നിന്നും ഗഞ്ചാവ് പിടികൂടിയത്. മയ്യനാട് വില്ലേജില്‍ ഉമയനല്ലൂര്‍ പട്ടരുമുക്ക് വയലില്‍ പുത്തന്‍ വീട്ടില്‍ റഫീക്ക്(29), ഇരവിപുരം ആക്കോലില്‍ തൊടിയില്‍ തെക്കതില്‍ വീട്ടില്‍ ഫൈസല്‍ (20), കൂട്ടിക്കട റാഫി മന്‍സിലില്‍ മുഹമ്മദ് ഉക്കാഷാ (19) എന്നിവരാണ് പോലീസ് പിടിയിലായത്.

കൂട്ടിക്കട റെയില്‍വേ ഗേറ്റിന് സമീപം യുവാക്കള്‍ മയക്കമരുന്ന് വില്‍പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. ഇവരുടെ കൈവശം നിന്നും ഒരു ബാഗില്‍ പൊതിയാക്കി സൂക്ഷിച്ച നിലയിലാണ് ഗഞ്ചാവ് ലഭിച്ചത്. ഇത് കൂട്ടിക്കടയിലും പരിസരത്തും വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.

ഇരവിപുരം ഇന്‍സ്പെക്ടര്‍ വിവി അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അരുണ്‍ഷാ, ജയേഷ്, ജയകുമാര്‍, ആന്‍റണി സിപിഓ മാരായ വിനു വിജയ്, സാംസണ്‍, ജിജു എന്നവരടങ്ങിയ സംഘമാണ് ഗഞ്ചാവുമായി ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.

ചെറിയഴീക്കല്‍ മത്സ്യകൃഷികളത്തില്‍ നിന്നും കരിമീന്‍ മോഷ്ടിച്ചയാള്‍ പോലീസ് പിടിയിലായി

ഓച്ചിറ.ചെറിയഴീക്കല്‍ യുവാവ് നടത്തി വരുന്ന മത്സ്യകൃഷികളത്തില്‍ നിന്നും വളര്‍ത്ത് കരീമിന്‍ മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. മരുതൂര്‍കുളങ്ങര തെക്ക് ആലുംകടവ് തയ്യില്‍തറയില്‍ ചെല്ലപ്പന്‍ മകന്‍ ഉദയന്‍ (ഞണ്ട്, 46) ആണ് പോലീസ് പിടിയിലായത്.

യുവാവിന്‍റെ മത്സ്യക്കളതില്‍ നിന്നും വളര്‍ത്ത് മത്സ്യങ്ങള്‍ നിരന്തരം മോഷണം പോകുകയായിരുന്നു. കഴിഞ്ഞ രാത്രിയിലും 20 കിലോയോളം വളര്‍ത്ത് കരിമീന്‍ മോഷണം പോയിരുന്നു. തുടര്‍ന്ന് യുവാവ് കരുനാഗപ്പളളി പോലീസില്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐമാരായ അലോഷ്യസ് അലക്സാണ്ടര്‍, ധന്യാ. കെ.എസ്, റസല്‍ ജോര്‍ജ്ജ്, സി.പി.ഒ ഹാഷീം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ശാസ്താംകോട്ട തടാകം സന്ദർശിച്ചു

ശാസ്താംകോട്ട .തടാക ത്തിന്റെ നിലവിലെ അവസ്ഥകളും, തടാകം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും നേരിൽ കണ്ട് മനസ്സിലാക്കുകയും, ജനപ്രതിനിധികളുമായും, പ്രദേശവാസികളുമായും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തു.ശാസ്താംകോട്ട തടാകത്തിന് വേണ്ടി മാനേജ്മെന്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കുക എന്നതാണ് പ്രധാനമായി ഉദ്ദേശിക്കുന്നതെന്ന് സന്ദർശക സംഘം പറഞ്ഞു. തടാക സംരക്ഷണ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ, വിവിധ പദ്ധതികൾ നടപ്പിലാക്കൽ, തടാകത്തിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, തീരസംരക്ഷണം, പരിസ്ഥിതി സൗഹൃദ നിർമ്മാണങ്ങൾ, ടൂറിസവുമായി ബന്ധിപ്പിക്കൽ തുടങ്ങി നിരവധി നിർദ്ദേശങ്ങൾ അടങ്ങുന്ന തായിരിക്കും മാനേജ്മെന്റ് ആക്ഷൻ പ്ലാൻ.

അടുത്ത അഞ്ചു വർഷത്തേക്ക് നടപ്പിലാക്കേണ്ട സമഗ്ര പദ്ധതി നിർദ്ദേശങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കും. സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുമായി സഹകരിച്ച് വീണ്ടും തുടർ സന്ദർശനവും ചർച്ചകളും ഉണ്ടാകുമെന്ന് അവർ പറഞ്ഞു. അന്തിമമായി തയ്യാറാകുന്ന എം. എ. പി. സംസ്ഥാന സർക്കാർ വഴി കേന്ദ്ര ഗവൺമെന്റിന് സമർപ്പിക്കും.

നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ ചിലവിന്റെ 60% കേന്ദ്ര ഗവൺമെന്റും 40% സംസ്ഥാന ഗവൺമെന്റ് ആയിരിക്കും വഹിക്കുന്നത്. കേന്ദ്ര തണ്ണീർതട ജൈവവൈവിധ്യ ബോർഡ് ദേശീയ പ്രോജക്ട് കോഡിനേറ്റർ സുജിത അശ്വതി, വാട്ടർ മാനേജ്മെന്റ് ടെക്നിക്കൽ ഓഫീസർ ഹർഷ് ഗോപിനാഥ്, സംസ്ഥാന തണ്ണീർതട അതോറിറ്റി പ്രോജക്ട് സയൻടിസ്റ്റ് യു. മഞ്ജുഷ എന്നിവർ പരിപാടികൾ വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ എം രജനി, ഉഷാകുമാരി, പ്രകാശിനി,കായൽ കൂട്ടായ്മ രക്ഷധികാരി എസ് ദിലീപ്കുമാർ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എ.ഇ. ബിനി,പരിസ്ഥിതിപ്രവർത്തകൻ വിജയൻ കെ പവിത്രേശ്വരം, കുടുംബശ്രീ ചെയർപേഴ്സൺ ജയശ്രീ, ദേവസ്വം ബോർഡ് കോളേജ് ഭൂമിത്രസേന ക്ലബ് കോഡിനേറ്റർ എസ് ആർ ധന്യ എന്നിവർ പങ്കെടുത്തു.

ഐഎൻടിയുസി പ്ലാറ്റിനം സമ്മേളനം വിജയിപ്പിക്കും

കുന്നത്തൂർ : മേയ് 3ന് തിരുവനന്തപുരത്ത് നടക്കുന്ന ഐഎൻടിയുസി പ്ലാറ്റിനം സമ്മേളനം വിജയിപ്പിക്കുവാൻ കുന്നത്തൂർ റീജീയണൽ നേതൃയോഗം തീരുമാനിച്ചു.ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.കെ ഹഫീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ നിർവ്വാഹ സമിതി അംഗം വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.

ഐഎൻടിയുസി കുന്നത്തൂർ റീജീയണൽ നേതൃയോഗം ജില്ലാ പ്രസിഡന്റ് എ.കെ ഹഫീസ് ഉദ്ഘാടനം ചെയ്യുന്നു

ചടങ്ങിൽ കുന്നത്തൂർ റീജീയണൽ പ്രസിഡന്റായി തടത്തിൽ സലിം ചുമതലയേറ്റു.കൃഷ്ണവേണി ശർമ്മ,വൈ.എ സമദ്,തുണ്ടിൽ നൗഷാദ്,കാത്തിരവിള അജയകുമാർ,രവി മൈനാഗപ്പള്ളി,ചവറ ഹരീഷ് കുമാർ, വി.ഡി സുദർശനൻ,കുന്നത്തൂർ ഗോവിന്ദപിള്ള,സിജു കോശി വൈദ്യൻ, ശുരനാട് ശ്രീകുമാർ,ഗോപകുമാർ, വൈ.നജിം,ശാന്തകുമാരി,അനുജ വിജയൻ,ജയശ്രീ രമണൻ,സരസ ചന്ദ്രൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

ന്യൂജനറേഷന്‍ മയക്കുമരുന്നായ എം.ഡി.എം.എയുമായി മൈനാഗപ്പള്ളി സ്വദേശി യുവാവ് പോലീസ് പിടിയിലായി

ന്യൂജന്‍ മയക്ക് മരുന്നായ എം.ഡി.എം.എ യുമായി യുവാവ് പോലീസ് പിടിയിലായി. കൊല്ലം സിറ്റി പോലീസ് പരിധിയില്‍ മയക്ക്മരുന്ന് സംഘങ്ങള്‍ക്കെതിരെ നടത്തി വരുന്ന സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായ പരിശോധനയിലാണ് യുവാവ് പിടിയിലായത്.


മൈനാഗപ്പളളി കുറ്റിപ്പുറം കടപ്പ ബിപിന്‍ നിവാസില്‍ ബിപിന്‍ വേണു (30) ആണ് കരുനാഗപ്പളളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വൈകുന്നേരം(20.04.2022) കരുനാഗപ്പളളി കല്ലുകടവ് പാലത്തിന് പടിഞ്ഞാറ് വിജയലക്ഷ്മി കാഷ്യൂ ഫാക്ടിറിക്ക് സമീപം നിന്നുമാണ് യുവാവിനെ 6.08 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.
രണ്ട് പ്ലാസ്റ്റിക് പൊതികളിലായി പേഴ്സില്‍ സൂക്ഷിച്ചിരുന്ന മയക്ക്മരുന്നാണ് പോലീസ് സംഘം പിടികൂടിയത്.
കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അലോഷ്യസ് അലക്സാണ്ടര്‍, എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, നൗഷാദ് എസ്.സി.പി.ഒ രാജീവ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് മയക്ക് മരുന്ന് പിടികൂടിയത്.

ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാതിരുന്നതിന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ബൈക്ക് വീട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാത്ത വിരോധത്തിന് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയിലായി. നെടുമ്പന വില്ലേജില്‍ നല്ലില പഴങ്ങാലം ഉണ്ണിയേശു കോളനിക്ക് സമീപം അശോക ഭവനം വീട്ടില്‍ നിന്നും നല്ലില ജെ.ബി സിനിമാസിന് സമീപം മിനി ഭവനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ഗിരീഷ്കുമാര്‍ (38) ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ 10 ന് രാത്രി നല്ലില വൈ.എം.സി.എ കെട്ടിടത്തിന്‍റെ മുന്നിലിരുന്ന പ്രദീപ്കുമാര്‍ എന്ന യുവാവിന്‍റെ അടുത്തേക്ക് ഇയാള്‍ കത്തിയുമായി കടന്ന് വന്ന് വെട്ടുകയായിരുന്നു. പരിക്കേറ്റ ഇയാളെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. യുവാവിന്‍റെ വീട്ടില്‍ ബൈക്ക് വയ്ക്കണമെന്ന പ്രതിയുടെ ആവശ്യം നിരാകരിച്ചതിന്‍റെ വിദ്വേഷത്തിലാണ് ആക്രമിച്ചത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ തിരികെ നാട്ടിലെത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നല്ലില നിന്നും പിടികൂടുകയായിരുന്നു. കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്‍കുമാര്‍ യൂപി യുടെ നേതൃത്വത്തില്‍ എസ്.ഐ സജീവ്.ഡി, ജി. തുളസീധരന്‍പിളള, എ.എസ്.ഐ ഹരിസോമന്‍, സി.പി.ഓ ലാലുമോന്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

പെരുവേലിക്കരയിൽ ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ശാസ്താംകോട്ട : പെരുവേലിക്കരയിൽ ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.പൗണ്ട് മുക്ക് – പാറയിൽ മുക്ക് റോഡിൽ ആയൂർവേദ ആശുപത്രിക്ക് സമീപം ട്രാൻസ്ഫോർമറിന് മുമ്പിലാണ് പൈപ്പ് പൊട്ടിയത്.കഴിഞ്ഞ നാല് ദിവസമായി രാപകൽ വ്യത്യാസമില്ലാതെ കുടിവെള്ളം പാഴാകുകയാണ്.റോഡിന് അടിയിലൂടെ സ്ഥാപിച്ചിട്ടുള്ള കുന്നത്തൂർ ശുദ്ധജല പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്.

പെരുവേലിക്കരയിൽ ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

വേനൽക്കാലത്ത് കുടിവെള്ളത്തിനായി ജനം പരക്കം പായുമ്പോഴാണ് ഇത്തരത്തിൽ ജലം പാഴാകുന്നത്.വെള്ളം കുത്തി ഒഴുകുന്നതിനാൽ റോഡിന്റെ തകർച്ചയ്ക്കും അപകടങ്ങൾക്കും കാരണമാകുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്.നിരവധി തവണ വാട്ടർ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്.

തൃക്കണ്ണാപുരം ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം

കുന്നത്തൂർ : കുന്നത്തൂർ മാനാമ്പുഴ തൃക്കണ്ണാപുരം മഹാദേവർ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം നാളെ സമാപിക്കും.ഇന്ന് രാവിലെ 8ന് ഭാഗവത പാരായണം,രാത്രി 7ന് പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ ആദ്ധ്യാത്മിക പ്രഭാഷണം,9 ന് കൗമുദി സി.എസ് അവതരിപ്പിക്കുന്ന സംഗീതസദസ്സ്.സമാപന ദിവസമായ നാളെ രാവിലെ 9 ന് കലശം,നവകം,കലശാഭിഷേകം,12 ന് നൂറുംപാലും,വൈകിട്ട് 3.30 ന് കെട്ടുകാഴ്ച,രാത്രി 8 ന് നാടകം – പ്രമാണി എന്നിവ നടക്കും.

ദുരന്തത്തിനായി കാത്തിരിക്കാതെ മൈനാഗപ്പള്ളി പള്ളിമുക്കിലെ ഇലവ് മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ

മൈനാഗപ്പള്ളി : വലിയൊരു ദുരന്തത്തിനായി കാത്തിരിക്കാതെ മൈനാഗപ്പള്ളി പള്ളിമുക്കിൽ റോഡരികിൽ അപകടകരമായി നിൽക്കുന്ന ഇലവ് മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.രാപകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന കരുനാഗപ്പള്ളി – കൊട്ടാരക്കര പ്രധാന പാതയോരത്താണ് മരം നിൽക്കുന്നത്.തൊട്ടടുത്ത് കൂടി11 കെ.വി ഇലക്ടിക് വൈദ്യുതി ലൈൻ കടന്ന് പോകുന്നുണ്ട്.

കൂടാതെ ബസ് കയറി പോകുന്നതിനും സമീപത്തെ ചെറുപിലാക്കൽ ജുമാ മസ്ജിദിലെത്തുന്നവർ അടക്കം നിരവധി ആളുകൾ എത്തുന്ന സ്ഥലമാണിത്.മരത്തിന് തൊട്ടടുത്ത് തന്നെയാണ് ബസ് കാത്തിരുപ്പു കേന്ദ്രങ്ങളും ഓട്ടോറിക്ഷാ സ്റ്റാൻഡും.നിരവധി കടകളും സ്ഥിതി ചെയ്യുന്നു.മരം മറിഞ്ഞു വീഴുകയോ മറ്റോ ചെയ്താൽ വലിയ ദുരന്തമായിരിക്കും സംഭവിക്കുക.മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പി.ഡബ്ല്യൂ.ഡി അധികൃതർക്കും പഞ്ചായത്ത് അധികൃതർക്കും നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

പെട്രോൾ , ഡീസൽ, പാചക വാതക വില വർധന വിനെതിരെ എൽ ഡി എഫ് മാർച്ചും ധർണയും 


കുന്നത്തൂരിൽ സബ് ട്രെഷറിയുടെ മുന്നിൽ നിന്നും ആരംഭിച്ച ബഹുജന മാർച്ച്‌ ശാസ്താം കോട്ട പോസ്റ്റ്‌ ഓഫീസിന് മുന്നിൽ സമാപിച്ചു.  തുടർന്ന് നടന്ന മാർച്ചും ധർണയും സി പി എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കൊടി ഉദ്ഘാടനം ചെയ്തു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം

മാർച്ചും ധർണയും സി പി എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കൊടി ഉദ്ഘാടനം ചെയ്യുന്നു

 കെ. ശിവശങ്കരൻ നായർ അധ്യക്ഷത വഹിച്ചു. ബി. വിജയമ്മ, അഡ്വ. സി. ജി. ഗോപു കൃഷ്ണൻ, വി. ആർ. ബാബു, ജി. പ്രദീപ്‌, ഹരികുമാർ,ആർ. അജയൻ, ആർ. അനീറ്റ  (സി പി ഐ ), ടി. ആർ. ശങ്കരപ്പിള്ള, അൻവർ ഷാഫി, യേശ്പാൽ, കെ കെ. രവി കുമാർ (സി പി എം ),

ഉഷാലയം ശിവരാജൻ (കേരള കോൺഗ്രസ്‌ ), ജി. ആർ. വർമ (ജനതദ ൾ ) പ്രൊഫ. മാധവൻ പിള്ള (എൽ ജെ ഡി ),ആർദർ ലോറൻസ് (ജനാധിപത്യ കേ. കോൺഗ്രസ്‌ ) എന്നിവർ സംസാരിച്ചു 

Advertisement