ശാസ്താംകോട്ട : മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം രണ്ടാം വാർഡിൽ യുഡിഎഫ് -എൽഡിഎഫ് സ്ഥാനാർത്ഥികളെ നേതൃത്വം പ്രഖ്യാപിച്ചു.യുഡിഎഫ്
സ്ഥാനാർത്ഥിയായി ശാസ്താംകോട്ട ബാറിലെ അഭിഭാഷകനും
കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ അഡ്വ.സുധികുമാറും എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ ശൂരനാട് വടക്ക് ലോക്കൽ കമ്മിറ്റിയംഗം ബി.സുനിൽ കുമാറും മത്സരിക്കും.
ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.ശക്തമായ ത്രികോണ മത്സരത്തിനാണ് സംഗമം വാർഡ് വേദിയാകുന്നത്.കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായിരുന്ന വേണു വൈശാലിയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.സ്ഥാനാർത്ഥിയായി പ്രഖ്യാപനം വന്നതോടെ സുധികുമാറും സുനിൽകുമാറും പ്രചാരണ രംഗത്ത് സജീവമായി.പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറിനും മറ്റ് നേതാക്കൾക്കുമൊപ്പം വേണു വൈശാലിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ മാതാവിന്റെയും ഭാര്യയുടെയും അനുഗ്രഹം വാങ്ങിയാണ് സുധികുമാർ പ്രചാരണത്തിന് തുടക്കം കുറിച്ചത്.
സുനിൽ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച കൺവൻഷൻ സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്തു. സി.ദിവാകരൻ അധ്യക്ഷത വഹിച്ചു.മുൻ എം.പി കെ.സോമപ്രസാദ്, കോവൂർ കുഞ്ഞുമോൻ എംഎൽഎ ,അഡ്വ.ജി.ലാലു,എം.ശിവശങ്കരപിള്ള ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു.കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന് സിപിഐ നേതൃത്വം സംഗമം വാർഡിലെ ഉപതെരഞ്ഞെടുപ്പ് ചുമതല നൽകിയതായും സൂചനയുണ്ട്.കഴിഞ്ഞ തവണ 86 വോട്ടിന് വേണു വൈശാലിയോട് പരാജയപ്പെട്ട സ്ഥാനാർത്ഥി കൂടിയാണ് സുനിൽകുമാർ.
യുഡിഎഫ് സ്ഥാനാർത്ഥിക്കു വേണ്ടി കൊടിക്കുന്നിൽ സുരേഷ് എം.പി,രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രചരണത്തിന് വരും ദിവസങ്ങളിൽ എത്തും.ശനിയാഴ്ച മുതൽ ഇരു സ്ഥാനാർത്ഥികളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കയറിയുള്ള പ്രവർത്തനം ഊർജിതമാക്കും.18 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫ് – 9,എൽഡിഎഫ്-6, ബിജെപി- 1,എസ്ഡിപിഐ – 1,സ്വതന്ത്രൻ -1 എന്നിങ്ങനെയാണ് കക്ഷിനില.വേണു വൈശാലിയുടെ നിര്യാണത്തോടെ യുഡിഎഫിന് 8 അംഗങ്ങളാണ് നിലവിലുള്ളത്.നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഏപ്രിൽ 27 വൈകിട്ട് 4വരെയാണ്.സൂക്ഷ്മപരിശോധന 28നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ മുപ്പതുമാണ്.മേയ് 18 ന് പഞ്ചായത്ത് ഓഫീസിൽ വച്ച് വോട്ടെണ്ണലും തുടർന്ന് ഫലപ്രഖ്യാപനവും നടക്കും.