കൊട്ടാരക്കര: ബിസിനസ് പങ്കാളി ആക്കാമെന്നും, ലക്ഷങ്ങൾ വിലയുള്ള ഗിഫ്റ്റ് നൽകാമെന്നും വാഗ്‌ദാനം ചെയ്തും, ഗിഫ്റ്റ് ലഭിക്കുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ പണം ആവശ്യപ്പെട്ടും എകദേശം ഒന്നര വർഷം കൊണ്ട് കുന്നിക്കോട് സ്വദേശി ആയ പ്രവാസിയിൽ നിന്നും ഒരു കോടി ആറു ലക്ഷത്തിൽ പരം രൂപ തട്ടിച്ച സംഘത്തിലെ പ്രധാനിയായ നാഗാലാൻഡ് കൊഹിമ സ്വദേശി ആയ 33 വയസുള്ള യാമ്പമോ ഒവുങ് എന്നയാളെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് ഡൽഹിയിൽ വസന്ത്കുഞ്ച് എന്ന സ്ഥലത്ത് താമസിച്ച് വരുകയായിരുന്നു ഇയാള്‍. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ബി രവി ഐ.പി.എസ് ന്റെ നിർദ്ദേശ പ്രകാരം കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വന്ന ഈ കേസിൽ ഡൽഹി ഗുഡ്ഗാവ് ഐ.ടി പാർക്കിൽ കസ്റ്റമർ കെയർ സർവീസ് റെപ്രെസെന്ററ്റീവ് ആയി ജോലി നോക്കി വന്നിരുന്ന പ്രതിയെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഏലിയാസ് പി ജോർജ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സി.എസ് ബിനു , സിവിൽ പോലീസ് ഓഫീസർ സജിത്ത് ജി.കെ എന്നിവർ ചേർന്ന് ഡൽഹി കിഷൻ ഗഡിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
പട്യാല മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിലേക്കു വാറന്റ് അനുവദിച്ചു .തിങ്കളാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും. 47 വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഡൽഹിയിലും കേന്ദ്രീകരിച്ചാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ കഴിഞ്ഞ രണ്ടാഴ്ചയോളമായി ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലുമായി നടത്തിവന്ന അന്വേഷണത്തോനൊടുവിലാണ് പ്രതി പിടിയിലായത്. ഈ കേസിലെ മറ്റു പ്രതികൾക്കായി ശക്തമായ അന്വേഷണം നടന്നു വരുകയാണ്.