ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ ഇളക്കി മാറ്റിയ കൊടിമരം ആചാരമനുസരിച്ച് ദഹിപ്പിച്ചു

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഇളക്കി മാറ്റിയ കൊടിമരം ആചാരമനുസരിച്ച് ദഹിപ്പിച്ചു.പുതിയ സ്വർണ കൊടിമരം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പഴയ കൊടിമരത്തിന്റെ ദഹനം നടത്തിയത്.ഇന്ന് രാവിലെ ഒൻപതോടെ ക്ഷേത്രത്തിന്റെ നട അടച്ചശേഷമാണ് പുജാകർമങ്ങൾക്ക് തുടക്കം കുറിച്ചത്.ക്ഷേത്രം തന്ത്രിയുടെയും മേൽശാന്തിയുടെയും കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.

ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് ആനത്തറിക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ ഭാഗത്തായിരുന്നു രാവിലെ പത്തോടെ കൊടിമരത്തിന്റെ ദഹനം.ഇതിനായി തയ്യാറാക്കിയ കുഴിയിൽ ഹോമം അടക്കമുള്ള പൂജകൾ നടന്നു.പിന്നീട്
തൊണ്ടും ചിരട്ടയും പ്ലാവ് വിറകും അടുക്കി.ഇതിനു ശേഷം കീറി സൂക്ഷിച്ചിരുന്ന തേക്ക് മരത്തിലുള്ള കൊടിമരം അടുക്കി.ക്ഷേത്രം മേൽശാന്തി ഹരികൃഷ്ണൻ അഗ്നി പകർന്നു.ഏകദേശം 55 അടിയോളം ഉയരമാണ് കൊടിമരത്തിന് ഉണ്ടായിരുന്നത്.ഭരണ സമിതി ഭാരവാഹികളും ഭക്തരും അടക്കം നിരവധിയാളുകൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Advertisement