കരുനാഗപ്പള്ളിയുടെ നിരത്തുകള്‍ കയ്യേറി കച്ചവടക്കാര്‍,നോക്കുകുത്തിയായി നഗരസഭ

Advertisement

കരുനാഗപ്പള്ളി. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ടൗണിലെ പ്രധാന കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെ അവശേഷിക്കുന്ന സ്ഥലങ്ങള്‍ കയ്യേറി വഴിയോര കച്ചവടക്കാര്‍.കരുനാഗപ്പള്ളി ഹൈസ്ക്കൂള്‍ ജംഗ്ഷന്‍ മുതല്‍ താലൂക്ക് ആശുപത്രി വരെയുള്ള ദേശീയപാതയുടെ ഇരുവശവും പൂര്‍ണ്ണമായും കച്ചവടക്കാര്‍ കയ്യടക്കി കഴിഞ്ഞു.മൂന്നു സ്കൂളുകളിലെ വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടക്കാര്‍ ഒരിഞ്ചു സ്ഥലം നടക്കാന്‍ പോലുമില്ലാതെ ബുദ്ധിമുട്ടുമ്പോഴും നഗരസഭ ഇതൊന്നും അറിഞ്ഞ മട്ടേയില്ല. ഉന്തുവണ്ടി കച്ചവടക്കാര്‍ തുടങ്ങി പച്ചക്കറി,തട്ടുകട വരെയുള്ള വന്‍കിടകിടക്കാര്‍ വരെ റോഡ് മാര്‍ജിന്‍ പൂര്‍ണ്ണമായും കയ്യടക്കിയിട്ട് മാസങ്ങളായെങ്കിലും ഒരു നടപടിക്കും നഗരസഭയ്ക്ക് താല്‍പര്യമില്ല.

ശാസ്താംകോട്ട റോഡില്‍ മാര്‍ക്കറ്റ് വരെയുള്ള ഭാഗവും കച്ചവടക്കാര്‍ തോന്നുംപടി സ്വന്തമാക്കി കഴിഞ്ഞിട്ടും നഗരസഭക്ക് ഒരു കുലുക്കവുമില്ല.ടൗണില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളാകട്ടെ ലോട്ടറി തട്ടുകാരുടെ അധീനതയിലായി.

അപകടം നിറഞ്ഞ വളവുകളാണ് ഇവരുടെ പ്രധാന വിപണന കേന്ദ്രങ്ങള്‍.ഇവിടങ്ങളില്‍ റോഡുകിലേക്ക് ഇറക്കി വെച്ച് ലോട്ടറി കച്ചവടം സംഘടിപ്പിക്കുന്നത് സ്ത്രീകളെയടക്കം ദിവസക്കൂലിക്ക് ഇരുത്തുന്ന സംഘങ്ങളാണ്.ലോട്ടറി വാങ്ങാനെത്തുന്നവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു വഴിയുള്ള അപകടങ്ങള്‍ ഇവിടങ്ങളില്‍ പതിവാണ്.പരാതികള്‍ ഏറിയിട്ടും റോഡ് മാര്‍ജിന്‍ കയ്യേറിയുള്ള ലോട്ടറി വ്യാപാര തട്ടുകള്‍ക്കെതിരെ നഗരസഭ ഒരു നടപടിയും സ്വീകരിക്കുന്നില്ല.കരുനാഗപ്പള്ളിയില്‍ ആര്‍ക്കും എവിടെയും റോഡ് കയ്യേറി എന്ത് കച്ചവടവും ആകാമെന്ന നിലവന്നതോടെ കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.

ടൗണിലെ അനധികൃത കച്ചവടങ്ങളും ഉള്‍റോഡുകള്‍ കയ്യേറിയുള്ള ലോട്ടറി വ്യാപാരവും അവസാനിപ്പിക്കണമെന്നുള്ള പരാതികള്‍ പ്രവഹിക്കുമ്പോഴും നഗരസഭ ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറല്ല.പോലീസും ഇക്കാര്യത്തില്‍ മൗനം പാലിച്ചതോടെ കാല്‍നടക്കാരും വാഹനയാത്രികരുമായ സാധാരണക്കാരാണ് വലയുന്നത്

Advertisement