തേവലക്കര. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മീനില്‍പുഴുക്കളെ കണ്ടതിനെത്തുടര്‍ന്ന് പരാതി. ആരോഗ്യവകുപ്പിന് പരാതി നല്‍കിയിട്ടും നടപടി വൈകിയെന്ന് ആക്ഷേപം. തേവലക്കര മാര്‍ക്കറ്റില്‍ നിന്നും ചൂരമീന്‍ വാങ്ങിയ കല്ലുംപുറത്ത് വീട്ടില്‍ സുരേഷ് കുമാറാണ് പരാതി നല്‍കിയത്.
മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മീനില്‍പുഴുകണ്ടതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരെ സമീപിച്ച് പരാതി അറിയിച്ചു. മീന്‍ സഹിതമെത്തിയാണ് പരാതിപ്പെട്ടത്. എന്നിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് ഇദ്ദേഹം മല്‍സ്യവുമായി ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി പരാതി നല്‍കുകയായിരുന്നു. മാധ്യമങ്ങളില്‍പ്രശ്‌നം വാര്‍ത്തയായതോടെ ഉദ്യോഗസഥര്‍ മാര്‍ക്കറ്റില്‍ എത്തി അന്വേഷണം നടത്തുകയും പരിശോധനക്ക് സാംപിള്‍ എടുക്കുകയും ചെയ്തു. പരാതി നല്‍കിയിട്ട് താന്‍പിന്‍വാങ്ങുന്നില്ലെന്ന് കണ്ടതിനാലാണ് പരിശോധനക്കുപേലും അധികൃതര്‍ തയ്യാറായതെന്ന് സുരേഷ് പറയുന്നു. തനിക്ക് മല്‍സ്യം തന്ന വില്‍പനക്കാരി പറയുന്നത് ഇത്തരം 70മീന്‍ അവര്‍ വിറ്റെന്നാണ്. ആരും പരാതി പറഞ്ഞില്ലത്രേ. ഇത്തരത്തില്‍ മോശപ്പെട്ട സാധനം ധാരാളമായിനാട്ടുചന്തകളില്‍ വിറ്റഴിക്കുകയാണെന്ന് സുരേഷ് പറയുന്നു.
പരാതി പറഞ്ഞിട്ടുപോലും പരിഹാരത്തിന് ശ്രമിക്കാത്ത അധികൃതര്‍ ജനം ധാരാളമായി വാങ്ങിപ്പോകുന്ന മല്‍സ്യങ്ങളില്‍ ഒന്നും ഒരു പരിശോധനയും നടത്തുന്നില്ല. ഏറ്റവും ലാഭകരമായ കച്ചവടമാണ് മല്‍സ്യം. ചീയാത്ത മല്‍സ്യം തമിഴ്നാട്ടില്‍നിന്നും എത്തിച്ച് നീണ്ടകര മല്‍സ്യം എന്നപേരിലാണ് വില്‍പ്പന. നീണ്ടകരയില്‍പ്പോലും ഈ മല്‍സ്യം ലോറിയില്‍ ഇറങ്ങുന്നുണ്ട്. നീണ്ടകരയില്‍ വച്ച് വില്‍ക്കുന്നത് നീണ്ടകരയിലേതാണ്എന്ന് വാങ്ങുന്നവര്‍ തെറ്റിദ്ധരിക്കും. ഇതിനൊന്നും ഒരു പരിശോധനയും നടക്കാറില്ല. കായല്‍ മല്‍സ്യങ്ങളിലും വന്‍ മായം നടക്കുന്നുണ്ടെന്ന് പരാതിയുണ്ട്. അഷ്ടമുടിക്കായലിന്‍റെ തീരത്തുള്ള കടവുകളോട് ചേര്‍ന്ന് പോലും മായമുള്ള മീന്‍ വില്‍ക്കുന്നുണ്ട്.