കരുനാഗപ്പള്ളിയില്‍ വികസനം വരട്ടെ, നല്ല ചിരി ചിരിക്കുന്നവരെ കുന്നത്തൂരുകാര്‍ക്ക് വലിയ ഇഷ്ടമാണ്

Advertisement

മാധ്യമപ്രവര്‍ത്തകന്‍ മൈനാഗപ്പള്ളി സ്വദേശി സിബിസത്യന്‍ ഫേസ് ബുക്കില്‍ എഴുതുന്നു

ഇന്നു വായിച്ച വാര്‍ത്തയാണ്,. കരുനാഗപ്പള്ളി മണ്ഡലത്തിലെ മൂന്നാമത്തെ റയില്‍വേ മേല്‍പ്പാലത്തിനും അനുമതിയായി. മാളിയേക്കല്‍ മുക്ക്, ചിറ്റുമൂല എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങള്‍ക്കു പിന്നാലെയാണ് കരുനാഗപ്പള്ളി റയില്‍വേ സ്റ്റേഷനു സമീപം ഇടക്കുളങ്ങര ലെവല്‍ ക്രേസില്‍ പാലം വരുന്നത്. ഇതിനായി 31.28 കോടി രൂപയുടെ എസ്റ്റിമേറ്റിന് റെയില്‍വേ അനുമതി കൊടുത്തു.

പദ്ധതിയുടെ 50 ശതമാനം സംസ്ഥാന സര്‍ക്കാരും 50 ശതമാനം കേന്ദ്രസര്‍ക്കാരുമാണ് വഹിക്കുന്നത്. സ്ഥലമേറ്റെടുപ്പിന് രണ്ടു കോടി മുപ്പതു ലക്ഷം രൂപയുടെ ഭണാനുമതി നേരത്തേ തന്നെ നല്കിയിരുന്നു.

മൂന്നു റയില്‍വേ പാലങ്ങള്‍ക്ക് അനുമതി വാങ്ങിച്ചെടുത്തു കരുനാഗപ്പള്ളിയെ പുരോഗതിയിലേക്കു നയിച്ച മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ നായര്‍ക്ക് അഭിനന്ദനങ്ങള്‍.

എല്‍ഡിഎഫിന്റെ എംഎല്‍എയും യുഡിഎഫിന്റെ എംപിയും ചേര്‍ന്നാലും വികസനം വരുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളിക്കുണ്ടായ വികസനം.

തൊട്ടിപ്പുറം മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കുന്നത്തൂര്‍ മണ്ഡലമുണ്ട്. അവിടെ ഒന്നര കിലോമീറ്ററില്‍ എല്ലാ പ്രധാന റോഡുകളെയും ശ്വാസം മുട്ടിച്ച് നാലു റെയില്‍വേ ലെവല്‍ ക്രോസുകളാണ് ഒരു ലെവലുമില്ലാതെ കിടക്കുന്നത്.

ഇവിടെ ഞങ്ങളുടെ എല്‍ഡിഎഫ് എംഎല്‍എ ബഹുമാന്യനായ കോവൂര്‍ കുഞ്ഞുമോനാണ്. ഞങ്ങളുടെ യുഡിഎഫ് എംപി ബഹുമാന്യനായ കൊടിക്കുന്നില്‍ സുരേഷ് അവര്‍കളാണ്. നല്ല ചിരിയാണ് രണ്ടു പേരുടെയും. ക്‌ളബ് ഉദ്ഘാടനത്തിനു വിളിച്ചാല്‍ പോലും വരും. നല്ല വെള്ളമുണ്ട് കഞ്ഞിപ്പശ ചേര്‍ത്ത് നന്നായി തേച്ചുടുക്കും. എല്ലാരോടും സ്‌നേഹത്തിലാണ് ഇടപെടല്‍. നമുക്കെന്തിന് വികസനം. സ്‌നേഹം മതിയല്ലോ.

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആയിട്ട് ഇരുപത്തിയൊന്നു വര്‍ഷമായി. ഇരുപത്തിയഞ്ച് എന്തായാലും തികയ്ക്കും. ആദ്യത്തെ രണ്ടു ടേം കഴിഞ്ഞപ്പോഴേ കാര്യമൊന്നുമില്ലെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞതാണ്. എന്നാലും പിന്നേം മൂന്നു വട്ടം കൂടി ജയിപ്പിച്ചു. അതാണ് ഞങ്ങ കുന്നത്തൂരുകാരുടെ സ്‌നേഹം. വേണ്ടി വന്നാല്‍ ഇനിയും ജയിപ്പിക്കും. തോല്‍പിക്കില്ല.

കൊടിക്കുന്നില്‍ സുരേഷ് സാറ് വല്യ പുള്ളിയാണ്. ഏഴു വട്ടമാണ് ഡല്‍ഹിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു പോയത്. അദ്ദേഹവും ഏതാണ്ട് 20 കൊല്ലമടുക്കുന്നു എംപിയായിട്ട്. ആദ്യം അടൂര്‍ മണ്ഡലമായതു കൊണ്ട് രണ്ടു വട്ടം തോല്‍വി അറിയേണ്ടി വന്നു. പക്ഷേ മാവേലിക്കരയില്‍ അദ്ദേഹത്തിന് പ്രശ്‌നം വരില്ല. കാരണം നല്ല ചിരി ചിരിക്കുന്നവരെ കുന്നത്തൂരുകാര്‍ക്ക് വലിയ ഇഷ്ടമാണ്. അടുത്ത 20 കൊല്ലം കൂടി ഞങ്ങള്‍ ജയിപ്പിക്കും. പിന്നെ വികസനം എന്നൊന്നും വന്ന് പറഞ്ഞേക്കരുത്. ഞങ്ങളെ ചിരിച്ചു കാണിച്ചാല്‍ മതി.

കരുനാഗപ്പള്ളി മുന്‍ എം.എല്‍.എ ശ്രീ രാമചന്ദ്രന്‍ നായരോട് ഒറ്റവാക്കേ പറയാനുള്ളൂ. ഞങ്ങളുടെ ബഹുമാന്യനായ കുന്നത്തൂര്‍ രോമാഞ്ചം കുഞ്ഞുമോനോട് ഒരു വാക്ക് ചോദിച്ച് അല്‍പം ഉപദേശം വാങ്ങി അഞ്ചു വര്‍ഷം ചുമ്മാ ചിരിച്ചു നടന്നിരുന്നേല്‍ പിന്നേം അഞ്ചു വര്‍ഷം കൂടി ഭരിക്കാമായിരുന്നു. ഇതിപ്പോ മേല്‍പ്പാലം വികസനം എന്നൊക്കെ പറഞ്ഞു നടന്ന് ആവശ്യമില്ലാത്ത പണി കാണിച്ചതു കൊണ്ടല്ലേ വീട്ടിലിരിക്കേണ്ടി വന്നത്.

കണ്ടു പഠിക്കണം ഞങ്ങ നേതാക്കളെ! ജയ് കുന്നത്തൂര്‍

(NB- നമ്മളെയൊക്കെ വീട്ടില്‍ കയറിയിറങ്ങി നിര്‍ബന്ധിച്ച് ഇവര്‍ക്കൊക്കെ വോട്ടു ചെയ്യിച്ച ചില മരപ്പാഴ് ലോക്കല്‍ നേതാക്കളുണ്ട്. അടുത്ത തവണ സ്ഥാനാര്‍ഥിക്ക് വോട്ടും ചോദിച്ചു വന്നാല്‍ ചാണകത്തില്‍ ചൂലുമുക്കി അടിക്കേണ്ടത് അവറ്റകളെയാണ്. അങ്ങനെങ്കിലും അമര്‍ഷം കാണിച്ചില്ലേല്‍ പിന്നെന്തു കഥ!)

Advertisement