നാട്ടുമാവിലെ പൂക്കാലം പോലെ 37വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഊര്‍ജ്ജതന്ത്രക്ളാസ്

Advertisement

ശാസ്താംകോട്ട. എത്ര പ്രായം കഴിഞ്ഞാലും കൃത്യമായി നിറയെ പൂക്കുന്ന ഒരു നാട്ടുമാവുപോലെ യായിരുന്നു ആ ക്ളാസ്. അവരുടെ യൗവനത്തിന്‍റെ ഊര്‍ജ്ജതന്ത്രത്തിന് ഒരു മങ്ങലുമുണ്ടായിരുന്നില്ല. പരസ്പര സ്നേഹത്തിന്‍റെ രസതന്ത്രമായിരുന്നു അത് നിലനിര്‍ത്തിയത്. കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഡിബി കോളജില്‍ കഴിഞ്ഞദിവസം അസാധാരണമായ ഒരു പൂര്‍വ വിദ്യാര്‍ഥി സംഗമമാണ് അരങ്ങേറിയത്.

1982-85 ബാച്ച് ഫിസിക്‌സ് വിഭാഗത്തിലെ പൂര്‍വ വിദ്യാര്‍ഥി സംഗമമാണ് കോളജില്‍ നടന്നത്. 24 പേരില്‍ ഒരാള്‍ മരിച്ചുപോയി ബാക്കി 23ല്‍ 20 പേര്‍ പങ്കെടുത്തു. സര്‍വീസില്‍ റിട്ടയര്‍മെന്റിന്റെ വക്കിലെത്തിയവരും ഗൃഹസ്ഥാശ്രമികളും കൊച്ചുമക്കളെ നോക്കേണ്ടവരും ഒക്കെ കൂട്ടത്തിലുണ്ടായിരുന്നു. യേശുദാസന്‍ വൈദ്യനാണ് അകാലത്തില്‍ വേര്‍പിരിഞ്ഞത്. അധ്യാപകരില്‍ പ്രഫ. ജനാര്‍ദ്ദന അയ്യര്‍, പ്രഫ. വിജയകുമാരി,പ്രഫ. വിലാസചന്ദ്രന്‍ എന്നിവരും വേര്‍പിരിഞ്ഞു.

ചില അധ്യാപകരെ വീട്ടിലെത്തി സംഘം ആദരിച്ചിരുന്നു.പ്രഫ. സിഎം നാരായണപിള്ള, മേജര്‍ ജി കെ പോറ്റി,പ്രഫ. ഉണ്ണികൃഷ്ണന്‍,പ്രഫ. രവീന്ദ്രനാഥ് എന്നിവര്‍ ഗുരുവന്ദനം പരിപാടിയില്‍ പങ്കെടുത്തു. നിലവിലെ പ്രിന്‍സിപ്പല്‍ ഡോ. ബീന, എച്ച്ഒഡി ജയശ്രീ എന്നിവര്‍ ഇവരുടെ ജൂനിയര്‍ ക്‌ളാസുകാരായിരുന്നു. അവരും ആശംസിക്കാനെത്തി.
പഴയ കാഴ്ചകള്‍ ആയിരുന്നില്ല കോളജിന്.

മതില്‍കെട്ടിനകത്തെ ക്യാംപസ്, പുതിയ വിശാലമായ കെട്ടിടങ്ങള്‍ സെക്യൂരിറ്റി സംവിധാനങ്ങള്‍ പുതിയ മരത്തണലുകള്‍ അവിടെ തളിര്‍ക്കുന്ന പുതിയ സൗഹൃദങ്ങള്‍, പുതിയ അധ്യാപകരും വിദ്യാര്‍ഥികളും 37വര്‍ഷത്തിന്റെ മാറ്റം പരസ്പരം പറഞ്ഞും കണ്ടും ആസ്വദിച്ചും അവര്‍ പഴയ കുട്ടികളായി, അധ്യാപകരുടെ ആശംസകള്‍ അവര്‍ക്ക് ചോക്കുപൊടിയുടെ അകമ്പടിയില്ലാത്ത ലക്ചര്‍ കളാസുകളായി. ഒരുപാട് പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങള്‍ നടക്കാറുണ്ടെങ്കിലും പഴയതില്‍ ഇത്രയും പൂര്‍ണമായ സംഗമം ആദ്യമാണെന്ന് അധ്യാപകര്‍ പറഞ്ഞു.