വരാനിരിക്കുന്നത് പഴയ കരുനാഗപ്പള്ളിയല്ല, പശ്ചാത്തലം വികസിക്കുന്നില്ലെങ്കില്‍ അനുഭവിക്കുന്നത് സാധാരണക്കാര്‍

Advertisement

കരുനാഗപ്പള്ളികൊണ്ടു ജീവിതം നടന്നുപോന്ന സാധാരണക്കാരാണ് അനുഭവിക്കാന്‍ പോകുന്നതെന്ന് ആരും ചര്‍ച്ചചെയ്തിട്ടില്ല

കരുനാഗപ്പള്ളി. ദേശീയപാതാവികസനം കൊണ്ട് ഏറ്റവും ഏറെ ബുദ്ധിമുട്ടിലാവുന്ന കൊല്ലം ജില്ലയിലെ ടൗണ്‍ ഏതെന്നു ചോദിച്ചാല്‍ അതു കരുനാഗപ്പള്ളിയാകും. കരുനാഗപ്പള്ളിയെ ഒരു കോട്ടകെട്ടി വേര്‍തിരിക്കുന്ന എലിവേറ്റഡ് ഹൈവേ ആണ് ഇവിടെ വരാന്‍ പോകുന്നത്. ഇതിനെതിരെ സമരം നടന്നുവെങ്കിലും അതുണ്ടാവില്ല എന്നുറപ്പ് എങ്ങുനിന്നും ലഭിക്കാതെ തന്നെ സമരം ഒതുങ്ങിയ മട്ടാണ്.

ഇരുവശത്തും സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് കോടികള്‍ നഷ്ടപരിഹാരം കിട്ടി. കരുനാഗപ്പള്ളിയിലൂടെ പോകുന്നവര്‍ക്ക് കൂടുതല്‍ വിശാലമായ പാതകള്‍ ലഭിക്കും. എന്നാല്‍ കരുനാഗപ്പള്ളികൊണ്ടു ജീവിതം നടന്നുപോന്ന സാധാരണക്കാരാണ് അനുഭവിക്കാന്‍ പോകുന്നതെന്ന് ആരും ചര്‍ച്ചചെയ്തിട്ടില്ല. ചെറുകിട കച്ചവടക്കാര്‍ റോഡിന്റെ ഇരുവശവും ഓടിനടന്ന് വില്‍പ്പന നടത്തിയവര്‍ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ ഇങ്ങനെയുള്ളവര്‍ക്ക് പുതിയ അഭയമാര്‍ഗം കാണേണ്ടതുണ്ട്.

നിലവിലെ പദ്ധതിയില്‍ വരാനിരിക്കുന്ന റോഡിന്‍റെ അവസ്ഥ ഇങ്ങനെ

വരാനിരിക്കുന്നത് പഴയ കരുനാഗപ്പള്ളിയല്ല. ഈ സാഹചര്യത്തില്‍ പലമേഖലയിലും പുതിയ വികസന സംവിധാനം ഒരുങ്ങേണ്ടതുണ്ട് ഇതിനെപ്പറ്റി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷികളും മൗനത്തിലാണ്.
മിനി സിവില്‍ സ്‌റ്റേഷനിലെ കോടതികളും വിവിധ ഓഫീസുകളും മുന്‍സിപ്പല്‍ ഓഫിസും പൊലീസ് സ്റ്റേഷനും അടക്കം സ്ഥലമെടുത്തതോടെ ഇല്ലാതാവുന്നു. ജനോപകാരപ്രദമായ രീതിയില്‍ ഓഫീസുകള്‍ക്ക് സ്ഥലം കണ്ടെത്തുന്നതിന് പകരം ഇത് പലരുടെയും കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള തന്ത്രമായാണ് അധികാരകേന്ദ്രങ്ങള്‍ കരുതുന്നത്. അതിന്റെ പേരില്‍ വലിയ കോഴ ആരോപണങ്ങളും ഉയര്‍ന്നു കേള്‍ക്കുന്നു.
ജനങ്ങള്‍ക്ക് സൗകര്യപ്രദമായി പൊതു ഗതാഗത സംവിധാനത്തോടു ചേര്‍ന്ന് ഓഫീസുകള്‍ സജ്ജമാക്കിയില്ലെങ്കില്‍ ജനങ്ങളാണ് അനുഭവിക്കുന്നത്. പ്രകത്യേകിച്ചും സ്വന്തം ഗതാഗത സംവിധാനമില്ലാത്ത പാവപ്പെട്ടവര്‍.

അതുപോലെ തന്നെ ബസ് ഷെല്‍ട്ടറുകളും സ്റ്റാന്‍ഡും പുനക്രമീകരിക്കേണ്ടിവരും. സ്വകാര്യ ബസ് സ്റ്റാന്‍ഡ് എന്ന ആശയം തന്നെ പൊളിച്ചുകളഞ്ഞ്അതിനായി വാങ്ങിയ ഭൂമി തരിശിട്ടിരിക്കുകയായിരുന്നു. അതിപ്പോള്‍ കോടതിക്ക് കൈമാറുമെന്ന് കേള്‍ക്കുന്നു, അപ്പോള്‍ പുതിയ സ്റ്റാന്‍ഡിന് ആവശ്യമുണ്ടായാല്‍ ഭൂമിക്ക് പൊന്നും വിലയുള്ള കരുനാഗപ്പള്ളിയില്‍ വലിയപ്രതിസന്ധിയാകും ഉണ്ടാവുക. കോടതി അല്‍പം മാറിയാലും പ്രശ്‌നമില്ലെന്നിരിക്കെ ഇത്തരം ആശയങ്ങളാണ് കരുനാഗപ്പള്ളിയില്‍ നടപ്പാവുന്നതെന്ന് ആക്ഷേപമുണ്ട്.

പുതിയ പാത വരുന്നതോടെ ചെറുപാതകളും വികസിക്കേണ്ടതാണ്. അതിനായി ഒരു യോഗമോ ആലോചനയോ നടന്നതായി അറിവില്ല. ചെറുപാതകള്‍ പലതും അപ്രസക്തമാവുകയും പുതിയവ തുറക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്. കെഎംഎംഎല്‍ ഉരുക്കുപാളങ്ങളാല്‍ തടസപ്പെടുത്തിയിട്ടിരിക്കുന്ന സ്ഥലം ഏറ്റെടുത്ത് റോഡ് ആയി വികസിപ്പിച്ചാല്‍ ഗതാഗതത്തിനുമാത്രമല്ല വട്ടക്കായലിന്റെ തീരമേഖല മുഴുവന്‍ വികസിക്കുന്ന സാഹചര്യമുണ്ടാകും.

കരുനാഗപ്പള്ളിക്ക് കൂച്ചുവിലങ്ങിട്ട കെഎംഎംഎലിന്‍റെ പാളങ്ങള്‍ (തേവര്‍ കാവിന് സമീപം)

കന്നേറ്റിയില്‍ നിന്ന് തീരമേഖലക്കും ഹൈവേയ്ക്കും ഇടയിലൂടെ ഒരു ലിങ്ക് റോഡ് നേരത്തേ പദ്ധതിയിലുണ്ടായിരുന്നു ആ റോഡ് വികസിപ്പിക്കുകയും ബസ് സര്‍വീസ് അടക്കം തിരിച്ചുവിടുകയും പുതിയ ബസ് സര്‍വീസുകള്‍ ക്രമീകരിക്കുകയും ചെയ്യുന്നത് പ്രയോജനം ചെയ്യും. നഗരത്തിന് ചുറ്റും സര്‍ക്കുലര്‍ റോഡും യാത്രാ സംവിധാനവും ഉപയോഗപ്പെടുത്താവുന്നതാണ്. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ വേണ്ടത്ര യാത്രാ സൗകര്യമില്ലാതെ പോകുന്നതുപോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആകണം. നാടിന്റെ ആവശ്യങ്ങള്‍ പലതാണ്. അവ തിരിച്ചറിഞ്ഞ് പുതിയ നഗരക്രമീകരണം ഉണ്ടാകേണ്ടതാണ്. ദേശീയപാത വികസിക്കുമ്പോള്‍ കരുനാഗപ്പള്ളി തകര്‍ന്നുപോകുന്ന സാഹചര്യം ആണ് ഒഴിവാകേണ്ടത്.

Advertisement