കൊല്ലം പ്രാദേശിക ജാലകം

Advertisement

വിസ്മയ കേസിൽ അന്തിമ വിധി ഈ മാസം 23ന്

കൊല്ലം. നിലമേൽ വിസ്മയ കേസിൽ അന്തിമ വിധി ഈ മാസം 23ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്താണ് വിധി പ്രഖ്യാപിക്കുക. സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരുക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിസ്മയ മരിച്ച് ഒരു വർഷം തികയും മുൻപാണ് കേസിൽ വിധി വരുന്നത്. കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴി യിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേരളത്തിൻ്റെ മനസാക്ഷിയെ പിടിച്ചുകുലുക്കിയ കേസിൽ പിന്നീട് അന്വേഷണം വേഗത്തിലായിരുന്നു. പ്രതിക്ക് സ്വാഭാവിക ജാമ്യം നിഷേധിക്കാനായി 90 ദിവസത്തിനുള്ളിൽ തന്നെ 500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ജനുവരിയിൽ ആരംഭിച്ച വിചാരണ നടപടികളും വേഗത്തിൽ പൂർത്തിയായി. 42 സാക്ഷികളെയും 120 രേഖകളും 12 മുതലുകളും മുൻനിർത്തിയായിരുന്നു വിചാരണ. സമൂഹത്തിനാകെ മാതൃകയാകുന്ന ശിക്ഷ പ്രതിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിസ്മയയുടെ കുടുംബം.

വാട്സ്ആപ്പ് വോയിസ്‌ സന്ദേശങ്ങളും, സാക്ഷികളുടെ കൂറുമാറ്റവും എല്ലാം കണ്ട വിചാരണ നടപടിക്കൊടുവിലാണ് വിധി വരുന്നത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് വിസ്മയയുടെ ആത്മഹത്യ എന്ന ആരോപണം ഉയർന്നതോടെ ഭർത്താവ് കിരൺകുമാർ അറസ്റ്റിലായിരുന്നു. കേസിലെ ഒരേയൊരു പ്രതിയായ കിരൺകുമാർ ഇപ്പോൾ ജാമ്യത്തിലാണ്.

മിലിറ്ററി ഉദ്യോഗസ്ഥനെന്ന വ്യാജേന ജോലിവാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

പത്തനാപുരം. ഇന്ത്യൻ മിലിറ്ററി സർവീസിൽ ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റി ധരിപ്പിച്ചു മകന് ജോലി വാഗ്ദാനം ചെയ്ത് നാലു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയായ അടൂർ മൂന്നാളം ചരുവിളയിൽ ഹൗസിൽ ദീപക് പി ചന്ദി(29)നെയാണ് പത്തനാപുരം പോലീസ് അറസ്റ്റു ചെയ്തത്.

മുന്ന് പ്രതികളുള്ള കേസിൽ ഒന്നാം പ്രതിയായ ദീപക് എറണാകുളത്ത് ഒളിവിൽ കഴിയവേയാണ് അറസ്റ്റു ചെയ്തത്. പട്ടാഴി സ്വദേശിയുടെ പരാതിയിൽ കേസെടുത്ത അന്വേഷണം നടത്തിവരവെയാണ് ദീപക് അറസ്റ്റിലാകുന്നത്. മറ്റു രണ്ടു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുന്നതായി പത്തനാപുരം എസ് എച്ച് ഒ അറിയിച്ചു.

പുൽപള്ളി സ്റ്റേഷനിൽ സമാന കേസിൽ ദീപക് പ്രതിയായിട്ടുള്ളതും ആറന്മുള സ്റ്റേഷനിൽ ഒരു പരാതിയുള്ളതായും അറിയിച്ചിട്ടുണ്ട്. ശൂരനാട് സ്റ്റേഷനിൽ അടിപിടി കേസിൽ പ്രതിയുമായിട്ടുള്ള ആളാണ് ദീപക്. റൂറൽ എസ് പി കെ ബി രവി ഐ പി എസിന്റെ നിർദ്ദേശാനുസരണം പത്തനാപുരം എസ് എച്ച് ഒ ജയകൃഷ്ണന്റെ നേതൃത്വത്തിൽ എസ് ഐ അരുൺ കുമാർ സിപി ഒ മാരായ മനീഷ് , ഹരിലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

സ്കൂൾ വിപണിയിൽ വൻപിച്ച വിലക്കുറവുമായി പോലീസ് കൺസ്യൂമർ സ്റ്റോർ
കൊട്ടാരക്കര . കൊല്ലം ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്ക SNDP ബിൽഡിങ്ങിൽ പ്രവർത്തിച്ചുവരുന്ന കൺസ്യൂമർ സ്റ്റോറിനോടനുബന്ധിച്ച് ആകർഷകമായ വിലക്കുറവിൽ മുൻനിര കമ്പനികളുടെ നോട്ട്ബുക്കുകൾ, ബാഗുകൾ, കുടകൾ, പേനകൾ മറ്റ് അനുബന്ധ പഠനോപകരണങ്ങൾ എന്നിവയുടെ ഒരു മാസം നീണ്ടുനിൽക്കുന്ന പ്രത്യേക വിപണ മേള സ്കൂൾ മാർക്കറ്റ് എന്ന പേരിൽ ഇന്ന്(16 .05 .2022) മുതൽ പ്രവർത്തനം ആരംഭിച്ചു.

പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് പഠനോപകരണങ്ങൾ പരമാവധി വിലക്കുറവിൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്ക്കും ഒപ്പം പൊതുജനങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന സ്കൂൾ മാർക്കറ്റിൽ വിവിധ മുൻനിര കമ്പനികളുടെ എല്ലാ ഉത്പന്നങ്ങളുടെയും വലിയ ശേഖരം തന്നെ ഉണ്ട്. പ്രസ്‌തുത സ്കൂൾ മേള ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 .30 മുതൽ വൈകുന്നേരം 6 .30 വരെ പ്രവർത്തിക്കും.


സ്കൂൾ മാർക്കറ്റിന്റെ പ്രവർത്തനോദ്ഘടാനം കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ കെ.ബി. രവി ഐ.പി.എസ് നിർവഹിച്ചു. കൊട്ടാരക്കര DYSP ശ്രീ ആർ. സുരേഷ് ആദ്യ വിൽപ്പന നടത്തി. പോലീസ് സൊസൈറ്റി പ്രസിഡന്റ എസ്. ഷൈജു ഭരണസമിതി അംഗങ്ങളായ ബിജു വി.പി ,അനിതാകുമാരി , പോലീസ് അസോസിയേഷൻ ഭാരവാഹികളായ സാജു ആർ.എൽ, എസ്. നജീം ,എസ് .ഗിരീഷ് , എം. വിനോദ് ,അജിത്കുമാർ .ടി , സന്തോഷ് ,സാനി ,ഗോകുൽ , എന്നിവർ ഉദഘാടനചടങ്ങിൽ പങ്കെടുത്തു.

ലൈഫ് മിഷൻ ഭവനനിർമ്മാണ പൂർത്തികരണ സമ്മേളനം

പടിഞ്ഞാറേ കല്ലട. ഗ്രാമപഞ്ചായത്തിൽ നടന്ന ലൈഫ് മിഷൻ ഭവനനിർമ്മാണ പൂർത്തികരണ സമ്മേളനം പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് എൽ. സുധ അധ്യക്ഷത വഹിച്ചു.

വി. ഇ. ഒ ഷിഖിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. സുധീർ സ്വാഗതം ആശംസിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ഉഷാലയം ശിവരാജൻ, ജെ. അംബികകുമാരി, ടി. ശിവരാജൻ എന്നിവർ ആശംസകൾ നേർന്നു ശരത് നന്ദി പറഞ്ഞു. പതിനൊന്നു കുടുംബങ്ങളാണ് വീട് പൂർത്തീകരിച്ചു താക്കോൽ ഏറ്റു വാങ്ങിയത്.

തീ’ സിനിമയുടെ വിജയത്തിനായുള്ള ജനകീയ കാമ്പയിനു തുടക്കമായി

കരുനാഗപ്പള്ളി. നല്ല പ്രമേയവും നന്മകളുടെ സന്ദേശങ്ങളും പുതുമകളും കൊണ്ട് ശ്രദ്ധേയമായ ‘തീ’ എന്ന ചിത്രം തിയേറ്ററിലെത്തുംമുമ്പുതന്നെ ജനപിന്തുണയേറുന്നു. ‘നന്മകളുടെ പക്ഷംചേർന്ന് ഒരു സഹൃദയകൂട്ടുകെട്ട്’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ചിത്രത്തിന്റെ വിജയത്തിനായുള്ള ജനകീയ കൂട്ടായ്മയ്ക്ക് കരുനാഗപ്പള്ളിയിൽ തുടക്കംകുറിച്ചപ്പോൾ വേദിയിൽ വച്ചുതന്നെ വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും വാഗ്‌ദാനം ചെയ്തത് രണ്ടായിരത്തിൽപ്പരം ടിക്കറ്റുകൾ ! തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾ, ലൈബ്രറികൾ, ലഹരിവിരുദ്ധ സംഘടനകൾ, പരിസ്ഥിതി സംഘടനകൾ, നാഷണൽ സർവീസ് സ്കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, വിദ്യാർഥി – യുവജന – വനിതാ സംഘടനകൾ തുടങ്ങിയവയിലെ അംഗങ്ങൾക്ക് ടിക്കറ്റ് സ്പോൺസർ ചെയ്തു നൽകാനായി നിരവധിപേർ എത്തിയത് ചലച്ചിത്ര രംഗത്തെ വേറിട്ട അനുഭവമായി.

ചിത്രത്തിന്റെ വിജയത്തിനായുള്ള സംസ്ഥാനതല പരിപാടിയിലെ ആദ്യചടങ്ങാണ് കരുനാഗപ്പള്ളി ടൗൺക്ലബ്ബിൽ വച്ച് നടന്നത്. മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സി. ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടിക്കറ്റിന് വേണ്ടിയുള്ള കൂപ്പൺ വിതരണം ഉദ്ഘാടനം സൂസൻ കോടി നിർവഹിച്ചു, യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന അദ്ധ്യക്ഷൻ സുമൻജിത് മിഷ ഏറ്റുവാങ്ങി. ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെയും ഫിലിം ചെംബറിന്റെയും വൈസ് പ്രസിഡന്റ് സോണി തോമസ്, മുൻ മുൻസിപ്പൽ ചെയർപേഴ്സൺ ശോഭന, വിവിധ ജനപ്രധിനിധികൾ, സി.പി.ഐ(എം) ഏരിയാ സെക്രട്ടറി പി.കെ ജയപ്രകാശ്, സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ, നടൻ ഋതേഷ്, മറ്റ് അഭിനേതാക്കൾ വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് നിജാംബഷി, പ്രവാസി സംഘടനാ നേതാവ് ഷഫീർ വെളുത്ത മണൽ, എവർമാക്സ് ബഷീർ, ജോയ് ഐകെയർ, പ്രവീൺ മനയ്ക്കൽ, ആലപ്പാട് പറയക്കടവ് മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എൻ. ബിനുമോൻ തുടങ്ങിയവർ സംസാരിച്ചു. പി. കെ. മേദിനി നയിച്ച ‘തീകത്തട്ടെ ….’ എന്ന ചിത്രത്തിലെ ഗാനം ഗായികമാരായ വരലക്ഷ്മി, ഹന ഫാത്തിം, മിൻസാര എന്നിവർ ആലപിച്ചു. ചിത്രത്തിന്റെ ജനകീയ കൂട്ടായ്മ നാളെ മുതൽ കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും ആരംഭിക്കും. മേയ് അവസാനവാരം ചിത്രം തിയേറ്ററിലെത്തും.

കേരളത്തിന്റെ പോയകാലചരിത്രം ആവിഷ്കരിച്ച് പ്രേക്ഷക പ്രശംസ നേടിയ ‘വസന്തത്തിന്റെ കനൽ വഴികളിൽ’ എന്ന ചിത്രത്തിനുശേഷം അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ‘തീ’ എന്ന റൊമാന്റിക് – ആക്ഷൻ – ത്രില്ലർ ചിത്രം നന്മകളുടെ ഹൃദ്യമായ സന്ദേശങ്ങളാലും രംഗങ്ങളാലും മനോഹര ഗാനങ്ങളാലും സമ്പന്നമാണ്.

മുഹമ്മദ് മുഹസിൻ എം.എൽ.എ യെ നായകനായും സാഗരയെ നായികയായും അവതരിപ്പിക്കുന്ന ചിത്രത്തിൽ നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ – സാംസ്കാരിക മേഖലകളിലെ പ്രമുഖരും പ്രസിദ്ധ ചലച്ചിത്രതാരങ്ങൾക്കൊപ്പം മത്സരിച്ചഭിനയിക്കുന്നു.

ഗ്രാന്മ ഗ്രാമീണ വായനശാല പ്രസംഗ മത്സരം

മൈനാഗപ്പള്ളി . ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ മെയ് 22 ഞായറാഴ്ച പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
ഒന്നാം സമ്മാനം
വി.ദാസൻ, ദാസ് മന്ദിരം സ്മരണാർത്ഥം
5000 രൂപയും പ്രശസ്തിപത്രവും
രണ്ടാം സമ്മാനം
എം.ജി.ചെറുകാട്, ശാസ്താംകോട്ട സ്മരണാർത്ഥം 3000 രൂപയും പ്രശസ്തിപത്രവും
മൂന്നാം സമ്മാനം
അക്ഷയ സെൻ്റർ, കാരാളി ജംഗ്ഷൻ വക 1500 രൂപയും പ്രശസ്തിപത്രവും നൽകുന്നതാണ്.
ഹൈസ്കൂൾ – ഹയർ സെക്കൻ്ററി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് മത്സരം. 300 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കാരാളിമുക്ക് കണത്താർകുന്നം ഗവ.എൽ.പി.സ്കുളിൽ വച്ച് രാവിലെ 10 മണിക്ക് മത്സരം ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
9497363439, 9496711836, 9497272871

അമ്മമാർക്ക് വേണ്ടി സൈബർ സുരക്ഷാ ക്ലാസ്

പോരുവഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ സുരക്ഷാ ക്ലാസ് അമ്മമാർക്ക് വേണ്ടി സംഘടിപ്പിച്ചു വർദ്ധിച്ചു വരുന്ന സൈബർ ആക്രമണങ്ങളിൽ നിന്ന് കുട്ടികളെയും രക്ഷിതാക്കളെയും എങ്ങനെ സംരക്ഷിക്കാം എന്നുള്ളതാണ് സൈബർ സുരക്ഷ ക്ലാസ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്.

നിരവധി രക്ഷകർത്താക്കൾ പങ്കെടുത്ത ഈ പരിപാടിയുടെ ഉദ്ഘാടനം പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനു മംഗലത്ത് നിർവഹിച്ചു പി ടി എ പ്രസിഡൻറ് അക്കരയിൽ ഹുസൈൻ അധ്യക്ഷതവഹിച്ചു പി ടി എ വൈസ് പ്രസിഡൻറ് സമീർ ആർത്തിയിൽ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നാസർ മൂലത്തറയിൽ എച്ച് എം സുസ്മി പ്രോഗ്രാം കോഡിനേറ്റർ ഷമീറ തുടങ്ങിയവർ പ്രസംഗിച്ചു.

ആഡംബര ബസില്‍ കൊല്ലത്ത് എത്തിച്ച പത്ത് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കൊല്ലം.വില്‍പ്പനയ്ക്കായി കൊല്ലം നഗരത്തിലെത്തിച്ച നിരോധിത പുകയില ഉല്‍പ്പനങ്ങള്‍ പോലീസ് പിടികൂടി. ആഡംബര ബസില്‍ കൊല്ലത്ത് എത്തിച്ച് പിക്ക് അപ്പ് വാനില്‍ കടത്തുന്നതിനിടിയില്‍ പത്ത് ചാക്കുകളിലായി സൂക്ഷിച്ച 30000 പാക്കറ്റ് നിരോധിത പുകയില ഉത്പനങ്ങളാണ് പോലീസ് പിടികൂടിയത്. പിക്കഅപ്പ് വാനും ഉല്‍പ്പനങ്ങള്‍ കടത്തിയ വടക്കേവിള വില്ലേജില്‍ പളളിമുക്ക് ഗോപലശ്ശേരി ജി.വി നഗര്‍ 203 വയലില്‍ വീട്ടില്‍ വിനു മകന്‍ വിജീഷ് (30), തൃക്കോവില്‍ വട്ടം വില്ലേജില്‍ കണ്ണനല്ലൂര്‍ സെന്‍റ് മേരി പളളിക്ക് സമീപം അനുഗ്രഹ ഭവനില്‍ നെല്‍സണ്‍ മകന്‍ സുരേഷ്(48) എന്നിവരെയും പോലീസ് പിടികൂടി.

അന്യസംസ്ഥാനത്ത് നിന്നും ആഡംബര ബസില്‍ വലിയ കര്‍ട്ടണില്‍ പാഴ്സലാക്കി കുമാര്‍ ജംഗ്ഷനില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും പിക്ക്അപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച സമയമാണ് പോലീസ് പിടികൂടിയത്. അന്വേഷിച്ചവരോട് ചെരിപ്പിന്‍റെ പാഴ്സാലാണെന്ന് ഇവര്‍ തെറ്റിധരിപ്പിക്കുകയായിരുന്നു. സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ വിശദ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണെന്ന് കണ്ട് പിടികൂടിയത്.
കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്.ആറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ രതീഷ്കുമാര്‍, അഷറഫ്, ബാലചന്ദ്രന്‍, ബാബു, എ.എസ്.ഐ സോമരാജന്‍, ഹരിലാല്‍ എസ്.സി.പി.ഒ മനു, സീനു ബിനു സി.പി.ഓമാരായ ആന്‍ഡ്രൂസ്, അന്‍ഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പുകയില കടത്തിയവരെ പിടികൂടിയത്. ഇവരെയും വാഹനവും കോടതിയില്‍ ഹാജരാക്കി.

യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍

പരവൂര്‍. ഭാര്യയ്ക്ക് ഒപ്പം ബൈക്കില്‍ വന്ന യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. പരവൂര്‍ കോട്ടപ്പുറം വില്ലേജില്‍ ഇക്കരന്‍കുഴി തിരുതരുവിള വീട്ടില്‍ സന്തോഷ് (60) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 13ന് രാത്രി അമ്മയെ സന്ദര്‍ശിച്ച ശേഷം ഭാര്യയ്ക്കൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വന്ന രഞ്ജിത് എന്ന യുവാവിനാണ് വെട്ടേറ്റത്. ഇയാള്‍ സന്തോഷിന്‍റെ വീടിന് മുന്നിലൂടെയുളള വഴിയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നത് പ്രതി ചോദ്യം ചെയ്യ്തു.

ബൈക്ക് നിര്‍ത്തി ഇറങ്ങിയ രഞ്ജിത്തുമായി വാക്കേറ്റമുണ്ടാവുകയും വാക്കേറ്റത്തിനൊടുവില്‍ കൈയ്യില്‍ കരുതിയിരുന്ന കത്താള്‍ കൊണ്ട് രഞ്ജിത്തിന്‍റെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. മുഖത്തും കവിളിലും താടിയിലും വെട്ടേറ്റ ഇയാള്‍ ചികിത്സ തേടി. ആറ് മാസങ്ങള്‍ക്ക് മുമ്പ് സന്തോഷിന്‍റെ മകന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെതിരെ സന്തോഷ് വിരോധത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ രഞ്ജിത്തിനെ ആക്രമിച്ചത്. ഇയാളെ വീടിനടുത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു.


പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, വിജയകുമാര്‍ എ.എസ്.ഐ രജേന്ദ്രന്‍പിളള, സി.പി.ഒ മനോജ്, സായിറാം, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയിലായി

തഴവ .യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. തഴവ വില്ലേജില്‍ തെക്കുമുറി മേക്ക് കോട്ടയ്ക്കാട് വീട്ടില്‍ ഷാഹുല്‍ ഹമീദ് ലബ്ബ് മകന്‍ ഷാനവാസ് (60) ആണ് പോലീസ് പിടിയിലായത്. ഇയാള്‍ സമീപവാസിയായ ബൈജു എന്ന യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബൈജുവിന്‍റെ ഭാര്യാ മാതാവും കുടുംബവും താമസിക്കുന്ന സ്ഥലത്തെത്തി അവരെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ ബൈജുവിന്‍റെ വീട്ടിലെത്തി.

പിന്നാലെയെത്തിയ പ്രതി തുടര്‍ന്നും അസഭ്യവര്‍ഷം നടത്തിയതിനെ ബൈജൂ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ബൈജുവിന്‍റെ കഴുത്തിനും ഇടത് ഭുജത്തിലും കുത്തി പരിക്കേല്‍പ്പിക്കു കയായിരുന്നു. തുടര്‍ന്ന് പ്രതിയെ വട്ടപ്പറമ്പ് നിന്നും പോലീസ് പിടികൂടി.


കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അലോഷ്യസ് അലക്സാണ്ടര്‍, രഘുകുമാര്‍, എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, പ്രമോദ്, ലത എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

Advertisement