ശൂരനാട്:ഉപതെരഞ്ഞെടുപ്പ് നടന്ന ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം രണ്ടാം വാർഡിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം.യുഡിഎഫിലെ അഡ്വ.സുധികുമാറിനെയാണ് എൽഡിഎഫ് സ്ഥാനാർഥി പി.സുനിൽകുമാർ 169 വോട്ടിൻ്റെ
ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്.ശക്തമായ ത്രികോണ മത്സരം നടന്ന ഇവിടെ എൽഡിഎഫ് സ്ഥാനാർഥി പി.സുനിൽകുമാറിന് 510 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി സുധികുമാറിന് 341 വോട്ടും ബിജെപിയിലെ ഗോപിഷ്ന് 265 വോട്ടുമാണ് ലഭിച്ചത്.കോൺഗ്രസ് നേതാവും വാർഡ് മെമ്പറും ആയിരുന്ന വേണു വൈശാലിയുടെ ആകസ്മിക വിയോഗത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
എൽഡിഎഫിൻ്റെ കുത്തക സീറ്റായിരുന്നു സംഗമം വാർഡിൽ സിപിഐ ആണ് കാലങ്ങളായി മത്സരിച്ചു വരുന്നത്.എൽഡിഎഫിനെ കുത്തക സീറ്റായിരുന്ന ഇവിടെ കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അട്ടിമറി ജയം ആണ് നേടിയത്.മാസങ്ങൾക്കു മുമ്പ് അദ്ദേഹം അന്തരിച്ചതിനെത്തുടർന്ന് വാർഡ് തിരികെ പിടിക്കാനുള്ള ശക്തമായ പ്രവർത്തനത്തിൽ ആയിരുന്നു സിപിഐ നേതൃത്വം. ഇതിനായി കഴിഞ്ഞ തവണ വേണു വൈശാലിയോട് പരാജയപ്പെട്ട സുനിൽകുമാറിനെ തന്നെയാണ് സ്ഥാനാർഥിയായി രംഗത്തിറക്കിയത്.
അതിനിടെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷിയായ യുഡിഎഫിനും പ്രതിപക്ഷമായ എൽഡിഎഫിനും എട്ട് അംഗങ്ങൾ വീതമാണുള്ളത്.എസ്ഡിപിഐ ഒന്ന് ബിജെപി ഒന്ന് എന്നിങ്ങനെ ആകെ 18 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്.എന്നാൽ സീറ്റ് തിരികെ പിടിച്ചെങ്കിലും പഞ്ചായത്ത് ഭരണത്തിൽ കയറുവാൻ എൽഡിഎഫ്ന് പ്രയാസപ്പെടേണ്ടി വരും.18 അംഗ പഞ്ചായത്തിൽ 9 പേർ എങ്കിലും പിന്തുണച്ചാൽ മാത്രമേ എൽഡിഎഫിന് അവിശ്വാസം കൊണ്ടുവരാൻ കഴിയുകയുള്ളൂ.ബിജെപിയുടെയും എസ്ഡിപിഐയുടെയും കൂട്ടുപിടിച്ചുകൊണ്ട് അവിശ്വാസ
പ്രമേയം കൊണ്ടുവന്നാൽ അത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ട്.ഇതിനാൽ കരുതലോടെ മാത്രമേ എൽഡിഎഫ് നേതൃത്വം തീരുമാനങ്ങൾ എടുക്കുകയുള്ളൂ.ഇതിനാൽ ഭരണകക്ഷിയായ യുഡിഎഫിന് തൽക്കാലം ആശങ്കപ്പെടേണ്ടതില്ല.
അതിനിടെ സംഗമം വാർഡിലെ യുഡിഎഫ് പരാജയം നേതൃത്വം വിളിച്ചുവരുത്തിയത് ആണെന്ന ആരോപണങ്ങൾ ശക്തമാണ്.ശൂരനാട് വടക്ക് പഞ്ചായത്തിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളെ അവഗണിച്ചാണ് സ്ഥാനാർഥി നിർണയം നടത്തിയത് എന്നതാണ് പ്രധാന ആക്ഷേപം.പഞ്ചായത്തിൽ നിന്നുള്ള ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരനോട് പോലും ആലോചിക്കാതെയാണ് ഡിസിസി നേതൃത്വം സംഗമം വാർഡിലേക്ക് സ്ഥാനാർഥി നിർണയം നടത്തിയതെന്നാണ് അറിയുന്നത്.
സംഗമം വാർഡിൽ തന്നെയുള്ള ഒരു യുവ നേതാവിനെ മത്സരിപ്പിക്കാൻ ആയിരുന്നു പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആലോചിച്ചിരുന്നത്.എന്നാൽ ഇതിന് വിരുദ്ധമായ നടപടിയാണ് ഡിസിസി ബ്ലോക്ക് തലങ്ങളിൽ നിന്നും ഉണ്ടായത്.ഇതിനാൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ഉൾപ്പെടെയുള്ള നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നിരുന്നു.
വാർഡിൽ സ്വാധീനമുള്ള പ്രാദേശിക കോൺഗ്രസ് നേതാക്കളെ കൺവെൻഷനുകളിലും കുടുംബയോഗങ്ങളിലും അടക്കം ക്ഷണിച്ചിരുന്നില്ല എന്നാണ് വിവരം.അഡ്വ.സുധികുമാര്‍ ശൂരനാട് സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി ഭരണിക്കാവില്‍ ആണ് താമസിക്കുന്നത്. കെട്ടി ഇറക്കപ്പെട്ട സ്ഥാനാർത്ഥി എന്ന തരത്തിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ വലിയ പ്രചരണം നടത്തുവാൻ എൽഡിഎഫിന് കഴിഞ്ഞതും അവർക്ക് നേട്ടമായി.യുഡിഎഫിലെ ഒരു വിഭാഗം നേതാക്കൾ തന്നെ ഇത്തരം ആക്ഷേപം തുടക്കംമുതൽ ഉന്നയിച്ചിരുന്നു.യുഡിഎഫിലെ ഐക്യതകുറവും പടലപിണക്കവും തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെടാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ