ഡോ. സുരേഷ് മാധവ്
1. കന്നേറ്റിയും കുന്നൻ പെരുമാളും
കേരളോത്പ്പത്തിക്കഥകളിലാണ് കുന്നൻപെരുമാളിനെ നമ്മൾ കാണുന്നത്. ചരിത്രകഥയിൽ കുന്ദൻ എന്നും കുന്നൻ എന്നും പറയുന്നു. പതിനേഴാം നൂറ്റാണ്ടിലുണ്ടായ കേരളോത്പ്പത്തികളിലെ കാലനിർണയം യുക്തിയ്ക്ക് നിരക്കുന്നതല്ലെങ്കിലും കഥയിൽ കന്നേറ്റി നിറഞ്ഞുനിൽക്കുന്നു. വേണാട്ടടികളുടെ കൂലിച്ചേകവരിൽ ഒരുത്തൻ കന്നേറ്റിക്കടവിൽ വെച്ച് ഒരു ബ്രാഹ്‌മണന്റെ ആചാരങ്ങളെ മുടക്കിയ ശേഷം തടവിലിട്ടു.
വേണാടിന്റെ വടക്കേ അതിരാണല്ലോ കന്നേറ്റി അഥവാ കണ്ണേറ്റി. സംഭവം അറിഞ്ഞ്, വടക്കുള്ള മൂന്നാംകൂറ്റിലെ തമ്പുരാൻ വന്ന് പ്രതിയെ വെട്ടിക്കൊന്നു. അതറിഞ്ഞ വേണാട്ടടി പുരുഷാരത്തെ ക്കൂട്ടി പുറപ്പെട്ടുവന്നെങ്കിലും വടക്കൻ തമ്പുരാന് മുന്നിൽ പരാജയം സമ്മതിക്കേണ്ടി വന്നു. ഓടനാട്ടിൽ വെച്ചാണ് സംഭവം. കേരളരാജ്യം ഭരിച്ച ആര്യപെരുമാൾ ബ്രാഹ്മണർക്ക് മനഃപീഡ ഉണ്ടാക്കി എന്നു കേരളോത്പ്പത്തിയിൽ കാണുന്നതുകൊണ്ട്, ബുദ്ധമതം സ്വീകരിച്ച പെരുമാൾ ബ്രാഹ്മണരെ അംഗീകരിച്ചില്ലെന്നു വ്യക്തം. കേരളോത്പ്പത്തി പ്രകാരം കേരളരാജ്യത്തിന്റെ തെക്കെയറ്റമാണ് കന്നേറ്റി. തെക്കോട്ടു കൂപകം അഥവാ വേണാട്.
ആര്യപെരുമാൾ നാടുനീങ്ങിയപ്പോൾ, പരദേശത്ത് നിന്ന് ബ്രാഹ്മണർ കൊണ്ടുവന്നു വാഴിച്ച കുന്ദൻ പെരുമാൾ കന്നേറ്റിയ്ക്കടുത്ത് കോവിലകം തീർത്തു. വന്ദിവാക കോവിലകം എന്നും കുന്നിവാക കോവിലകമെന്നും പറയുന്നു. ചില താളിയോലകളിൽ കന്നേറ്റിയെ “കുന്നാറ്റിൽ”എന്നും വിളിക്കുന്നു. ആർച്ചു ഡീക്കൻ കോശിയുടെ പുസ്തകത്തിനു കന്നീറ്റുപദേശം എന്നാണ് പേര്. കല്ലടയാറ് പോലെ പല വഴി പല പേരുകളിൽ ചരിത്രം ഒഴുകുകയാണ്. ഇന്ന് കന്നേറ്റിപ്പെരുമ കന്നേറ്റിപ്പാലത്തിൽ ഒതുങ്ങിയെങ്കിലും ചരിത്രത്തിന്റെ അതിരുകൾക്കപ്പുറം കന്നേറ്റിപ്പഴമ നീളുന്നു. ഹെർമൻ ഗുണ്ടർട്ട് പാതിരി(1814-1893)യാണ്
കേരളോത്പത്തികൾ അച്ചടിപ്പിച്ചത്. ഗുണ്ടർട്ട് കണ്ടെത്തിയ “കേരളനാടകം “എന്ന കൃതിയിൽ കന്നേറ്റി യെ “കുന്ദത്തി”എന്നെഴുതിയിരിക്കുന്നു!