കരുനാഗപ്പള്ളിയില്‍ കാല്‍വിരലുകള്‍ കൊണ്ട് ചിത്രം വരച്ച് ഒരു സംഘം വിദ്യാര്‍ഥികള്‍

Advertisement

കരുനാഗപ്പള്ളി. കാല്‍വിരലുകള്‍ കൊണ്ട് ചിത്രം വരച്ച് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ ലോകറെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കരുനാഗപ്പള്ളി വര്‍ണം ചിത്രരചനാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ വിദ്യാര്‍ഥികള്‍. എട്ടു മുതല്‍ ഇരുപത്തിനാല് വയസുവരെയുള്ള 23 കുട്ടികള്‍ ഒന്നിച്ച് ചേര്‍ന്നാണ് ഞായറാഴ്ച വലിയ ക്യാന്‍വാസില്‍ ചിത്രം ഒരുക്കുന്നത്.


കൊറോണക്കാലത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള ചിത്രമാണ് കരുനാഗപ്പള്ളി വര്‍ണം ചിത്രരചനാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ വിദ്യാര്‍ഥികള്‍ വരക്കുന്നത്. കാല്‍വിരലുകള്‍ ഉപയോഗിച്ചാണ് എട്ടു മുതല്‍ ഇരുപത്തിനാല് വയസുവരെയുള്ള 23 കുട്ടികള്‍ ചേര്‍ന്ന ചിത്രം വരക്കുക. 24 അടി നീളവും നാലടി വീതിയുമുള്ള വലിയ ക്യാന്‍വാസിലാണ് ചിത്രം വരക്കുന്നത്. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ ലോകറെക്കോര്‍ഡ് സ്വന്തമാക്കാനായി ഇവിടുത്തെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ എട്ടുമാസമായി പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഞായറാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ രണ്ട് മണി വരെയുള്ള സമയത്തായി ചിത്രരചന പൂര്‍ത്തിയാക്കുമെന്ന് ഇവരുടെ അധ്യാപകനായ അനി വര്‍ണം വ്യക്തമാക്കി. നാക്കു കൊണ്ടും മൂക്ക് കൊണ്ടും ചിത്രം വരച്ച് നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയ ഇദ്ദേഹത്തിന് ശിഷ്യരുടെ കഴിവില്‍ പൂര്‍ണവിശ്വാസമാണ് ഉളളത്. കൊറോണക്കാലത്തെ അവലംബിച്ച് കൊണ്ടുളള ഗ്രൂപ്പ് ചിത്രരചനയില്‍ 18 പെണ്‍കുട്ടികളും 5 ആണ്‍കുട്ടികളുമാണ് പങ്കെടുക്കുക.

Advertisement