ട്രെയിൻ കോച്ചിന് മുകളിൽ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ ജീവനക്കാരന് ഗുരുതര പൊള്ളൽ

Advertisement

കൊല്ലം∙ ട്രെയിൻ കോച്ചിന് മുകളിൽ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ ജീവനക്കാരന് ഗുരുതര പൊള്ളൽ. റെയിൽവേയിൽ എസി മെക്കാനിക്കായ റാം പ്രസാദ് മീണ (29)യ്ക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തായിരുന്നു സംഭവം.


മദ്രാസ് ഡിവിഷനിലെ ജീവനക്കാരനാണ് രാജസ്ഥാൻ സ്വദേശിയായ റാം പ്രസാദ് മീണ. രാവിലെ 7–15ന് കൊല്ലത്ത് എത്തിയ എഗ്‌മോർ– കൊല്ലം എക്സ്പ്രസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസി മെക്കാനാക്കായിരുന്നു ഇയാൾ. 12 മണിയോടെ ഇവിടെ നിന്ന് ചെന്നൈയിലേക്ക് തിരികെപ്പോകേണ്ടതായിരുന്നു ട്രെയിൻ.
ഇതിനിടെ ട്രെയിനിലെ എസിയിൽ എന്തെങ്കിലും തകരാർ ശ്രദ്ധയിൽപ്പെട്ട റാംപ്രസാദ് അതു നന്നാക്കാനായി മുകളിൽ കയറിയപ്പോൾ ലൈനിൽ നിന്ന് ഷോക്കേറ്റതാകാമെന്നാണ് അധികൃതരുടെ നിഗമനം. അതേസമയം അറ്റകുറ്റപ്പണിക്കായി ട്രെയിനിനു മുകളിൽ കയറുന്ന വിവരം സഹപ്രവർത്തകരെയും അധികൃതരെയും അറിയിച്ചിരുന്നില്ലെന്നും പറയുന്നു. അപകടസ്ഥലത്തെ ഇലക്ട്രിക് വയറിൽ തൂങ്ങിയ നിലയിൽ ഹെഡ്ഫോണും മൊബൈൽ ഫോണിന്റെ ഭാഗങ്ങളും കണ്ടെടുത്തു.


രാവിലെ 9.55ന് ഷോക്കേറ്റ മീണ ട്രെയിനിന്റെ മുകളിലേക്കു വീണു. ഉടൻ തന്നെ റെയിൽവേ സ്റ്റേഷൻ അധികൃതർ അഗ്നിരക്ഷാസേനയിൽ വിവരം അറിയിക്കുകയും മിനിറ്റുകൾക്കകം സേനയും ആംബുലൻസും എത്തി ഇയാളെ ജനറൽ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. ഇവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. 80 ശതമാനത്തോളം പൊള്ളലേറ്റെന്നാണ് വിവരം.