കൊല്ലം – തേനി ദേശീയ പാതയിലെ ആനയടി പാലത്തിൽ അപകടം പതിയിരിക്കുന്നു

Advertisement

ശൂരനാട് വടക്ക് : കൊല്ലം – തേനി ദേശീയ പാതയിൽ ശൂരനാട് വടക്ക് ആനയടി പാലത്തിൽ വാഹനാപകടങ്ങളും മരണങ്ങളും പതിവാകുന്നു.പള്ളിക്കലാറില്‍ നിർമ്മിച്ച പാലത്തിനോട് ചേർന്നുള്ള കൊടുംവളവാണ് അപകടങ്ങൾ വിളിച്ചു വരുത്തുന്നത്.

വെള്ളിയാഴ്ച രാത്രി 8.30ഓടെ ചാരുംമൂട് കരിമുളയ്ക്കൽ നൂർജഹാൻ മൻസിലിൽ അനസ് (28) മരിച്ചതാണ് ഒടുവിലത്തെ സംഭവം.ഓട്ടോ മൊബൈൽ എൻജിനിയറായ അനസ് കരുനാഗപ്പള്ളി വവ്വാക്കാവിലെ കാർ സർവ്വീസ് സെന്ററിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.ചക്കുവള്ളി ഭാഗത്തു നിന്നും ഇടത് വശം ചേർന്ന് പോയ അനസിന്റെ ബൈക്കിൽ പാലത്തോട് ചേർന്ന് എതിർദിശയിലെ വളവിൽ നിന്നുമെത്തിയ ഓമ്നിവാൻ ഇടിച്ചു കയറുകയായിരുന്നു.അപകടത്തിനിടയാക്കിയ കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

താമരക്കുളം ഭാഗത്തു നിന്ന് അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ കൊടും വളവിലെത്തുമ്പോൾ ദിശ മാറിയാണ് അപകടങ്ങൾ സൃഷ്ടിക്കുന്നത്.ചക്കുവള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വേഗത കുറച്ച് പോയാലും എതിർ ദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് അടിയിൽപ്പെടുന്നത് പതിവാണ്.കൊടുംവളവും റോഡിന്റെ ഏറ്റക്കുറച്ചിലും അശാസ്ത്രീയമായ നിർമ്മാണവും വാഹനങ്ങളുടെ അമിത വേഗതയുമാണ് ഇതിനു കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

ഇതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്.പാലത്തിന്റെ ഇരുകൈവരികളിലും സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് നെറ്റുകളിലും വാഹനങ്ങൾ പാഞ്ഞ് കയറി അപകടം സംഭവിച്ചിട്ടുണ്ട്.ഇതിനാൽ ഇരുമ്പ് നെറ്റ് പല ഭാഗത്തും
തകർച്ചയിലായിട്ടുണ്ട്.മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലുകളോ സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.അതിനാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആനയടി പാലത്തിലെ കൊടുംവളവിൽ മാത്രം നൂറോളം അപകടങ്ങളാണുണ്ടായത്.

പഴയ പാലത്തിലുണ്ടായിരുന്ന വളവുകൾ നീക്കി പുതിയ പാലം നിർമ്മിക്കണമെന്ന് തീരുമാനമുണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല.റോഡിന്റെ താഴ്ചയും വളവും കാരണം എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പരസ്പരം കാണാൻ കഴിയില്ല.പാലത്തിലേക്ക് കയറുമ്പോൾ മാത്രമാണ് വാഹനങ്ങൾ കാണുന്നത്.ഇതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. ആനയടി പാലത്തിലൂടെയുള്ള റോഡ് ദേശീയ പാതയായി ഉയർത്തിയതോടെ വാഹന തിരക്കും വർദ്ധിച്ചിട്ടുണ്ട്.എന്നാൽ ദേശീയപാത നിലവാരത്തിൽ റോഡും അനുബന്ധ കാര്യങ്ങളും വികസിക്കാത്തതാണ് ആനയടിക്ക് ശാപമായിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

Advertisement