കൊല്ലം . ഗായകൻ ഇടവ ബഷീറിൻ്റെ മൃതദേഹം കൊല്ലം കടപ്പാക്കടയിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തിച്ചു. അദ്ദേഹത്തിൻ്റെ വീടും സ്റ്റുഡിയോയും ചേർന്നുള്ള സ്നേഹാലയത്തിൽ അന്തിമോപചാരമർപ്പിക്കാൻ നിരവധി പേരെത്തി. ഇന്ന് വൈകിട്ട് നാലുമണിക്ക് രണ്ടാംകുറ്റി ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും.
ജനിച്ചത് തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണെങ്കിലും, ഇടവ ബഷീർ കൊല്ലത്തുകാരനായിരുന്നു. ഏറെ വർഷങ്ങളായി കൊല്ലം കടപ്പാക്കടയിലെ രണ്ടു വീടുകളിലായായിരുന്നു ഇടവാ ബഷീറിൻ്റെ താമസം. കഴിഞ്ഞ ദിവസവും പതിവുപോലെ സന്തോഷവാനായി എല്ലവരോടും ഇടപെട്ടശേഷം ഗാനമേളയ്ക്ക് പോയതാണ് ഇടവാബഷീര്‍. അദ്ദേഹത്തിൻ്റെ വിയോഗം നാട്ടുകാര്‍ ഞെട്ടലോടെയാണ് കേട്ടത്. രാവിലെ മുതൽ തന്നെ നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ആരാധകരും ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിച്ചു. ഇടവ ബഷീറിന് ഉചിതമായ സ്മാരകം ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.
രണ്ടു ഭാര്യമാരും അഞ്ചു മക്കളും അടങ്ങുന്നതാണ് ഇടവ ബഷീറിൻ്റെ കുടുംബം. അവശ ഗായകർക്ക് സഹായമൊരുക്കുന്ന പദ്ധതിയിൽ സജീവമായിരുന്നു ഇടവ ബഷീർ.