കരുനാഗപ്പള്ളിരേഖകൾ- 2
ഡോ. സുരേഷ്മാധവ്
നൂറ്റിനാൽപ്പത്തിയേഴുവർഷം മുമ്പ് (1875)സർവസാഹോദര്യത്തിന് വേണ്ടി കരുനാഗപ്പള്ളിയിൽ ഒരു മതം സ്ഥാപിക്കപ്പെട്ടു. യൂയോമതം എന്നായിരുന്നു പേര്.സ്ഥാപകൻ യൂസ്തൂസ് യോസഫ് എന്ന വിദ്വാൻ കുട്ടി. സ്വന്തം മതം സ്ഥാപിച്ചതിനൊപ്പം വിദ്വാൻകുട്ടി “യൂയോരാലിസൻ “എന്ന പേരും സ്വീകരിച്ചു. യൂയോ എന്നാൽ യൂസ്തൂസ് യോസഫ് എന്നതിന്റെ ചുരുക്കം. രാ=ഹിന്ദുനാമമായ രാമൻ. ലി =ഇസ്ലാം നാമമായ അലി. സൻ =ക്രിസ്ത്യൻ നാമമായ വിൽസൻ. വിചിത്രമാണ് വിദ്വാൻകുട്ടിയുടെ ജീവചരിതം.രാമയ്യർ എന്ന ബ്രാഹ്മണൻ യുയോമയനായ കഥ വിചിത്രമാണ്.
1835 സെപ്റ്റംബർ 4ന് പാലക്കാട് തെമ്മലപ്പുറം മഞ്ഞപ്പാറ ഗ്രാമത്തിൽ പാണ്ടിയാംമഠത്തിൽ ജനനം. മീനാക്ഷിയമ്മാളും വെങ്കിഡേശ്വര അയ്യരുമായിരുന്നു മാതാപിതാക്കൾ. ആറു സഹോദരങ്ങൾ.1850ൽ രാമയ്യരുടെ കുടുംബം കരുനാഗപ്പള്ളിയിലെത്തി. തേവലക്കരയിലും ചവറയിലും താമസിച്ചു. സംഗീതവും സംസ്‌കൃതവും കുട്ടിക്കാലത്തുതന്നെ അഭ്യസിച്ചു.പതിനാലാം വയസ്സിൽ ആയില്യം തിരുനാൾ മഹാരാജാവിനെ കണ്ടപ്പോൾ, കുട്ടിയുടെ സംഗീതസാമർഥ്യമറിഞ്ഞു, അദ്ദേഹം നൽകിയ പേരാണ് “വിദ്വാൻ കുട്ടി “.1861ൽ തേവലക്കര കൈതവിള തോമാ വൈദ്യന്റെ പ്രചോദനത്തിൽ, വിദ്വാൻകുട്ടിയും കുടുംബാംഗങ്ങളും ക്രിസ്തുമതം സ്വീകരിച്ചു. പിന്നീട് ആംഗ്ലിക്കൻ സഭയുടെ സെമിനാരി (കോട്ടയം )യിൽ പഠിച്ചശേഷം 1869 ജനുവരി 4ന് കന്നേറ്റിപ്പള്ളിയിൽ പട്ടക്കാരനായി. “ക്രിസ്തുവിന്റെ രണ്ടാം വരവ് “എന്ന സങ്കല്പം വിദ്വാൻകുട്ടിയെ ആഴത്തിൽ സ്വാധീനിച്ചു. എന്നാൽ അതേക്കുറിച്ചുള്ള പുതിയ ദർശനങ്ങൾ സഭാധികാരികൾ അംഗീകരിച്ചില്ല.1875മെയ് 17മുതൽ 2333ദിവസങ്ങൾ കഴിയുമ്പോൾ ക്രിസ്തു പ്രത്യക്ഷനാകും എന്ന് വിദ്വാൻകുട്ടി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തോടെ അദ്ദേഹം സഭയിൽ നിന്ന് പുറത്തായി.
ഉണർവുസഭകൾ സ്ഥാപിച്ച് വിദ്വാൻകുട്ടി പ്രബോധനം തുടങ്ങിയതോടെ ആയിരക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തി. ആറുവർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പ്രവചനം തെറ്റിയെന്നു കണ്ട് വിശ്വാസികളിൽ ചിലർ പിരിഞ്ഞുപോയി. മനുഷ്യന്റെ ബോധത്തിലാണ് ക്രിസ്തു പ്രത്യക്ഷപ്പെടുന്നതെന്ന് വിശദീകരിച്ചുകൊണ്ട് ഒരു പുതിയ സാമൂഹിക ദർശനം തന്നെ വിദ്വാൻകുട്ടി രൂപപ്പെടുത്തി. 1881ൽ യുയോമയമതത്തിനു വേണ്ടി സഭ സ്ഥാപിക്കപ്പെട്ടു. സ്ത്രീകൾക്കായി “ക്രിസ്തുലക്ഷ്മി” ഗോത്രവും പുരുഷൻമാർക്കായി “ക്രിസ്തുവർണ”ഗോത്രവും ഉണ്ടായി. ഭാര്യ സീതമ്മാൾ,സീതാമേരിയായി. ഏഴു സന്താനങ്ങൾ അവർക്ക് പിറന്നു. ഇസ്ലാമായ കായംകുളം കാദിയാർ, പുലയ സമുദായാംഗമായ മേപ്രാൽ തോമാ എന്നിവരും ആയില്യം തിരുനാൾ, പാലക്കുന്നത്ത് മെത്രാപ്പോലീത്ത തുടങ്ങിയവരും ഉൾപ്പെട്ട ഇരുപത്തിനാല് മൂപ്പന്മാർ അടങ്ങിയ സമത്വസംഘം 1885ൽ തത്വത്തിൽ, വിദ്വാൻകുട്ടി ആരംഭിച്ചു.
തിരുവനന്തപുരം മുതൽ കോട്ടയം വരെ യൂയോമതത്തിനു വിശ്വാസികളുണ്ടായി. തന്റെ മതത്തിനു സ്വന്തമായി ഒരു ഭാഷയും ലിപിയും വിദ്വാൻകുട്ടി ഉണ്ടാക്കി. ഇരുപത്തിയഞ്ച് വർഷം വ്യാസന്റെ പള്ളിക്കൂടത്തിലും പതിനാലു വർഷം പത്രോസിന്റെ പള്ളിക്കൂടത്തിലും പത്തുവർഷം യോഹന്നാന്റെ പള്ളിക്കൂടത്തിലും പഠിച്ചശേഷമാണ് യൂയോമതം സ്ഥാപിച്ചതെന്നു വിദ്വാൻകുട്ടി എഴുതി.
യൂയോ മതത്തിനു ആരാധനാലയമോ പൂജാരിയോ ഇല്ല. മാംസാഹാരമില്ല, ആഭരണങ്ങളില്ല, ആർഭാടങ്ങളില്ല.1887ഡിസംബർ 9ന് അമ്പത്തിരണ്ടാം വയസ്സിൽ കരുനാഗപ്പള്ളി കൊല്ലകയിൽ വെച്ച് വിദ്വാൻകുട്ടി ഈ ലോകത്തോട് വിട പറഞ്ഞു. വിശ്വാസികൾ, തന്നെ ആരാധിക്കാതിരിക്കാൻ വേണ്ടി ഒരു ച്ഛായാചിത്രം പോലും സൂക്ഷിച്ചിരുന്നില്ല. ഇപ്പോഴും നൂറോളം കുടുംബങ്ങൾ യൂയോമയമതത്തിലുണ്ട്. അമേരിക്കയിലെ ആമീഷ് ജനതയെപ്പോലെ, ഒരുപാട് പ്രത്യേകതകളുമായി അവർ ജീവിക്കുന്നു. മല്ലപ്പള്ളിയിലുള്ള ആര്യൻ വർഗീസ് ബോധകരാണ് യൂയോമതത്തിന്റെ ഇപ്പോഴത്തെ തലവൻ. വിദ്വാൻ കുട്ടിയുടെ ദർശനങ്ങളും കത്തിടപാടുകളും ഉൾപ്പെടുന്ന “നിത്യാക്ഷരങ്ങൾ “എന്ന പുസ്തകമാണ് വിശ്വാസികളുടെ അടിസ്ഥാനപ്രമാണം.1900ൽ കോട്ടയം മനോരമ പ്രസ്സിലാണ് ഈ കൃതി അച്ചടിച്ചത്