കരുനാഗപ്പള്ളിരേഖകൾ -3
………………………………….
ഡോ. സുരേഷ് മാധവ്
…………
“ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം “എന്ന നാട്ടുമൊഴിയടക്കം പലതും മലയാളികൾക്ക് പറഞ്ഞുതന്ന കുഞ്ചൻ നമ്പ്യാർ (1705-1770)കുറച്ചുകാലം കരുനാഗപ്പള്ളിക്കാരനായി ജീവിച്ചു എന്ന് എത്രപേർക്കറിയാം? അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ ഭരണകാലത്ത് (1728-1758), ദളവ അയ്യപ്പൻപിള്ള മാർത്താണ്ഡപിള്ളയുടെ സഹചാരിയായിട്ടായിരുന്നു 1756-1758 കാലയളവിൽ കുഞ്ചൻ നമ്പ്യാർ,കരുനാഗപ്പള്ളിയിലെത്തിയത്.
നാടുവാഴിയായിരുന്ന കിത്തമ്പി കുമാരനെ യുദ്ധത്തിൽ വധിച്ചശേഷം കരുനാഗപ്പള്ളിപിടിച്ചെടുത്ത മാർത്താണ്ഡവർമ, പഴേടത്ത് കോട്ട കെട്ടാനായി അയ്യപ്പൻപിള്ള ദളവയെ, പടനായർ കുളങ്ങരയിൽ ചുമതലപ്പെടുത്തിയപ്പോൾ ഒപ്പം വന്നത് നമ്മുടെ സരസകവിയായിരുന്നു.ഹരിണീ സ്വയംവരം, ഹനുമദ് ഉദ്ഭവം എന്നീ ശീതങ്കൻ തുള്ളലുകളാണ് പടനായർ കുളങ്ങര മഠത്തിൽ വെച്ച് നമ്പ്യാർ എഴുതിയത്. ഹരിണീ സ്വയംവരത്തിൽ ശിവനെ സ്തുതിച്ചശേഷം “പടാർകുളം വാണരുളീടുന്ന പാർവതീദേവീ!നമസ്തേ നമസ്തു തേ “എന്ന പ്രകീർത്തനവും കാണാം.
ഡച്ചുകാർ കരുനാഗപ്പള്ളിയിൽ സജീവമായി കച്ചവടത്തിൽ ഇടപെട്ടിരുന്ന കാലമായതു കൊണ്ടാവാം “ലന്തകുഴലൊന്നു കിട്ടിയതെങ്കിലോ തന്തപ്പുലിയെ വെടിവെച്ചു കൊല്ലാം “എന്നെഴുതിയത്. ലന്ത(ഡച്ച്)ക്കാരുമായി കരുനാഗപ്പള്ളിയിൽ മാർത്താണ്ഡവർമ, കുരുമുളകു കച്ചവടത്തിന്റെ ട്രിഗർ അമർത്തുന്ന സന്ദർഭത്തിൽ, പടനായർ കുളങ്ങര ക്ഷേത്രത്തിന് വടക്കുവശത്തുള്ള മഠത്തിലിരുന്ന് കവിതയുടെ മുന കൂ ർപ്പിക്കുകയായിരുന്നല്ലോ നമ്പ്യാർ.ഹനുമദ് ഉദ്ഭവം എന്ന തുള്ളൽപാട്ടിന്റെ മംഗളവരികളിൽ “നിത്യം പടാർകുളം വാണരുളീടുന്ന മൃത്യുജ്ഞയ സ്വാമി “യെ വണങ്ങുന്നതും ശ്രദ്ധേയം. പാട്ടിന്റെ തുടക്കത്തിൽ തന്നെ “നല്ലോരു നാഗരാജാവിനെ “പരാമർശിക്കുന്നത് കരുനാഗപ്പള്ളി എന്ന പേര് മനസ്സിൽ വെച്ചിട്ടായിരിക്കാം.ഇവിടുത്തെ വാസത്തിനിടയിലാണ് ഓച്ചിറയും തേവലക്കരയുമൊക്കെ കുഞ്ചൻ നമ്പ്യാർ സന്ദർശിച്ചത്. അഴകത്ത് വിദ്വാൻ കുറുപ്പിന്റെ ഗുരുവായിരുന്ന തേവലക്കര കോട്ടൂർ ആശാന്റെ ഭവനത്തിൽ നമ്പ്യാർ എത്തുകയും, അവിടെ ഒരു നാൾ തങ്ങുകയും ചെയ്തു.
വിസ്തൃതമായ കോട്ടൂർ കാവിൽ നിന്നെത്തിയ കൊതുകുകളുടെ കടി കാരണം, രസവാക്കിലൂടെ പലരെയും കുത്തിയ നമ്പ്യാർക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അതിനെക്കുറിച്ച് നാലുവരി എഴുതിയെന്നും കോട്ടൂരിലെ പഴമക്കാർക്ക് കഥയുണ്ട്. ഈ കോട്ടൂർ കാടാണ് പിന്നീട് മൊഴിവഴക്കത്തിൽ “കൊട്ടുകാടാ”യി മാറിയത്. ഓച്ചിറ പടനിലത്തെ യെക്കുറിച്ച് എഴുതിയതായി പറയുന്നുണ്ടെങ്കിലും രേഖകളില്ല. അയ്യപ്പൻപിള്ള ദളവ അന്തരിച്ചത്തിനു ശേഷം (1763)അദ്ദേഹം അമ്പലപ്പുഴയിലേക്ക് മടങ്ങിപ്പോയതായി ഉള്ളൂർ “കേരള സാഹിത്യ ചരിത്ര”ത്തിൽ സൂചിപ്പിക്കുന്നു. അവിടെ വെച്ച് ഒരു പേപ്പട്ടി കടിച്ചെന്നും അത് ഗൗനിക്കാതെ, അമ്പലപ്പുഴ കോവിലകത്തെ ഒരു സദ്യയിൽ പങ്കെടുത്ത് നാരങ്ങാക്കറി കൂട്ടിയതിനാൽ മരണം സംഭവിച്ചു എന്നും പറയപ്പെടുന്നു.
അമ്പലപ്പുഴ -കരുമാടിപ്പാതയുടെ അരികിലാണ് കുഞ്ചൻ നമ്പ്യാരെ സംസ്കരിച്ചതെന്ന് ശിവപ്രഭാകരയോഗി പറഞ്ഞതിൽ കാര്യമുണ്ടാകാം. എന്തായാലും പതിനെട്ടാം നൂറ്റാണ്ടിലെ മാധ്യമലോകമായി തുള്ളൽകവിതയെ മാറ്റുകയും അക്കാലത്തെ സാമൂഹിക ജീവിതത്തിന്റെ “ലൈവ് റിപ്പോർട്ടിങ് “ചടുലമായി നിർവഹിക്കുകയും ചെയ്ത കുഞ്ചന്റെ ചരിത്രത്തിൽ നമ്മുടെ കരുനാഗപ്പള്ളിയും ഉണ്ട് എന്നത് ആഹ്ലാദകരം തന്നെ…