പത്തനാപുരം.വൃദ്ധയായ അമ്മയ്ക്ക് മകളുടെ ശാരീരിക പീഡനം. മകൾ ലീനയാണ് അമ്മ ലീലാമ്മയെ തൂണിൽ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. പ്രശ്നത്തിൽ ഇടപെട്ട വനിതാ പഞ്ചായത്ത് അംഗത്തിന് നേരെയും ലീനയുടെ മർദനമുണ്ടായി. അക്രമ ദൃശ്യങ്ങൾ പുറത്തായി.
ഇന്നലെ വൈകുന്നേരമാണ് അമ്മയ്ക്ക് നേരെ മകളുടെ ഈ ക്രൂരകൃത്യം. വീട്ടുമുറ്റത്തെ തൂണിൽ അമ്മയെ മകൾ ലീന കെട്ടിയിട്ടു . വീട്ടിൽനിന്ന് പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ ബലംപ്രയോഗിച്ച് അകത്തേക്ക് കയറ്റുകയും ചെയ്തു. മകൾ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് അമ്മ ലീലാമ്മ പറഞ്ഞു.
മർദ്ദനം കണ്ട് അയൽവാസികളാണ് ദൃശ്യങ്ങൾ പകർത്തിയത്. തടയാനെത്തിയ അയൽവാസികളെ ലീന അസഭ്യം പറഞ്ഞു. പിടിച്ചുമാറ്റാൻ എത്തിയ അയൽവാസിയും പഞ്ചായത്ത് അംഗവുമായ അർഷ മോളെയും ലീന മർദ്ദിച്ചതായി പരാതിയുണ്ട്.
പീഡനം സംബന്ധിച്ച് പത്തനാപുരം പൊലീസിൽ നേരത്തേയും പരാതികളുണ്ട്.