ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലടയിൽ വാടക വീട്ടിൽ നടന്നു വന്ന ചാരായം വാറ്റ് അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കു നേരെ പട്ടിയെ അഴിച്ചുവിട്ട് ഇടുക്കി തങ്കമണി സ്വദേശിയായ പ്രതി രക്ഷപ്പെട്ടു.വാടക വീട് കേന്ദ്രീകരിച്ചു ചാരായം വാറ്റ് നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം ഞായറാഴ്ച
വൈകിട്ട് പരിശോധനയ്ക്ക് എത്തിയത്.
വലിയപാടത്ത്
തൃക്കോവിൽവട്ടം സ്വദേശി വാടകയ്ക്ക് കൊടുത്ത വീട്ടിൽ താമസിക്കുന്ന ഇടുക്കി ഈട്ടിക്കവല തങ്കമണി കുഴുവേലി മറ്റത്തു വീട്ടിൽ സെബാസ്റ്റ്യൻ തോമസാണ് ചാരായം വാറ്റി വില്പന നടത്തി വന്നിരുന്നത്.വിളന്തറ സ്വദേശിയായ പ്രജിത് എന്നയാളുടെ സഹായവും ഇയ്യാൾക്ക് ലഭിച്ചിരുന്നു.
എക്‌സൈസ് സംഘത്തിന് നേരെ അപ്രതീക്ഷിതമായി സെബാസ്റ്റ്യൻ വളർത്തുനായയെ അഴിച്ചുവിട്ടശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും 20 ലിറ്റർ ചാരായവും 325 ലിറ്റർ കോടയും കണ്ടെത്തി.പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് റേഞ്ച് ഇൻസ്‌പെക്ടർ അറിയിച്ചു. എക്‌സൈസ് സംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.ജി. അജയകുമാർ,സിവിൽ ഓഫീസർമാരായ സുധീഷ്,ജിനു, പ്രസാദ്,അജയൻ,വനിത സിവിൽ ഓഫീസർ ഷീബ,സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.