അമ്മയേക്കാള്‍ സ്നേഹിച്ച ടീച്ചര്‍,നെഞ്ചുനീറ്റുന്ന ഒരു ഓര്‍മ്മക്കുറിപ്പ്

Advertisement

“എന്നാണ് ഇതുപോലെ അനിതയുടെ ഫോട്ടോ പത്രത്തിൽ വരുന്നത്?” ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയവരുടെ ഫോട്ടോ പത്രത്തിൽ കാണുമ്പോഴൊക്കെ ഹോസ്റ്റലിലുള്ള എന്നെ ഏറെ പ്രതീക്ഷയോടെ വിളിച്ചു ചോദിക്കുമായിരുന്നു വിജയകുമാരി ടീച്ചർ. എന്നാൽ ടീച്ചറിന്റെ സ്വപ്നം സാധ്യമായപ്പോൾ അത് കാണാൻ എന്നോടൊപ്പം ടീച്ചർ ഇല്ലാതെപോയി 😔.
വലിയ സ്വപ്നങ്ങളൊന്നുമില്ലാതെ ഡിഗ്രിയെടുക്കാനായാണ് ഡിബി കോളേജിൽ അഡ്മിഷൻ എടുത്തത്. കൂട്ടത്തിൽ പിന്നിലേക്ക് മാറിനിക്കുന്ന സ്വഭാവമുണ്ടായിരുന്ന ഞാൻ എത്തിപ്പെട്ടത് ഒരുപിടി നല്ല കൂട്ടുകാരുടെയും അധ്യാപകരുടെയും ഇടയിലേക്കാണ്.കോളേജ് അധ്യാപികമാരുടെ വടിവൊത്ത വസ്ത്രധാരണങ്ങളിൽ നിന്നും വ്യത്യസ്തയായി അമ്മയെ ഓർമിപ്പിക്കും വിധം വോയിൽ സാരിയുടുത്ത ഒരു ടീച്ചറാണ് ആദ്യമായി ഞങ്ങളുടെ ക്ലാസ്സിലേക്ക് എത്തിയത്. അതാണ് ടീച്ചറിനെ കുറിച്ചുള്ള ആദ്യത്തെ ഓർമ.

     വളരെ മാതൃകാപരമായി അന്ന് ഡിബി കോളേജിൽ നടത്തി പോന്നിരുന്ന ബോധി നാഷണൽ സെമിനാറിൽ ഒന്നാം വർഷക്കാരായിട്ടും ഞങ്ങളോടും സെമിനാർ present ചെയ്യണമെന്ന് ടീച്ചർ ആവശ്യപ്പെട്ടു. അതിനായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാൾ ഞാനായിരുന്നു. അന്ന് മുതൽ ടീച്ചറിന്റെ പ്രിയപ്പെട്ടവരിൽ ഒരാളായി എന്നെ മാറ്റിയെടുക്കുകയായിരുന്നു. സിലബസിനു പുറത്തേക്ക് വായിക്കാനും, ഫിസിക്സിന്റെ ലോകം സിലബസിന്റെ മതിൽക്കട്ടുകൾക്ക് പുറത്തേക്ക് വളരെ  വലുതാണെന്നും, അവിടേക്ക് എത്തിപ്പെടാൻ കോളേജ് ലൈബ്രറി ഉപയോഗപ്പെടുത്താനും എന്നെ പ്രാപ്തയാക്കിയത് ടീച്ചറാണ്. ഫോണൊ കമ്പ്യൂട്ടറോ സ്വന്തമായില്ലായിരുന്ന എനിക്ക് ഇമെയിൽ ഐഡി create ചെയ്ത് അബ്ദുൽ കലാമിനും, സ്റ്റീഫൻ ഹാക്കിങ്സിനുമൊക്കെ മെയിൽ അയക്കാനും ഫിസിക്സ്‌ സംവദിക്കാനുമുള്ള ധൈര്യം പകർന്നത് ടീച്ചറാണ്. ആദ്യമായി അബ്ദുൽ കലാമിന്റെ മറുപടി കിട്ടിയപ്പോൾ എന്നെക്കാളേറെ സന്തോഷിച്ച ടീച്ചറിനെ ഇന്നും ഞാൻ ഓർക്കുന്നു. ടീച്ചർ നേടിത്തന്ന ഈ ഒരു ഗുണമാണ്  ഗവേഷണകാലത്ത് പോളണ്ട്, Polish Academy of Sciences ലെ scientist ആയ Dr. Yuri Koshkidko യുമായി collaboration നേടാൻ എന്നെ പ്രാപ്തയാക്കിയത്.


   Physics papers ന് ഒന്നും ട്യൂഷന് പോകാതെയാണ് ഞങ്ങളിൽ പലരും 95% മാർക്കിൽ കൂടുതൽ നേടി ഡിഗ്രി പാസ്സായത്. അതിന്റ credit മുഴുവൻ ടീച്ചറിനാണ്. ഞങ്ങൾ ഫൈനലിയറിന് പഠിക്കുമ്പോൾ ടീച്ചർ അസുഖബാധിതയായി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു. എന്നിട്ടും, "ട്യൂഷന് പോകാതെ കുറച്ചു കുട്ടികൾ എന്നെ പ്രതീക്ഷിച്ച് കോളേജിൽ വരുന്നുണ്ട്, അവർക്ക് വേണ്ടി എനിക്ക് പോയേ പറ്റു " എന്ന് പറഞ്ഞ് ഡിസ്ചാർജ് വാങ്ങി ടീച്ചർ ഞങ്ങൾക്കായി കോളേജിലേക്ക് വന്നു. മറ്റ് അദ്ധ്യാപകരാരെയും ഏല്പിക്കാതെ ടീച്ചർ കൈകാര്യം ചെയ്തിരുന്ന papers മുഴുവൻ പഠിപ്പിച്ചു തീർത്തു. എല്ലാതവണത്തെയും പോലെ യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് മുൻപ് രണ്ട് set പരീക്ഷ നടത്തി, പേപ്പർ നോക്കി, ശരിയായി എഴുതിയ ഉത്തരങ്ങൾ വരെ ഇനിയും എന്തൊക്കെ add ചെയ്തു perfect ആക്കാം എന്ന് പറഞ്ഞു തന്ന് ഞങ്ങളെ സജ്ജരാക്കി. ബാച്ചിൽ ഞങ്ങൾ മൂന്നു പേര് 95%ന് മുകളിൽ  മാർക്കൊടെ ഡിഗ്രി നേടിയെടുത്തത് ട്യൂഷന് പോകാതെയാണ്. ഡിഗ്രി പഠനകാലത്ത് PhD എന്ന സ്വപ്നത്തിന്റെ വിത്തുകൾ എന്നിൽ പാകിയതും ടീച്ചറാണ്.

   അടുത്തുള്ള ഏതെങ്കിലും ഒരു കോളേജിൽ MSc ചെയ്യുമായിരുന്ന എന്നെ അച്ഛനോട് സംസാരിച്ചു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേക്ക് പഠിക്കാനായി അയച്ചത് ടീച്ചറാണ്. ഹോസ്റ്റലിലേക്ക് പോകുന്നതിന് മുന്നോടിയായി എന്നെ ടീച്ചറിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ആദ്യമായി ഹോസ്റ്റൽ ജീവിതത്തിലേക്ക് കടക്കുന്ന  എനിക്ക് ഹോസ്റ്റലിന്റെ രീതികൾ ഒക്കെ പറഞ്ഞു തന്നു. പഠിക്കുമ്പോൾ ചൂടുവെള്ളം എടുത്ത് വെക്കാനായി ഫ്ലാസ്ക്, പുതയ്ക്കാൻ ഊട്ടിയിൽ നിന്ന് വാങ്ങിയ ഭംഗിയുള്ള പുതപ്പ്, ടീച്ചറിന്റെ കയ്യിലുണ്ടായിരുന്ന കുറച്ചു പുസ്തകങ്ങൾ, ആവശ്യത്തിന് കയ്യിൽ കരുതാൻ കാശ്, അങ്ങനെ കൈ നിറയെ സാധനങ്ങളുമായി ഊണൊക്കെ കഴിപ്പിച്ച് ടീച്ചർ എന്നെ യാത്രയാക്കി.

   ഹോസ്റ്റലിൽ എത്തിയപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ടീച്ചർ എന്നെ വിളിക്കുമായിരുന്നു. ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ മുതൽ മെസ്സിലെ ഫുഡിനെ കുറിച്ച് വരെ  എന്നോട് സംസാരിക്കുമായിരുന്നു. മെലിഞ്ഞിരുന്ന എന്റെ ആരോഗ്യത്തെ കുറിച്ച് വരെ ആശങ്കപെടുമായിരുന്നു. MSc ക്ലാസ്സിൽ പഠിപ്പിച്ച പല കാര്യങ്ങളും ഒരു പുസ്തകത്തിന്റെയും സഹായമില്ലാതെ ടീച്ചർ ഓർമയിൽ നിന്ന് പറയുന്നത് കേട്ട് ഞാൻ അത്ഭുതപെട്ടിട്ടുണ്ട്. 

എന്റെ പരീക്ഷദിനങ്ങളിൽ എന്നെപോലെ തന്നെ anxiety ആയിരുന്നു ടീച്ചറിനും. എത്ര വയ്യാതിരുന്നാലും പരീക്ഷയ്ക്ക് പോകുന്നതിന് മുൻപുള്ള എന്റെ ഫോൺവിളിക്കായി കാത്തിരിക്കുമായിരുന്നു. ടീച്ചറിന്റെ വീട്ടിലേക്ക് എന്നെ വിളിച്ചിട്ട് breakfast കഴിക്കാതെ  വീടിന്റെ sitout ൽ എന്നെയും നോക്കിയിരിക്കുന്ന ടീച്ചറിന്റെ രൂപം  ഇപ്പോഴും മങ്ങാതെ മനസിലുണ്ട്.

    എല്ലാ semester തുടങ്ങുമ്പോഴും എന്നെ വിളിക്കും, പഠിക്കാനുള്ള papers ഏതാണെന്നു അന്വേഷിക്കും, അത് പഠിക്കാൻ ഏറ്റവും ബെസ്റ്റ് പുസ്തകം ഏതാണെന്ന് പറഞ്ഞു തരും, അതൊക്കെ വാങ്ങാനുള്ള പൈസയും തരും. എന്റെ കയ്യിലുള്ള ഫിസിക്സ് പുസ്തകങ്ങളിൽ ഭൂരിഭാഗവും  ടീച്ചർ വാങ്ങി തന്നതാണ്. എന്നെന്നും ഉപയോഗപ്പെടുന്നവ  എന്ന ദീർഘദൃഷ്ടിയോടെ വാങ്ങി തന്നത്. അത് അങ്ങനെ തന്നെ ഉപയോഗപ്പെടുകയും ചെയ്തിട്ടുണ്ട്. ഒന്നും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. എല്ലാം അറിഞ്ഞു ചെയ്തിരുന്നു ടീച്ചർ.

    ഞാൻ MSc രണ്ടാം വർഷമായപ്പോഴാണ് ടീച്ചറിന്റെ അസുഖം ഗുരുതരമാകുന്നത്. അതിനിടയിലും  വീട്ടിൽ ടീച്ചറുള്ളപ്പോൾ കാണാൻ ചെന്നാൽ അപ്പോഴും ടീച്ചർ അടുത്തുള്ള കുഞ്ഞുകുട്ടികളെ വരെ പഠിപ്പിക്കുകയായിരിക്കും. കോളേജ് അധ്യാപിക എന്ന ഭാവമില്ലാതെ ചിലപ്പോൾ അവരെ  അക്ഷരം പഠിപ്പിക്കുകയാവും. ആരിലും  അറിവ് പകരുക എന്ന ധർമ്മം ഏറ്റവും മനോഹരമായി പൂർത്തിയാക്കിയ  അധ്യാപികയായിരുന്നു  എന്റെ ടീച്ചർ.

എന്നെക്കാളേറെ എനിക്ക് PhD കിട്ടുന്ന ദിവസം സ്വപ്നം കണ്ട  ആളാണ് എന്റെ ടീച്ചർ. അടുത്തുള്ള കോളേജുകളിൽ മാത്രം പഠിച്ചു വലിയ ആൾക്കൂട്ടത്തിനിടയിലെ ഒരാളായി പോകുമായിരുന്ന എന്നെ വഴി തിരിച്ചു വിട്ടതും, സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാനും അവിടെ എത്താനും പ്രാപ്തയാക്കിയത് എന്റെ ടീച്ചറാണ്. ഇന്ന് എനിക്ക് ലഭിക്കുന്ന എല്ലാ അഭിനന്ദനങ്ങളും ടീച്ചറിന് കൂടിയുള്ളതാണ്. എന്നെ ഇങ്ങനെ mould ചെയ്ത എന്റെ ടീച്ചറിനല്ലാതെ ആർക്കാണ് ഞാൻ എന്റെ thesis സമർപ്പിക്കേണ്ടത്...
courtesy. face book
Advertisement