കൊല്ലം. നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളും പിടിയിൽ. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. മാസ്ക് വെക്കാൻ പറഞ്ഞതിൻ്റെ വൈരാഗ്യത്തെ തുടർന്നായിരുന്നു പ്രതികളുടെ ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി 9 30 ന് നീണ്ടകര താലൂക്ക് ആശുപത്രിയിലായിരുന്നു അക്രമികള്‍ ഭീകരത സൃഷ്ടിച്ച് ജീവനക്കാരെ ആക്രമിച്ചത്. അക്രമത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ഇന്ന് ഉച്ചയോടെ പൊലീസ് പിടികൂടി. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവർ കൊല്ലം മൈലക്കാട് നിന്നാണ് പിടിയിലായത്. പ്രതികളിൽ ഒരാളുടെ മാതാവിന് ചികിത്സ വൈകിപ്പിച്ചു എന്നാരോപിച്ചായിരുന്നു അക്രമം.
എന്നാൽ മാസ്ക് വെക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപനകാരണമെന്നാണ് ജീവനക്കാർ പറയുന്നത്. കൊല്ലുമെന്ന് അലറിവിളിച്ചുകൊണ്ടായിരുന്നു പ്രതികളുടെ പരാക്രമമെന്ന് ദൃക്സാക്ഷികളായ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. നഴ്സിനെയാണ്ക്രൂരമായി ചവിട്ടിവീഴ്ത്തി മര്‍ദ്ദിച്ചത്. തടഞ്ഞിരുന്നില്ലെങ്കില്‍ കൊലപ്പെടുത്തിയേനേ എന്നാണ് ഡോക്ടര്‍ പറയുന്നത്.
പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ ആശുപത്രി ജീവനക്കാർ ജോലിയിൽ പ്രവേശിക്കാതെ സമരം ചെയ്തു. സമരത്തിന് വിവിധ യുവജന സംഘടനകളും അഭിവാദ്യം അർപ്പിച്ചു. മൂന്നു ദിവസം മുൻപ് പ്രതികൾ ആശുപത്രിയിലെത്തി ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ചിരുന്നു.
ഈ അക്രമത്തിന് ലഭിച്ച പരാതിയെത്തുടര്‍ന്ന് കഴിഞ്ഞദിവസം പൊലീസുകാർ പ്രതികളെ തിരക്കി ഇവരുടെ വീട്ടിലെത്തിയിരുന്നു. അതിന്‍റെ വൈരാഗ്ണ്മയത്തിലാണ് ഇന്നലെ ഭീകരാവസ്ഥസൃഷ്ടിച്ച് അഴിഞ്ഞാടിയത്. ആശുപത്രിക്ക് നേരെയുണ്ടായ അക്രമം അപലപനീയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു.