ചക്കുവളളി:പോരുവഴി സർക്കാർ ഹയർസെക്കന്ററി സ്കൂളിൽ വീണ്ടും സംഘർഷം.ഇന്ന് രാവിലെ സ്കൂൾ പിടിഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു.തുടർന്ന് പുറത്ത് നിന്നും നിരവധി പേർ സ്കൂൾ വളപ്പിലേക്ക് അതിക്രമിച്ചെത്തുകയും സമരം നടത്തിയ വിദ്യാർത്ഥികളെ മർദ്ദിക്കുകയുമായിരുന്നു.ഒരു വിദ്യാർത്ഥി സംഘടനയിൽപ്പെട്ട വിദ്യാർത്ഥികളെ മാത്രം തെരഞ്ഞുപിടിച്ചായിരുന്നു മർദ്ദനമെന്ന് പറയപ്പെടുന്നു.ചില കുട്ടികളുടെ കൈയ്ക്ക് ഒടിവും പൊട്ടലും സംഭവിച്ചിട്ടുണ്ട്.പരിക്കേറ്റ വിദ്യാർത്ഥികളെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ പിടിഎ പ്രസിഡന്റ് വിളിച്ചു വരുത്തിയ സിപിഎം പ്രവർത്തകരാണ് സ്കൂൾ വളപ്പിൽ കടന്ന് കെ.എസ്.യു പ്രവർത്തകരായ കുട്ടികളെ തെരഞ്ഞുപിടിച്ച് ക്രൂരമായി മർദ്ദിച്ചതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുമ്പ് കുട്ടികൾക്ക് യൂണിഫോം നൽകുന്നതിന് ഏർപ്പെടുത്തിയ തയ്യൽക്കാരൻ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് സ്കൂളിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.സംഭവം പോലീസിൽ അറിയിക്കാതെ മൂടിവയ്ക്കാൻ സ്കൂൾ അധികൃതരും പിടിഎയും ശ്രമിച്ചതായി പരാതി ഉയർന്നിരുന്നു.ഇതിനെതിരെ സമരം നടത്തിയ വിദ്യാർത്ഥികളെ സ്കൂൾ വളപ്പിൽ കടന്ന് പോലീസ് തല്ലിച്ചതച്ചതും വിവാദമായിരുന്നു.തുടർന്ന് പിടിഎ വൈസ് പ്രസിഡന്റ് അടക്കമുള്ള
കോൺഗ്രസ് അംഗങ്ങൾ രാജി വയ്ക്കുകയും ചെയ്തിരുന്നു.