പുനലൂര്‍. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നല്‍ റെയിഡില്‍ ആര്യങ്കാവിൽ ഇന്നലെ രാത്രി 10750 കിലോ പഴകിയ മീൻ പിടികൂടി
പിടിച്ചെടുത്ത മീനുകൾ ചീഞ്ഞളിഞ്ഞ് പൂപ്പൽ ബാധിച്ചവ.പ്രാഥമിക പരിശോധനയില്‍ത്തന്നെ ബോധ്യമായതാണിത്.തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽനിന്നാണ് മത്സ്യം കൊണ്ടുവന്നത്. കേരളത്തിൽ അടൂർ, ആലങ്കോട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ മൊത്ത വ്യാപാരികൾക്ക് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം.
തമിഴ്നാട്ടില്‍നിന്നും കടത്തികൊണ്ടുവന്ന മല്‍സ്യമാണ് ഭക്ഷ്യസുരക്ഷ വിഭാഗം പിടികൂടിയത്. ഇന്നലെ പരിശോധന നടന്നിരുന്നില്ലെങ്കില്‍ ഈ മല്‍സ്യംമുഴുവന്‍ കൊല്ലം ജില്ലയിലെ ഗ്രാമചന്തകളിലും കമ്മീഷന്‍ കടകളിലും ഇന്ന് വിറ്റുപോകേണ്ടവയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം ജില്ലയിലെ വിവിധ ചന്തകളിൽ നിന്ന് പഞ്ചായത്തിൻ്റെയും ആരോഗ്യവകുപ്പിൻ്റേയും പരിശോധനകളിൽ മോശം മത്സ്യങ്ങൾ പിടിച്ചെടുത്തിരുന്നു.
മൂന്ന് ലോറികളിലായി കൊണ്ടുവന്നത് ചൂര മീൻ ആണ്. ട്രോളിംങ് നിരോധനത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍നിന്നും സാധാരണ വരുന്നതിന്‍റെ ഇരട്ടിയിലേറെ മല്‍സ്യം കൊണ്ടുവരുന്നുണ്ട്. വലിയഏജന്‍സി ശൃംഖലയാണ് ഇത് ഗ്രാമാന്തരങ്ങളില്‍ എത്തിക്കുന്നത്. വലിയ വിലക്കുറവില്‍ ലഭിക്കുന്നത് പരമ്പരാഗത കച്ചവടക്കാരല്ലാത്തവരെയും മല്‍സ്യവില്‍പന മേഖലയിലേക്ക് എത്തിച്ചിട്ടുണ്ട്. പരമ്പരാഗത മല്‍സ്യ വില്‍പനക്കാരെ വിലക്കുറവിലൂടെ തകര്‍ത്ത് വിപണി പിടിച്ച മല്‍സ്യമാഫിയ ഇടക്കാലത്ത് സര്‍ക്കാരിന്‍റെ അന്തിപ്പച്ചയിലേക്കുവരെ കടന്നു കയറിയിരുന്നു.
ഏകോപനമില്ലായ്മ മൂലം ആരോഗ്യഭക്ഷ്യസുരക്ഷാ പഞ്ചായത്ത് പൊലീസ് വിഭാഗങ്ങള്‍ കണ്ണടക്കുകയാണ് പതിവ്. നേരം പുലരുംമുമ്പ് നാടാകെ മല്‍സ്യമെത്തിക്കുന്നതുമൂലം സ്വാഭാവിക കൊല്ലം കടല്‍ മല്‍സ്യം വില്‍പനയില്ലാതെയായി. മാത്രമല്ല വിലക്കുറവിലൂടെ പരമ്പരാഗത മല്‍സ്യവില്‍പനക്കാരെ ഇവര്‍ കയ്യിലെടുക്കുകയും ചെയ്തു. മൂന്നു പോര്‍ട്ടുകളും വലിയൊരു കായലും മറ്റ് ഉള്‍നാടന്‍ ജലാശയങ്ങളുമുണ്ടായിട്ടും കൊല്ലം കാര്‍ വരവ് മല്‍സ്യം കഴിച്ച് അപകടത്തിലാവുകയാണിപ്പോള്‍. അതിര്‍ത്തി കേന്ദ്രീകരിച്ച് നിരന്തരമായ പരിശോധനയിലൂടെ മാത്രമേ ഈ അപകടം തടയാനാവൂ എന്നിരിക്കിലും ശക്തമായ നീക്കം ഇക്കാര്യത്തിലില്ല. അഴിമതിയില്ലാത്ത നേതൃത്വമുണ്ടായാലേ കാര്യക്ഷമമായി സംവിധാനം നടപ്പാകൂ എന്നും പറയുന്നു. തുടര്‍ച്ചയായ പരിശോധനക്ക് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുകയാണ്. ശക്തമായ പരമ്പരാഗത മല്‍സ്യവിപണന മേഖലയെ ആപത്തില്‍നിന്നും മുക്തമാക്കണമെന്ന ആവശ്യവും ആരും ശ്രദ്ധിച്ചിട്ടില്ല.