കരുനാഗപ്പള്ളിരേഖകൾ -6
ഡോ. സുരേഷ് മാധവ്
എടുപ്പിലും നടപ്പിലും പെരുമാറ്റത്തിലും മഹാത്മാവായിരുന്ന അയ്യങ്കാളിയെ (1863-1941)അക്കാലത്ത് എല്ലാവരും ബഹുമാനിച്ചിരുന്നു. “പഠിപ്പിൽ ശേഷിയുള്ള ആരെങ്കിലും നിങ്ങളുടെ സമുദായത്തിൽ ഉണ്ടോ “എന്ന ദിവാൻ പി. രാജഗോപാലാചാരിയുടെ ചോദ്യത്തിന് “ഉണ്ട് “എന്നായിരുന്നു അയ്യൻകാളിയുടെ ഉറച്ച മറുപടി.
“തലപ്പാവും കുങ്കുമപ്പൊട്ടും കോട്ടും മേൽവേഷ്ടിയുമായി ശ്രീ അയ്യൻകാളി പ്രജാസഭയിലേയ്ക്ക് വരുമ്പോൾ ഇദ്ദേഹമല്ലേ ദിവാനെന്നു സന്ദർശകരിൽ പലരും അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് “മന്നത്തു പദ്മനാഭൻ എഴുതി. സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിഭാഗങ്ങളിൽ നിരന്തരം സഞ്ചരിച്ചിരുന്ന അയ്യൻ കാളിയ്ക്ക് ജാതിഭേദമില്ലാതെ എല്ലാ പ്രമുഖരും ആതിഥ്യമരുളിയിരുന്നു. തന്റെ സമുദായക്കാർക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്റെ ജാതിയിൽ പത്ത് ബി. എ ക്കാരെ കാണണം “
എന്നായിരുന്നു ശ്രീമൂലം തിരുനാൾ മഹാരാജാവിനോട് അദ്ദേഹം അപേക്ഷിച്ചത്. പന്മന -പൊന്മന ഭാഗങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ച് സംഘടനാപ്രവർത്തനത്തിനു വന്നുകൊണ്ടിരുന്ന അയ്യൻ കാളി 1930ൽ പന്മന തൈത്തറ വീട്ടുകാരുടെ പുരയിടത്തിൽ സാധുജനപരിപാലനസംഘത്തിന്റെ ശാഖയുണ്ടാക്കി. കുമ്പളത്ത് ശങ്കുപിള്ളയുടെ പരിപൂർണ പിന്തുണ ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഉണ്ടായിരുന്നു. പന്മനയിൽ ഒരു ഹരിജൻ സ്കൂൾ കുമ്പളം സ്ഥാപിച്ചിരുന്നു. മനയിൽ കാവിന് തെക്കു ഭാഗത്ത് പ്രാക്കുളം സി പദ്മനാഭപിള്ള സ്മാരക വായനശാലയുടെ മുന്നിൽ ദളിതരുടെ യോഗങ്ങൾ അയ്യൻ കാളി വിളിച്ചുകൂട്ടിയിരുന്നു.1924മെയ് 5ന് ചട്ടമ്പിസ്വാമികൾ സമാധിയായപ്പോൾ പാണയത്ത് കാവിൽ സമാധിസ്ഥാനം ഒരുക്കിയത് കുമ്പളത്ത് ശങ്കുപിള്ളയായിരുന്നു.1931മെയ് 8ന് സമാധിസ്ഥാനത്ത് ശിവലിംഗ പ്രതിഷ്ഠയും നടത്തി.കോലഞ്ചേരി പുത്തൻകുരിശ് ആശ്രമത്തിലെ ഭക്താനന്ദസ്വാമികളാണ് പ്രതിഷ്ഠനടത്തിയത്. പ്രതിഷ്ഠാവേളയിൽ അയ്യൻകാളി പങ്കെടുത്തു. അതിനെക്കുറിച്ച് കുമ്പളം ഇങ്ങനെ രേഖപെടുത്തുന്നു :-“പന്മന ക്കാവിൽ (ബാലഭട്ടാരകേശ്വരക്ഷേത്രത്തിൽ )പ്രതിഷ്ഠാകർമത്തിൽ ഞങ്ങൾ എല്ലാ ഹിന്ദുവിഭാഗങ്ങളെയും സംബന്ധിപ്പിച്ചു. അന്ന് അയ്യൻകാളി പ്രതിഷ്ഠാകർമം ദർശിക്കയുണ്ടായി.”ഞങ്ങളുടെ ആയുസ്സിൽ ഈ പ്രതിഷ്ഠാകർമം കാണാൻ ഭാഗ്യം സിദ്ധിച്ചല്ലോ “എന്നദ്ദേഹം കൃതാർത്ഥത പൂണ്ടു.
“അനേകം വർഷം കൊണ്ടുമാത്രമുണ്ടാകുമായിരുന്ന ഒരു പരിവർത്തനമാണ് കഴിഞ്ഞ പത്തുനാൽപതു കൊല്ലം കൊണ്ടു നമ്മുടെ നാട്ടിൽ ഉണ്ടായത് “. പ്രസ്തുത ചടങ്ങിൽ അയ്യൻ കാളിയ്ക്ക് പുറമെ കറുമ്പൻ ദൈവത്താൻ, ബാരിസ്റ്റർ എ. കെ പിള്ള, ഇ, സുബ്രഹ്മണ്യ അയ്യർ തുടങ്ങിയ പ്രമുഖർക്കൊപ്പം നൂറു കണക്കിന് ഭക്തജനങ്ങളുംപങ്കു കൊണ്ടതായി ആത്മകഥയിൽ കുമ്പളം സൂചിപ്പിച്ചിട്ടുണ്ട്.എൻ എസ് എസ് സുവർണ ജൂബിലി സ്മരണിക (1964)യിൽ കുമ്പളത്ത് ശങ്കുപിള്ള എഴുതിയ ‘സാമൂഹിക പരിഷ്കരണ സംരംഭങ്ങൾ ‘എന്ന ലേഖനത്തിലാണ് അയ്യൻകാളിയുടെ പന്മന ആശ്രമസന്ദർശനത്തെക്കുറിച്ച് പരാമർശമുള്ളത്.