പൂവറ്റൂര്‍ സിഎച്ച്‌സിയില്‍ ചുമയ്ക്കുള്ള മരുന്നിന് പകരം ഫിനോയില്‍ നല്‍കിയതായി ആക്ഷേപം

Advertisement

14 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

കൊട്ടാരക്കര: കുളക്കട പഞ്ചായത്തിലെ പൂവറ്റൂര്‍ സിഎച്ച്‌സിയില്‍ പനിയ്ക്ക് ചികിത്സ തേടി എത്തിയ രോഗിക്ക് ചുമയുടെ സിറപ്പിന് പകരം ഫിനോയില്‍ നല്‍കിയതായി ആക്ഷേപം. മരുന്ന് മാറി നല്‍കിയതിനെത്തുടര്‍ന്ന് 14 വയസുകാരനെ ഗുരുതരാവസ്ഥയില്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കുളക്കട ഈസ്റ്റ്, കുറ്ററ നെടുവേലികുഴിയില്‍ അനില്‍കുമാറിന്റെ മകന്‍ ആഷിക്കാണ് മാറി നല്‍കിയ മരുന്ന് കഴിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയിരിക്കുന്നത്. പനി ബാധിതനായ ആഷിക്കുമായി അച്ഛന്‍ അനികുമാര്‍ ചികിത്സയ്ക്കായി പൂവറ്റൂര്‍ സിഎച്ച്‌സിയില്‍ എത്തി ഡോക്ടറെ കണ്ടശേഷം ഡോക്ടര്‍ പുറത്തുനിന്നും വാങ്ങേണ്ട മരുന്നിനും ആശുപത്രിയില്‍ നിന്നും തരേണ്ട മരുന്നിനും എഴുതി നല്‍കി. തുടര്‍ന്ന് സിഎച്ച്‌സിയില്‍ നിന്നും ചുമയ്ക്കുള്ള സിറപ്പ് കുപ്പിയില്‍ ഒഴിച്ച് നല്‍കുകയായിരുന്നു.
വീട്ടില്‍ എത്തിയശേഷം ആഷിഖ് സിറപ്പ് കുടിച്ചത്തോടെ ആന്തരിക അവയവങ്ങള്‍ക്ക് കടുത്ത നീറ്റല്‍ അനുഭവപ്പെടുകയും കുട്ടിയെ പൂവറ്റൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അവിടെ നിന്നും കൊട്ടാരക്കര താലൂക് ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് മരുന്ന് നല്‍കിയ കുപ്പിയില്‍ ഫിനോയിലിന്റെ സാന്നിധ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആഷിക്കിനെ വയര്‍ വൃത്തിയാക്കുന്നതുള്‍പ്പടെയുള്ള ചികിത്സയ്ക്ക് വിധേയനാക്കി. ആന്തരിക അവയങ്ങള്‍ക്കുള്‍പ്പെടെ പൊള്ളേലേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആഷിക്ക് അപകടനില തരണം ചെയ്തിട്ടില്ല. മാറി നല്‍കിയ മരുന്നുമായി പൂവറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അനില്‍കുമാര്‍ എത്തിയെങ്കിലും ഇവിടെ നിന്നും ഇത് നല്കിയില്ലെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്.

സിറപ്പ് വാങ്ങാനുപയോഗിച്ച കുപ്പിയില്‍ ചിലപ്പോള്‍ ഫിനോയിലിന്റെ അംശം ഉണ്ടായിരുന്നതാകാമെന്നും നിഗമനമുണ്ട്. അടുത്ത കാലത്ത് പൂവറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് ശേഷം ഒപി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് സമരങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രികളെ സഹായിക്കാനായിട്ടാണ് ഉച്ചയ്ക്ക് ശേഷം ഓപി സംവിധാനം പ്രവര്‍ത്തിക്കാത്തതെന്ന ആരോപണവും ശക്തമാണ്.

Advertisement