കാണാതായ കുന്നത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ എറണാകുളത്തു നിന്നും കണ്ടെത്തി

Advertisement

കൊച്ചി : ബുധനാഴ്ച ഉച്ചമുതൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ കൊല്ലം കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബിനീഷ് (46) നെ കണ്ടെത്തി.എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് സമീപം ഉണ്ണികൃഷ്ണ ലോഡ്ജിൽ നിന്നും സെൻട്രൽ പോലീസാണ് ബിനീഷിനെ കണ്ടെത്തിയത്.ശാസ്താംകോട്ട
പോലീസ് നടത്തിയ അന്വേഷണത്തിൽ
ലൊക്കേഷൻ കണ്ടെത്തുകയും വിവരം എറണാകുളം സെൻട്രൽ പോലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് ശാസ്താംകോട്ടയിൽ നിന്നും എറണാകുളത്ത് എത്തിയ
അന്വേഷണ സംഘത്തിന് ബിനീഷിനെ കൈമാറി.വൈകിട്ടോടെ ശാസ്താംകോട്ട
പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ അനൂപ്, എസ്.ഐ അനീഷ് എന്നിവർ അറിയിച്ചു.

കുന്നത്തൂർ നാലാം വാർഡ് അംഗവും വൈസ് പ്രസിഡന്റുമായ ബി.ബിനീഷിനെ ബുധനാഴ്ച ഉച്ചമുതൽ കാണാതായത്.ബുധനാഴ്ച രാവിലെ കുന്നത്തൂർ പഞ്ചായത്ത് ഓഫീസിൽ എത്തിയ ശേഷം സ്വന്തം വാഹനത്തിൽ മടങ്ങിയ ബിനീഷ് വീട്ടിലെത്തിയില്ല.രണ്ട് സിം കാർഡ് ഉള്ള ഫോൺ ഉച്ച മുതൽ ഓഫായിരുന്നു.വീട്ടുകാരെ പോലും പിന്നീട് ബന്ധപ്പെട്ടിട്ടില്ല.ഇതാണ് ദുരൂഹതയ്ക്ക് ഇടയാക്കിയത്.