പോരുവഴി. ഫുഡ്‌പ്രോഡക്ട്‌സ് നിര്‍മ്മാണ സ്ഥാപനത്തിനുനേരെ അതിക്രമം, സ്ഥാപനത്തിന്റെ മേല്‍ക്കൂര തകര്‍ത്ത് വെള്ളം കയറി മെഷീനറി നശിക്കുന്നതിനിടയാക്കി എന്നാണ് പരാതി. ഗ്‌ളോറിസ് ഫുഡ്‌സ് എന്ന ഓട്‌സ് നിര്‍മ്മാണ സ്ഥാപനത്തിലാണ് കഴിഞ്ഞദിവസം സാമൂഹികവിരുദ്ധ അക്രമം നടന്നത്.
സ്ഥാപനത്തില്‍ ആളില്ലാതിരുന്ന സമയം വലിയ ചക്ക എറിഞ്ഞ് സ്ഥാപനത്തിന്റെ ഷെഡ് തകര്‍ക്കുകയായിരുന്നു. ഇതുവഴി വെള്ളം അകത്തു കയറി മെഷീനറികള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. കൊട്ടാരക്കര പ്‌ളാപ്പിള്ളി സ്വദേശി റെജിമോന്‍ ആണ് സ്ഥാപനം ഉടമ. പ്രവാസിയായിരുന്ന ഇദ്ദേഹം ഏറെ പ്രതീക്ഷയോടെ ആരംഭിച്ച സ്ഥാപനത്തിന് മികവിന് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്

സ്ഥാപനത്തില്‍ പത്തോളം ജീവനക്കാരുണ്ട്. ഇതിനെ ആശ്രയിച്ച് പുറത്ത് നിരവധി ഏജന്റുമാരും പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം പ്രതിസന്ധിയിലാക്കുന്ന വിധമാണ് അക്രമം. സമീപവാസികളായ ചിലരാണ് ഇതിനു പിന്നിലെന്നുകാട്ടി ശൂരനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് ചക്കവീണാണ് നാശനഷ്ടം എന്ന നിലപാട് ആണ് സ്വീകരിച്ചത്. എന്നാല്‍ അകലെ നിന്നും ചക്ക എങ്ങനെ വീഴുമെന്നാണ് റെജിയുടെ ചോദ്യം. എടുത്തെറിയാതെ ചക്കവീഴാന്‍സാധ്യതയില്ല എന്ന് ജീവനക്കാരും പറയുന്നു.
ഉന്നതപൊലീസ് അധികൃതര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് റെജി. നിരന്തരമായ ഭീഷണികളാണ് സ്ഥലത്തെ ചിലരില്‍നിന്നും തന്റെ സ്ഥാപനത്തിനുണ്ടാവുന്നതെന്ന് റെജി പറയുന്നു. അടുത്തിടെ താന്‍ അക്രമം നടത്തിഎന്നപേരില്‍ കള്ളക്കേസുമുണ്ടാക്കി. സ്ഥാപനം ഉപേക്ഷിക്കുന്നതിനുവേണ്ടിയാണ് ഇതെന്ന് റെജി പറയുന്നു. തന്റെ സമ്പാദ്യം മുഴുവന്‍ ചിലവിട്ട് ആരംഭിച്ച സ്ഥാപനം തകര്‍ക്കാതെ സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.