വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനായി കൊണ്ടുവന്ന എംഡിഎംഎയുമായി പിടിയില്‍

Advertisement


എഴുകോണ്‍: സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനായി കൊണ്ടുവന്ന 3.535 ഗ്രാം എംഡിഎംഎയുമായി യുവാവ് എഴുകോണ്‍ എക്‌സൈസിന്റെ പിടിയിലായി. പെരിനാട്, പാലക്കടവ് മിഥുന്‍ ഭവനത്തില്‍ മിലന്‍. എം. ജോര്‍ജ് (19) ആണ് പിടിയിലായത്. എഴുകോണ്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. പോള്‍സന്റെ നേതൃത്വത്തിലുള്ള സംഘം കുണ്ടറ ആറുമുറിക്കടയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.


മിലന്‍ കുറെ ദിവസങ്ങളായി എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും 3.535 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ ഉത്തര്‍ പ്രദേശില്‍ നിന്നാണ് ഇയാള്‍ എംഡിഎംഎ കൊണ്ടുവന്നതെന്ന് സമ്മതിച്ചിട്ടുണ്ട്. എംഡിഎംഎ ചെറു പൊതികളിലാക്കി വില്പന നടത്തുന്നതായിരുന്നു രീതി.

പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ വഹാബ്, പ്രിവന്റീവ് ഓഫിസര്‍മാരായ എന്‍.ബിജു, സുരേഷ്.എന്‍., സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എവേഴ്‌സന്‍ ലാസര്‍, ശ്രീജിത്ത്, ശരത്, സിദ്ധു ,വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സൂര്യ, എക്സൈസ് ഡ്രൈവര്‍ നിതിന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement