ശൂരനാട്: തിരുവനന്തപുരം സ്വദേശിയിൽ നിന്നും ടൂറിസ്റ്റ് ബസ്സ് പാട്ടത്തിനെടുത്ത (ലീസ്) ശേഷം സി.സി കുടിശ്ശിഖ അടയ്ക്കാതെ ഉടമയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പാട്ടത്തിനെടുത്തയാൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ.തിരുവനന്തപുരം സ്വദേശിയായ ബിജുകുമാറിൽ നിന്നും കരുനാഗപ്പള്ളി സ്വദേശി അസീം,മാവേലിക്കര സ്വദേശി എന്നിവർ ചേർന്നാണ് മുൻകൂറായി 2 ലക്ഷം രൂപ നൽകി ബസ് പാട്ടത്തിനെടുത്തത്.എന്നാൽ കരാറിൽ പറഞ്ഞ വ്യവസ്ഥകളൊന്നും പാലിക്കാൻ പാട്ടത്തിനെടുത്തവർ തയ്യാറായില്ല.ആർ.സി ഓണറായ ബിജുകുമാറിനെ തേടി സി.സി കുടിശ്ശിഖ എത്തിയതോടെ പാട്ടത്തിനെടുത്തവരെ ബന്ധപ്പെട്ടെങ്കിലും ഭീഷണിസ്വരമാണ് ഉയർന്നത്.
ഇതിനിടെ ഞായറാഴ്ച രാത്രിയിൽ പോരുവഴി ശാസ്താംനട ജംഗ്ഷനിൽ വച്ച് ഇരുകൂട്ടരും കണ്ട്മുട്ടുകയും തർക്കം രൂക്ഷമാകുകയും ചെയ്തു.വിവരം ലഭിച്ചതിനെ തുടർന്ന് ശൂരനാട് പോലീസെത്തി ബിജുകുമാർ എത്തിയ ഇന്നോവയും ടൂറിസ്റ്റ് ബസും തർക്കത്തിൽ ഏർപ്പെട്ടവരെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.ഇന്ന് (തിങ്കൾ ) രാവിലെ എത്താൻ പറഞ്ഞ് ഇവരെ വിട്ടയച്ചു.രാവിലെ ഇരുസംഘവും എത്തുകയും ഉച്ച വരെ പോലീസ് ചർച്ച നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.ഉച്ച കഴിഞ്ഞതോടെ അന്തരീക്ഷം സംഘർഷത്തിലേക്ക് വഴിമാറി. അതിനിടെ പാട്ടത്തിനെടുത്തവരുടെ സംഘം സംഘടിച്ച് സ്റ്റേഷന് പുറത്തെത്തുകയും തർക്കം രൂക്ഷമാവുകയുമായിരുന്നു.
ഇവരിൽ ചിലരാണ് വാൾ ഉൾപെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് സംഘർഷം രൂക്ഷമാക്കാൻ ശ്രമിച്ചത്.ഉടൻ തന്നെ പോലീസ് ഓടിയെത്തി ആയുധവുമായി എത്തിയ 2 പേരെ പിടികൂടുകയായിരുന്നു.ഇവരെയും വാഹനം വാടകയ്ക്ക് എടുത്ത അസീമും പോലീസ് കസ്റ്റഡിയിലാണ്.ആംസ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കാനാണ് പോലീസ് തീരുമാനം.ഇതു സംബന്ധിച്ച് കരുനാഗപ്പള്ളി പോലീസിലും ബസ് ഉടമ പരാതി നൽകിയിട്ടുണ്ട്.