കൊല്ലം മയ്യനാട് വലിയവിള സുനാമി ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ലഹരി ഗുളികകളുമായി യുവാവിനെ പിടികൂടി. ബ്ലോക്ക് നമ്പർ 16ൽ, എഫ് വൺ ഫ്ലാറ്റിൽ ശരത്തിനെയാണ് (24) എക്‌സൈസ് അറസ്റ്റ്‌ചെയ്തത്.
ഇയാളിൽനിന്ന് നൈട്രോസിപ്പാം ഇനത്തിൽപ്പെട്ട 10, ടൈഡോൾ ഇനത്തിൽപ്പെട്ട 32 ലഹരി ഗുളികകളാണ് പിടികൂടിയത്. കൊല്ലം തീരദേശം കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിൽപ്പന. മൂന്നുഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പിന് 500 രൂപയാണ് ഈടാക്കാറുള്ളത്.
കഴിഞ്ഞ 20 ദിവസങ്ങളായി ഇയാൾ എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തീരപ്രദേശങ്ങളിൽ ആളുകൾ കുറയുന്ന ഉച്ചസമയത്താണ് വിൽപ്പന. കൊല്ലം എക്‌സൈസ് ഇൻസ്പെക്ടർ ജി എ ശങ്കർ, പ്രിവന്റീവ് ഓഫീസർ എസ് രതീഷ്‌കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ടി ജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ നന്ദകുമാർ, നിഷ, ഡ്രൈവർ ശിവപ്രസാദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.