റോഡുപണിയുടെ പേരില്‍ കുടുംബത്തിന്‍റെ വീട്ടിലേക്കുള്ള വഴിയടച്ചു, കരാറുകാരെയും ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മറുപടി ചോദിച്ച് ഗണേഷ്കുമാര്‍

Advertisement

പത്തനാപുരം. റോഡുപണിയുടെ പേരില്‍ കുടുംബത്തിന്‍റെ വീട്ടിലേക്കുള്ള വഴിയടച്ച് നിര്‍മാണം നടത്തിയ കെഎസ്ടിപി
ഉദ്യോഗസ്ഥരെ വിളിച്ചു സ്ഥലത്തു വരുത്തി ശകാരിച്ച് പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍. പലതവണ ആവശ്യപ്പെട്ടിട്ടും റോഡ് സൈഡില്‍ താമസിക്കുന്നവര്‍ക്ക് വഴി സൗകര്യം ക്രമീകരിക്കാത്തതാണ് കെബി ഗണേഷ്‌കുമാറിനെ ചൊടിപ്പിച്ചത്.

റോഡ് നിര്‍മാണത്തിന്റെ ഭാഗമായി വീടിനെക്കാള്‍ ഉയരത്തില്‍ കരിങ്കല്‍ ഭിത്തികെട്ടിയതോടെയാണ് കുടുംബങ്ങളുടെ വഴിയടഞ്ഞത്. പത്തനാപുരം മുക്കടവില്‍ താമസിക്കുന്ന നീതിഭവനില്‍ ശ്രീകുമാരി ഒരുവര്‍ഷം മുമ്ബ് ഇക്കാര്യം ചുണ്ടിക്കാട്ടി എംഎല്‍എയ്ക്ക് പരാതി നല്‍കിയിരുന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് എംഎല്‍എ നിര്‍ദേശിച്ചു. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതോടെയാണ് എംഎല്‍എ റോഡിന്റെ നിര്‍മാണ ചുമതലയുള്ള കെഎസ്ടിപി ഉദ്യോഗസ്ഥരേയും കരാറുകാരേയും ശകാരിച്ചത്.

പലതവണ പരാതി പറഞ്ഞപ്പോഴും റോഡില്‍നിന്ന് വീട്ടിലേക്ക് റാമ്ബ് സൗകര്യം ഒരുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇതുവരെ ഇതൊന്നും നടന്നിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു. റോഡില്‍നിന്ന് താത്കാലിക റാമ്ബ് നിര്‍മിച്ചാണ് നിലവില്‍ വീട്ടുകാര്‍ വഴിയൊരുക്കിയിട്ടുള്ളത്. ഇതില്‍ നല്ലത് ആ വീടുകൂടി അങ്ങ് ഏറ്റെടുത്തുകൂടായിരുന്നോ എന്ന് എംഎല്‍എ ചോദിച്ചു. ഒരു പാട് വീട്ടുകാര്‍ ബുദ്ധിമുട്ടിലാണ് എന്നും ചിലര്‍ എന്തു ചെയ്യുമെന്ന്‌റിയാതെ വിഷമിക്കുകയാണെന്നും താന്‍ പ്രതികരിക്കുന്നത് ഇതുകൊണ്ടാണെന്നും കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു

Advertisement