കൊല്ലത്തെ മങ്കിപോക്സ് ,ആരോഗ്യവകുപ്പിനും ഭരണകൂടത്തിനും വീഴ്ചയെന്ന് ആക്ഷേപം

Advertisement

കൊല്ലം. മങ്കിപോക്സ് സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച്ച. കൊല്ലം ഡിഎംഒ ഓഫീസിൽ നിന്ന് രോഗിയുടെ പേരിൽ ആദ്യം പുറത്തുവിട്ടത് തെറ്റായ റൂട്ട് മാപ്പ്. രോഗിയുമായി ഏറ്റവും അടുത്ത് സമ്പർക്കത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. രോഗവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കളക്ടർ നടത്തിയ വാർത്താ സമ്മേളനം പ്രസിദ്ധീകരിക്കരുതെന്നും അസാധാരണ നിർദ്ദേശവും പുറത്തുവന്നു.

കൊല്ലത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിൽ ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വീഴ്ചക്‍ പുറത്തായി. ആദ്യം കൊല്ലം ഡിഎംഒ ഓഫീസിൽ നിന്ന് പുറത്തുവിട്ട സമ്പർക്ക പട്ടികയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും , അവിടെനിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും രോഗി എത്തി എന്നായിരുന്നു സൂചിപ്പിച്ചിരുന്നത്. എന്നാൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗി പോയിട്ടേയില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗി സ്വന്തം കാറിൽ പോയത്. രോഗി വാനര വസൂരി ആണെന്ന് സംശയം ഉന്നയിച്ചിട്ടും ഒരു സുരക്ഷയും ഇല്ലാതെയാണ് രോഗിയെ മെഡിക്കൽ കോളേജിലേക്ക് അയച്ചത്. സ്വകാര്യ ആശുപത്രി വിവരങ്ങൾ അറിയിച്ചില്ല എന്നാണ് കൊല്ലം ഡിഎംഒയുടെ വാദം. എന്നാൽ ആരോപണങ്ങൾ സ്വകാര്യ ആശുപത്രി അധികൃതർ നിഷേധിച്ചു. ഡിഎംഒയെ വിവരം അറിയിച്ചില്ല എന്ന പരാതിക്ക് ഡെപ്യൂട്ടി ഡിഎംഒയെ വിവരം അറിയിച്ചിരുന്നു എന്നാണ് ആശുപത്രി നല്‍കുന്ന മറുപടി. കൂടുതല്‍ സമ്പര്‍ക്കമൊഴിവാക്കാനാണ് സ്വന്തം വാഹനത്തില്‍പോകാന്‍അനുവദിച്ചത് എന്ന ന്യായവും ഇവര്‍പറയുന്നു.

രോഗി ഉപയോഗിച്ച ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ അടക്കം രോഗിയുടെ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.

അതിനിടെ മങ്കിപോക്സ് വിവരങ്ങൾ വിശദീകരിക്കാൻ കളക്ടർ നടത്തിയ വാർത്താസമ്മേളനം പ്രസിദ്ധീകരിക്കരുതെന്ന വിചിത്രവാദവും പിന്നാലെ എത്തി. ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ പുറത്തുവന്നതിന് പിന്നാലെയാണ് അറിയിപ്പെത്തിയത്.

Advertisement