ഗൂഗിൾ മാപ്പ് നോക്കി വന്ന കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ചു,പൊലീസുമായി കയ്യാങ്കളി,നാലുപേര്‍ പിടിയില്‍

Advertisement

ശാസ്താംകോട്ട: ഗൂഗിൾ മാപ്പ് നോക്കി വന്ന കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ചു.സംഭവം അറിഞ്ഞെത്തിയ പോലീസും അപകടത്തിൽ പെട്ടവരുമായുണ്ടായ സംഘർഷത്തിൽ എസ്.ഐ.ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.
ശൂരനാട് എസ്.ഐ. കൊച്ചു കോശി, എ.എസ്.ഐ. ഹർഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. സംഘർഷവുമായി ബന്ധപ്പെട്ട് നാലുപേരെ ശൂരനാട് പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ നീർക്കുന്നം വണ്ടാനം കൂവപ്പള്ളിൽ വീട്ടിൽ അജ്മൽ (30), കായംകുളം ചിറക്കടവ് പുളിമൂട്ടിൽ താജുദ്ദീൻ (62), മക്കളായ സിയാദ് (34), നിഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്.

ശൂരനാട് തെക്ക് പതാരം പാറയ്ക്കാട്ടുമൂല ജങ്ഷനിൽ വ്യാഴാഴ്ച രാത്രി 10.30-നാണ് സംഭവം. പോലീസ് പറയുന്നത്; തിരുവനന്തപുരത്തേക്ക് ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ പോയ കായംകുളം സ്വദേശികൾ സഞ്ചരിച്ച കാർ വഴിതെറ്റി പതാരം പുള്ളിക്കമുക്ക് -അരയാൽ മുക്ക് റോഡിൽ പാറയ്ക്കാട്ടുമൂല ജങ്ഷനിലെത്തി. ഇവിടെ വെച്ചാണ് കാർ ലോറിയുമായി കൂട്ടിമുട്ടിയത്. പരിക്കേറ്റ കാർ യാത്രികരെ നാട്ടുകാർ ചേർന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകടവിവരമറിഞ്ഞ് കായംകുളത്തു നിന്ന് രണ്ടുകാറുകളിലായി സ്ഥലത്തെത്തിയ കാർ യാത്രികരുടെ ബന്ധുക്കളോട് അപകടത്തെപ്പറ്റി പറയുന്നതിനിടെ പോലീസുമായി വാക്കുതർക്കം നടന്നു. തുടർന്ന് കാറിലെത്തിയ ബന്ധുക്കൾ പോലീസുകാരെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച നാട്ടുകാരെയും സംഘം കൈയേറ്റം ചെയ്തു. ശൂരനാട്ടുനിന്ന് കൂടുതൽ പോലീസെത്തിയാണ് പ്രതികളെ കീഴടക്കിയത്. നാട്ടുകാരായ നിരവധി പേർക്കും സംഘർഷത്തിൽ പരിക്കേറ്റു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തതായി ശൂരനാട് എസ്.ഐ. കെ.രാജൻ ബാബു പറഞ്ഞു

Advertisement