നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിച്ചുവാങ്ങിയതായി ആക്ഷേപം

Advertisement

ശൂരനാട്. നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിച്ചുവാങ്ങിയതായി ആക്ഷേപം. മാനസികസമ്മര്‍ദ്ദം മൂലം പരീക്ഷ നന്നായി എഴുതാന്‍കഴിയാതെപോയെന്നും അപമാനിതയായെന്നും ആരോപിച്ച് കുട്ടിയുടെ പിതാവ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരിക്കയാണ്.

ആയൂരിലെ പരീക്ഷാകേന്ദ്രത്തിലാണ് പരിശോധനാ ചുമതലയുണ്ടായിരുന്ന അധ്യാപിക അടിവസ്ത്രം ഊരിവാങ്ങിയത്.വസ്ത്രത്തില്‍ ലോഹക്‌ളിപ്പുകളും മറ്റുമുണ്ടാകരുത് എന്ന നിയമമാണ് ഇവര്‍ കൃത്യമായി നടപ്പാക്കിയത്. സ്‌കാന്‍ ചെയ്യുമ്പോള്‍ ലോഹക്‌ളിപ്പുകള്‍ ഉണ്ടെങ്കില്‍ ശബ്ദം കേള്‍ക്കും എന്നാല്‍ പാന്റിലെ സിപ്, ബ്രായുടെ ഹുക്ക് തുടങ്ങിയ കേസുകളില്‍ പരിശോധകര്‍ വിദ്യാര്‍ഥികളെ അനുവദിക്കാറാണ് പതിവെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ആയൂരിലെ ഈ കേന്ദ്രത്തിലെത്തിയ ധാരാളം വിദ്യാര്‍ഥികള്‍ക്ക് മോശം അനുഭവമാണുണ്ടായത്.

ശൂരനാട്ടെ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിച്ചുമാറ്റാതെ പരിശോധന അനുവദിക്കില്ലെന്ന് നിര്‍ബന്ധം പിടിക്കുകയും അപ്രകാരം കുട്ടി അനുസരിക്കുകയും ചെയ്തു. മാതാവിനെ ഗേറ്റില്‍ വിളിപ്പിച്ച് ഷാള്‍ വാങ്ങി. പ്രശ്നം അവിടെ തീര്‍ന്നു എന്നാണ് കരുതിയതെങ്കിലും അടിവസ്ത്രം അഴിച്ചുവാങ്ങി ഷാള്‍ നല്‍കുകയായിരുന്നു. കുട്ടി മാനസികമായി തളര്‍ന്നു. മടക്കയാത്രയില്‍ കാറില്‍ വച്ച് മാതാവിനോടാണ് കുട്ടി ഇക്കാര്യം പറയുന്നത്. പിന്നീട് രക്ഷിതാക്കള്‍ വിശദമായി കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവിച്ചത് വ്യക്തമായത്.

വനിതാ ഉദ്യോഗസ്ഥയാണ് കര്‍ശന നിലപാട് സ്വീകരിച്ചത്. നീറ്റ് പരീക്ഷ എഴുതണോ വസ്ത്രം ധരിക്കണോ എന്നാണ് ചോദിച്ചതെന്നും. കുട്ടികളുടെ അടിവസ്ത്രങ്ങള്‍ വാങ്ങി കൂട്ടിയിടുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. അന്വേഷണം നടക്കുകയാണഎന്ന് റൂറല്‍ എസ്പി കെ ജി രവി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി. കുട്ടിയുടെ മൊഴി എടുത്തശേഷം നടപടി സ്വീകരിക്കും.

Advertisement