നീറ്റ്‌ പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം,ആയൂരില്‍ കോളജില്‍ സംഘര്‍ഷം ലാത്തിചാര്‍ജ്ജ്

Advertisement

കൊല്ലം. ആയൂരിൽ നീറ്റ്‌ പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഇന്നും വ്യാപക പ്രതിഷേധം. പരീക്ഷാകേന്ദ്രത്തിനു മുന്നില്‍ ഇന്നു നിരവധി സംഘടനകളുടെ സമരം നടന്നു. കെഎസ്യു നടത്തിയ സമരത്തിനുനേരെ ലാത്തി ചാര്‍ജ്ജുണ്ടായി. ലാത്തിയടിയേറ്റ് നിരവധി വിദ്യാര്‍ഥികള്‍ക്കും വീക്ഷണം ലേഖകനും പരുക്കേറ്റു. കോളജിന്‍റെ ജാലകചില്ലുകള്‍ സമരക്കാര്‍ അടിച്ചു തകര്‍ത്തു.

കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു കേന്ദ്രത്തിന് കത്തയച്ചു. സംഭവത്തിൽ ദുഖമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. ആയൂരിലെ പരീക്ഷ കേന്ദ്രത്തിലേക്ക് വിവിധ സംഘടനകൾ മാർച്ച് നടത്തി നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളെ അപമാനിച്ച സംഭവം ഞെട്ടലുളവാക്കുന്നതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിവേണമെന്നും ആവശ്യപ്പെട്ടാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു കേന്ദ്രത്തിന് കത്തയച്ചത്. സംഭവം വിദ്യാർത്ഥികളുടെ മനോവീര്യം തകർത്തുവെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന് അയച്ച കത്തിലുണ്ട്‌. നടന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യമെന്നും ദുഃഖമുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

സംഭവം ദൗർഭാഗ്യകരമെന്ന് പറഞ്ഞ സിപിഐ നേതാവ് ആനിരാജ, കേരളത്തെയും കേരള സർക്കാറിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

സമാന അനുഭവമുള്ള മറ്റ് കുട്ടികളിൽ നിന്നും മൊഴിയെടുക്കുമെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലും പറഞ്ഞു.

സംഭവം നടന്ന ആയൂരിലെ കോളജിലേക്ക് വിവിധ സംഘടനകൾ മാർച്ചുമായെത്തി.
യൂത്ത് കോൺഗ്രസും AISFഉം എം സി റോഡ് ഉപരോധിച്ചു. എം.എസ്എഫ് മാർച്ചിൽ ഉന്തും തള്ളുമുണ്ടായി. മഹിളാ കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Advertisement